AI Image
ഡിജിറ്റൽ യുഗത്തിൽ പാരന്‍റിങ് സവിശേഷമായ വെല്ലുവിളികൾ നിറഞ്ഞതാണ്. അടുത്തിടെ ടെലിവിഷന്‍ താരം ഗൗതമി കപൂർ മകൾ സിയയുമായുള്ള സംഭാഷണങ്ങളോടുള്ള തന്റെ സമീപനം പൊതുസമൂഹത്തോട് പങ്കുവെച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ‘എന്റെ മകൾക്ക് 16 വയസ്സ് തികഞ്ഞപ്പോൾ, അവൾക്ക് എന്ത് സമ്മാനിക്കണമെന്ന് ഞാൻ ചിന്തിച്ചു, ഒരു സെക്‌സ് ടോയ് അല്ലെങ്കിൽ വൈബ്രേറ്റർ സമ്മാനിക്കണോ എന്ന് ഞാൻ ചിന്തിച്ചു’ എന്നായിരുന്നു ഒരു പോഡ്കാസ്റ്റില്‍ നടി തന്‍റെ രക്ഷാകര്‍ത്തൃശൈലി വെളിപ്പെടുത്തി സംസാരിച്ചത്. സോഷ്യല്‍മീഡിയയില്‍ ഇത് ചെറുതല്ലാത്ത പൊട്ടിത്തെറികള്‍ക്ക് കാരണമായെങ്കിലും ചിലരെങ്കിലും ഇതിനെ പുരോഗമനപരമെന്നും അഭിപ്രായം പ്രകടിപ്പിച്ചു. പലചരക്ക് സാധനങ്ങള്‍ പോലെ എളുപ്പത്തില്‍ സെക്സ് ടോയ്സ് ലഭ്യമാകുന്ന ഈ കാലത്ത് കൗമാരക്കാരെ ഇത്തര കാര്യങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തണോ അതോ വീട്ടിലെ സംഭാഷങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തണോ എന്നതില്‍ പല മാതാപിതാക്കള്‍ക്കും ആശയക്കുഴപ്പങ്ങളുണ്ടാകാം.
ലൈംഗികതയെക്കുറിച്ചുള്ള സംസാരം ഏത് പ്രായത്തില്‍?
മാറിയ കാലത്ത് നേരത്തെയുള്ള പ്രായപൂർത്തിയാകൽ ആരംഭിക്കുന്നതിനാൽ തന്നെ ലൈംഗിക ആരോഗ്യത്തെയും ശുചിത്വത്തെയും കുറിച്ചുള്ള തുറന്ന സംഭാഷണങ്ങള്‍ ആരംഭിക്കാന്‍ 16 വയസ്സ് ഉചിതമായ പ്രായമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രായത്തിനനുസരിച്ച് ഘട്ടംഘട്ടമായി ഇത്തരം കാര്യങ്ങള്‍ മാതാപിതാക്കള്‍ക്ക് കുട്ടികളുമായി സംസാരിച്ചുതുടങ്ങാം. ആറ് വയസുവരെയുള്ള പ്രായത്തില്‍ ശരീരത്തിന്‍റെ അതിരുകളെക്കുറിച്ച് പറഞ്ഞുകൊടുക്കാം. കൗമാരത്തിലേക്ക് കടക്കുമ്പോള്‍
ആര്‍ത്തവം, സമ്മതം, ബന്ധങ്ങൾ, വൈകാരിക ക്ഷേമം, ഒടുവിൽ കൗമാരത്തിലെ ബന്ധങ്ങള്‍, സുരക്ഷിതമായ ലൈംഗിക രീതികൾ തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന സംഭാഷണങ്ങൾ ആകാം. ഇവ ഒറ്റത്തവണ ചർച്ചകളേക്കാൾ തുടർച്ചയായ സംഭാഷണങ്ങളായി മാറ്റണെന്നാണ് സെക്സോളജിസ്റ്റുകള്‍ പറയുന്നത്. തുറന്ന മനസ്സോടെയും ലജ്ജയില്ലാതെയും സമീപിക്കുമ്പോൾ, കുട്ടികൾക്ക് ചോദ്യങ്ങൾ ചോദിക്കാനും അവരുടെ ശരീരത്തെക്കുറിച്ച് ആരോഗ്യകരമായ ധാരണ വളർത്തിയെടുക്കാനും സാധിക്കും.
സ്വയം പര്യവേക്ഷണങ്ങളും ലൈംഗികതയെക്കുറിച്ചുള്ള ബോധ്യങ്ങളുമൊക്കെ വ്യക്തിത്വ വികസനത്തിന്റെ ഭാഗമാണ്, സുരക്ഷ, ബഹുമാനം, വൈകാരിക പക്വത എന്നിവയുടെ പശ്ചാത്തലത്തിൽ അവ രൂപപ്പെടുത്തുന്നത് കൗമാരക്കാരെ ഇത്തരം കാര്യങ്ങളില്‍ ആത്മവിശ്വാസത്തോടെ സഞ്ചരിക്കാൻ സഹായിക്കും.
അതേസമയം കപൂറിന്‍റെ പ്രസ്താവനയെ അതിരുകടന്നതായി തള്ളിക്കളയുംമുന്‍പ് പല ആപ്പുകളിലും സെക്സ് ടോയ്സ് കയ്യെത്തും ദൂരത്താണന്ന യാഥാര്‍ഥ്യവും മാറ്റിനിര്‍ത്താനാകില്ല. കൗമാരക്കാര്‍ക്ക് ഇത്തരം സാധ്യതകള്‍ അടച്ചിട്ട വാതിലുകള്‍ക്കുള്ളിലല്ല. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളില്‍ മാതാപിതാക്കള്‍ നേരത്തെ തന്നെ ഇടപെടേണ്ടത് പുതിയ കാലത്തിന്‍റെ ആവശ്യമാണ്. അല്ലെങ്കില്‍ പ്രായത്തിന്‍റെ ജിജ്ഞാസകള്‍ കുട്ടികളെ തെറ്റായ വഴികളിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്.
നിയമപരമായ ഗ്രേ സോൺ
പക്ഷേ ഇവിടെ ചില വെല്ലുവിളികളുണ്ട്. ഭാരതീയ ന്യായ സംഹിത, 2023 പ്രകാരം, സെക്ഷൻ 295 18 വയസ്സിന് താഴെയുള്ള ആർക്കും അശ്ലീല വസ്തുക്കളുടെ വിൽപ്പന, വിതരണം അല്ലെങ്കിൽ പ്രദർശനം നിരോധിച്ചിരിക്കുന്നു. ലൈംഗിക കളിപ്പാട്ടങ്ങളെക്കുറിച്ച് വ്യക്തമായി പരാമർശിച്ചിട്ടില്ലെങ്കിലും, ഇന്ത്യൻ കോടതികൾ പലപ്പോഴും ലൈംഗികതയെക്കുറിച്ച് ഇപ്പോഴും യാഥാസ്ഥിതിക വീക്ഷണമാണ് സ്വീകരിക്കാറുള്ളത്. നല്ല ഉദ്ദേശ്യത്തോടെ പോലും ഒരു രക്ഷിതാവ് പ്രായപൂർത്തിയാകാത്ത ഒരാൾക്ക് ലൈംഗിക കളിപ്പാട്ടം പരിചയപ്പെടുത്തുന്നത് സാങ്കേതികമായി ഈ നിയമത്തിന് എതിരാകാനും ഇടയുണ്ട്. അതേസമയം ലൈംഗിക കളിപ്പാട്ടങ്ങളെക്കുറിച്ചുള്ള ഒരു സംഭാഷണം ലൈംഗിക പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചല്ല ഒരു കുട്ടിക്ക് ലജ്ജയില്ലാതെ സ്വന്തം ശരീരം ചോദിക്കാനും പഠിക്കാനും മനസ്സിലാക്കാനും സുരക്ഷിതത്വം തോന്നുന്ന ഒരു ഇടം സൃഷ്ടിക്കുന്നതിന് സഹായിക്കുമെന്ന വാദവും വിദഗ്ധരുടെ ഇടയിലുണ്ട്. അറിവില്ലാതെ ചെയ്യുന്ന ചില പരീക്ഷണങ്ങള്‍ പല അപകടങ്ങളിലേക്കും കൗമാരക്കാരെ തള്ളിവിട്ടേക്കാമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ വൈകാരിക അടുപ്പം, ശാരീരിക മാറ്റങ്ങള്‍, ഡിജിറ്റൽ സുരക്ഷ എന്നിവയിലായിരിക്കണം കൗമാരക്കാരുടെ മാതാപിതാക്കള്‍ ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും വളരെ നേരത്തെ തന്നെ ലൈംഗിക കളിപ്പാട്ടങ്ങൾ അവതരിപ്പിക്കുന്നത് എല്ലാം ലൈംഗികതയിലേക്ക് ചുരുക്കാൻ സാധ്യതയുണ്ടെന്നുമുള്ള മറുവാദങ്ങളുമുണ്ട്.
എന്താണ് സുരക്ഷിതമായ ഒരു ബദൽ?
ലൈംഗിക കളിപ്പാട്ടങ്ങൾ സെക്സിനെക്കുറിച്ചുള്ള ജിജ്ഞാസകളുടെ ആദ്യകാല അപകടസാധ്യതകളില്‍ സുരക്ഷിതമായ ഒരു മാർഗമാണെന്ന അഭിപ്രായം പല സെക്സോളജിസ്റ്റുകള്‍ക്കുണ്ട്. സുരക്ഷിതമല്ലാത്ത ലൈംഗികതയ്ക്കും സ്വകാര്യ പര്യവേക്ഷണങ്ങള്‍ക്കും ഇടയിലുള്ള ഒരു തിരഞ്ഞെടുപ്പാണെങ്കിൽ അപകടസാധ്യത കുറഞ്ഞവ സെക്സ് ടോയ്സ് തന്നെയെന്ന് വിദഗ്ധര്‍ സമ്മതിക്കുന്നു.
ഏതായാലും മാതാപിതാക്കള്‍ തങ്ങളുടെ കൗമാരക്കാരെ ലൈംഗിക കളിപ്പാട്ടങ്ങള്‍ പരിചയപ്പെടുത്തണോ എന്നതിനേക്കാള്‍ പ്രധാനം അവരോട് ഭയമോ ലജ്ജയോ ഇല്ലാതെ ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കാൻ തയ്യാറാണോ എന്നത് തന്നെയാണ്. ചുരുങ്ങിയത് കുട്ടികളുടെ അനിവാര്യമായ ജിജ്ഞാസകളെ ദേഷ്യപ്പെടാതെയും നിശബ്ദരാക്കാതെയും ആരോഗ്യകരമായ ലൈംഗിക ജീവിതത്തിലേക്കുള്ള വഴികാട്ടികളാവുക എന്നത് വലിയ ഉത്തരവാദിത്വമാണ്.