പ്രതീക്ഷ മുഴുവന്‍ ബെയിൽ; ആകാംഷയുടെ വെയില്‍സ്– യുഎസ്എ മത്സരം

വെയില്‍സ് – യുഎസ്എ മല്‍സരത്തോടെ ഗ്രൂപ്പ് ബിയിലെ ആദ്യറൗണ്ട് മല്‍സരങ്ങള്‍ക്ക് അവസാനമാകും. ഇതിഹാസതാരം ഗരത് ബെയിലാണ് വെയില്‍സിന്റെ പ്രതീക്ഷ മുഴുവന്‍. ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ അമേരിക്കയുടെ കരുത്താകാട്ടെ യൂറോപ്പിലെ മുന്‍നിരലീഗുകളില്‍ കളിക്കുന്ന യുവതാരങ്ങള്‍. രാത്രി 12.30നാണ് മല്‍സരം.

64 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍, പ്ലെ ഓഫ് കളിച്ച് ലോകകപ്പിനെത്തുന്ന വെയ്‍ല്‍സിന് എത്രത്തോളം മുന്നേറിയാലും നേട്ടമാണ്. ഗരത് ബെയില്‍ നേടുന്ന ഗോളുകളുടെ എണ്ണമനുസരിച്ചിരിക്കും വെയില്‍സിന്റെ കുതിപ്പ്. ഹാട്രിക് ഉള്‍പ്പടെ ആറുഗോളുകളാണ് യോഗ്യതാ റൗണ്ടില്‍ നേടിയത്. പ്ലേ ഓഫില്‍ ടീമിന്റെ മൂന്നുഗോളുകളും പിറന്നത് ഗരത് ബെയിലിന്റെ ബൂട്ടില്‍ നിന്ന്. ബെയില്‍ ടീമിന്റെ കരുത്താകുമ്പോള്‍ ബെയിലിനെ മാത്രമാശ്രയിക്കുന്നുവെന്നത് പ്രധാന ദൗര്‍ബല്യവുമാകുന്നു.   

1958 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനിലിലെത്തിയതാണ് റെഡ് ഡ്രാഗന്‍സിന്റെ ലോകകപ്പിലെ മികച്ച പ്രകടനം. നോക്കൗട്ടില്‍ പതിനേഴുകാരന്‍ പെലെ നേടിയ ഏകഗോളില്‍ വെയില്‍സ് ബ്രസീലിനോട് കീഴടങ്ങി. കഴിഞ്ഞ 10 മല്‍സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ അമേരിക്കയെത്തുന്നത്. യൂറോപ്യന്‍ ക്ലബുകള്‍ക്കായി കളിക്കുന്ന യുവതാരങ്ങളിലാണ് അമേരിക്കയുെട ലോകകപ്പ് സ്വപ്നങ്ങള്‍. മുന്നേറ്റത്തില്‍ പുലിസിച്ചിനൊപ്പം  ഡോര്‍ട്മുണ്ടിന്റെ ജിയോവാനി റെയ്നയും ലില്ല് താരം തിമോത്തി വിയയുമിറങ്ങും.  

യുവന്റ്സിന്റെ വെസ്റ്റ് മക്കെന്നി, ലീഡ്സ് യുണൈറ്റഡിന്റെ ടെയിലര്‍ ആഡംസ്,  ബ്രണ്ടന്‍ ആരണ്‍സന്‍, മിലാന്റെ സെര്‍ജിയോ ഡെസ്റ്റ് എന്നിവര്‍കൂടി ചേരുന്നതോടെ ആദ്യറൗണ്ടില്‍ പുറത്താകാന്‍ ലോകകപ്പിനെത്തുന്ന ടീമെന്ന ചീത്തപ്പേര് അമേരിക്കയ്ക്ക്  മാറിക്കിട്ടിയേക്കും.  24.5 ആണ് അമേരിക്കന്‍ ടീമിന്റെ ശരാശരി പ്രായം.