karanatakpoliticsamul-09

'ശുദ്ധമായ പാലിന്റെ പുതുമ ബെംഗളുരുവിലേക്ക് വരുന്നു'.. ഈ ഒറ്റ ട്വീറ്റേ അമൂല്‍ ചെയ്തുള്ളൂ. തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ കന്നഡ രാഷ്ട്രീയം കലങ്ങി മറിഞ്ഞു. ഭരണം പിടിച്ചേ വിശ്രമമുള്ളൂ എന്നുറപ്പിച്ച കോണ്‍ഗ്രസിന് കിട്ടിയ ബോണസായി ട്വീറ്റ് മാറി. സംസ്ഥാനത്തെ ക്ഷീര കര്‍ഷകരെ കുത്തുപാളയെടുപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ പിന്‍വാതില്‍ വഴി അമൂലിനെ കൊണ്ടുവരികയാണെന്ന് കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിക്കഴിഞ്ഞു. ജനതാദളും ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ക്ഷീര കര്‍ഷകരെ സംരക്ഷിക്കാന്‍ കന്നഡിഗ വാദം ഉയരാന്‍ തുടങ്ങി. കന്നഡക്കാരുടെ പാല്‍ നന്ദിനിയാണെന്നും നന്ദിനി മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്നും സ്വന്തം ക്ഷീരകര്‍ഷകരുടെ വളര്‍ച്ചയില്‍ പങ്കാളിയാകുന്നതില്‍ നിറഞ്ഞ സന്തോഷമുണ്ടെന്നും ഹോട്ടലുടമകളുടെ അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

 

കര്‍ണാടക മില്‍ക് ഫെഡറേഷനാണ് 'നന്ദിനി' എന്ന ബ്രാന്‍ഡില്‍ പാല്‍ വിപണിയിലെത്തിക്കുന്നത്. കെഎംഎഫിനെ അമൂലുമായി ലയിപ്പിക്കാനാണ് ബിജെപിയുടെ രഹസ്യ നീക്കമെന്നും സംസ്ഥാനത്തിന്റെ ബ്രാന്‍ഡിനെ തകര്‍ക്കുകയാണെന്നും കോണ്‍ഗ്രസും ജനതാദളും ആരോപണം ശക്തമാക്കിയിട്ടുണ്ട്. ഗുജറാത്തുകാരനായ കേന്ദ്ര സഹകരണമന്ത്രി, സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ അമൂലിനായി നടത്തുന്ന രഹസ്യനീക്കമാണിതെന്ന ആരോപണവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നു.കര്‍ണാടക വിപണിയില്‍ അമൂല്‍ വേണമോ എന്നതില്‍ ജനഹിത പരിശോധന നടത്താന്‍ അമിത്ഷാ തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടുകഴിഞ്ഞു. 

 

കര്‍ണാടക വിപണിയിലേക്ക് എത്തുകയാണെന്ന് അമൂല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 'ഗോ ബാക്ക് അമൂല്‍', 'സേവ് നന്ദിനി' തുടങ്ങിയ ഹാഷ്​ ടാഗുകളും ട്വിറ്ററിലടക്കം ട്രെന്‍ഡിങാണ്. നന്ദിനി കന്നഡിഗന്റെ അഭിമാനമാണെന്നും അമൂലിന്റെ പാലും പാലുല്‍പ്പന്നങ്ങളും വാങ്ങില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ ജനങ്ങളോട് ആഹ്വാനം ചെയ്തു. 

 

വോട്ടാകുമോ 'കന്നഡിഗ' വികാരം? 

 

തൈരിന്റെ പാക്കറ്റിന് പുറത്ത് 'ദഹി' എന്ന് ഹിന്ദിയില്‍ രേഖപ്പെടുത്തണമെന്ന കേന്ദ്ര ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്‍ദേശത്തിനെതിരെ ഉയര്‍ന്ന അലയൊലികള്‍ തമിഴ്നാട്ടിലും കര്‍ണാടകയിലും അടങ്ങുന്നതിന് മുന്‍പാണ് അമൂലിന്റെ വരവെന്നതും ശ്രദ്ധേയമാണ്. കടുത്ത പ്രതിഷേധത്തിന് മുന്നില്‍ എഫ്.എസ്.എസ്.എ.ഐയുടെ നിര്‍ദേശം പിന്‍വലിക്കപ്പെടുകയായിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ ആ നീക്കം പോലെ തന്നെ ഇതിനെയും കരുതിയിരിക്കണമെന്നാണ് സിദ്ധരാമയ്യയുടെ വാദം. ഭാഷയിലും അതിര്‍ത്തി മാറ്റിയെടുക്കുന്നതിലൂടെ ഭൂമിയിലും കടന്നുകയറ്റം നടത്താന്‍ ശ്രമിക്കുന്ന ബിജെപി ഇപ്പോള്‍ ക്ഷീരകര്‍ഷകരെയാണ് ഉന്നമിട്ടിരിക്കുന്നതെന്ന സിദ്ധരാമയ്യയുടെ വാക്കുകള്‍ വൈകാരികമായാണ് കന്നഡിഗരേറ്റെടുത്തിരിക്കുന്നത്. അമൂലിന്റെ ആവശ്യം കന്നഡ മണ്ണില്‍ ഇല്ലെന്നായിരുന്നു ഡികെ ശിവകുമാറിന്റെ വാക്കുകള്‍. 'നമ്മുടെ വെള്ളം, നമ്മുടെ പാല്‍, നമ്മുടെ മണ്ണ് ഇതാണ് കരുത്തെന്ന' ഡി.കെ യുടെ വാക്കുകള്‍ അണികള്‍ ഏറ്റെടുത്തുകഴിഞ്ഞു. കന്നഡ വികാരം ആളിക്കത്തിയാല്‍ കോണ്‍ഗ്രസിന് രാഷ്ട്രീയനേട്ടമാകുമെന്നതില്‍ തര്‍ക്കമില്ല. അമൂലിന്റെ വരവിനെതിരെ ജനതാദളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ അമൂല്‍ ബെംഗലുരുവിലേക്ക് എത്തുന്നതില്‍ ഒരു രാഷ്ട്രീയവുമില്ലെന്നും രാജ്യത്തെ ഒന്നാം നമ്പര്‍ ബ്രാന്‍ഡ് എന്നും നന്ദിനിയായിരിക്കുമെന്നെല്ലാം മുഖ്യമന്ത്രി പ്രതിരോധിക്കാന്‍ ശ്രമിച്ചത് എത്രത്തോളം ഫലമുണ്ടാക്കുമെന്നും അറിയാന്‍ തിരഞ്ഞെടുപ്പ് ഫലം വരെ കാക്കണം.

 

How Amul turned karnataka politics upside down