മിക്ക ഉത്പന്നങ്ങളെയും പോലെ കോണ്ടത്തിനും കാലാവധി (Expiry Date) ഉണ്ട്. പലരും ഇത് ശ്രദ്ധിക്കാതെ പോകാറുമുണ്ട്. കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിക്കുന്നത് വഴി ഗർഭധാരണം തടയുന്നതും രോഗപ്രതിരോധവും പരാജയപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ, ഓരോ തവണ കോണ്ടം ഉപയോഗിക്കുമ്പോഴും പാക്കറ്റിൽ രേഖപ്പെടുത്തിയ കാലാവധി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
കാലപ്പഴക്കത്തെ തുടര്‍ന്ന് കോണ്ടം നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രധാന വസ്തുക്കളായ റബറും, പോളിയൂറിത്തേനും ദുർബലമാവുകയും അതിന്‍റെ സ്വാഭാവികമായ വഴക്കം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് കോണ്ടം പെട്ടെന്ന് കീറിപ്പോകാനുള്ള സാധ്യത വർദ്ധിപ്പിക്കും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത്, ഉയർന്ന ഘർഷണം കാരണം ഉറ പൊട്ടിപ്പോകുകയും ചെയ്യാം. ഇത് ഒരുവശത്ത് അനാവശ്യ ഗർഭധാരണത്തിന് വഴിയൊരുക്കുമ്പോൾ, മറുവശത്ത് എച്ച്ഐവി, ഗൊണോറിയ, സിഫിലിസ് തുടങ്ങിയ ലൈംഗിക രോഗങ്ങൾ (STDs) പങ്കാളിയിലേക്ക് പകരാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു.
കാലാവധി കഴിഞ്ഞ കോണ്ടത്തിൽ കണ്ണുകൊണ്ട് കാണാൻ കഴിയാത്തത്ര ചെറിയ സുഷിരങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പുറമേ നിന്ന് നോക്കുമ്പോൾ കുഴപ്പമില്ലെന്ന് തോന്നിയാലും ഈ സുഷിരങ്ങളിലൂടെ ശുക്ലം പുറത്തേക്ക് ഒലിച്ചിറങ്ങാം. ഇത് ഗർഭനിരോധനത്തിന്‍റെ സാധ്യത കുറയ്ക്കുന്നു. വാങ്ങി വച്ച കോണ്ടും സൂക്ഷിക്കുന്നതും ശ്രദ്ധയോടെ വേണം. തണുത്തതും എന്നാല്‍ ഈർപ്പമില്ലാത്തതുമായ സ്ഥലത്ത്, സൂര്യപ്രകാശമേൽക്കാതെ വേണം കോണ്ടം സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കാലാവധി തീർന്നതോ കേടുപാടുകൾ സംഭവിച്ചതോ ആയ കോണ്ടം ഒരു കാരണവശാലും ഉപയോഗിക്കരുത്. ലൈംഗിക സുരക്ഷ ഉറപ്പാക്കാൻ, എല്ലായ്പ്പോഴും പുതിയതും ശരിയായ രീതിയിൽ സൂക്ഷിച്ചതുമായ കോണ്ടം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.