പരിചയം ഇല്ലാത്ത സ്ത്രീകളുമായും മറ്റും അനാവശ്യമായ ചാറ്റ് ഉണ്ടാകുന്നതിന്റെ കാരണം വ്യക്തമാക്കി ബ്ലോ​ഗർ നസീർ ഹുസൈൻ കിഴക്കേടത്ത്.   കോൺ​ഗ്രസ് നേതാവും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തുടർച്ചയായി ലൈം​ഗിക ആരോപണങ്ങൾ വന്ന പശ്ചാത്തലത്തിലാണ് Compulsive sexual behavior disorder എന്ന രോ​ഗാവസ്ഥയെപ്പറ്റി അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റുമായെത്തിയത്.   ചികിത്സ എത്ര നേരത്തെ തുടങ്ങുന്നൂ എന്നത് അനുസരിച്ച് ഇതിൽ നിന്ന് മോചനം ലഭിക്കും. മദ്യപാനം പോലെ, ഗാംബ്ലിങ് പോലെ ഒരു രോഗമാണിത്. മറ്റൊരു വ്യക്തി കൂടി ഉൾപ്പെട്ടതിനാൽ കൂടുതൽ ഗൗരവമുള്ളതാണിത്. ഈ രോഗത്തെ കുറിച്ച് സാമൂഹിക അവബോധം ഉണ്ടാക്കുന്നത്, ഭാവിയിൽ നമ്മുടെ നാട്ടിൽ കൂടുതൽ ആളുകൾക്ക് രാഷ്ട്രീയമായോ സാമൂഹികമായോ അധികാരത്തിൽ ഇരിക്കുന്നവരിൽ നിന്നുള്ള പീഡനങ്ങൾ ഒഴിവാക്കാൻ ഉപകാരം ആയേക്കുമെന്ന് അദ്ദേഹം കുറിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് പറയാതെ പരോക്ഷമായാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിപ്പിട്ടിരിക്കുന്നത്. 

Compulsive sexual behavior disorder എന്നൊരു രോഗമുണ്ട്. സാധാരണ ഗതിയിൽ സെക്സ് നല്ലൊരു കാര്യം ആണെങ്കിലും 24 മണിക്കൂറം അതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയും, സന്ദർഭം നോക്കാതെ പങ്കാളികളെ തിരയുകയും, നമുക്ക് തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ മറ്റുള്ളവരോട് ലൈംഗികപരമായ കാര്യങ്ങൾ പറയുകയും ചെയ്യുകയും ചെയ്യുന്നതുമൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. 

മദ്യം അഡിക്ഷൻ ആകുന്നത് പോലെ സെക്‌സിന് അഡിക്റ്റ് ആകുന്നത് ചികിത്സ വേണ്ട ഒരു രോഗമാണ്. ഓരോ അഞ്ചുമിനിറ്റിലും  ഫോൺ ചെക്ക് ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഈ അഡിക്ഷൻ എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്ന് നിങ്ങൾക്കും ഒരു പക്ഷെ മനസിലാകും. ഫോൺ ചെക്ക് ചെയ്തില്ലെങ്കിൽ എന്തോ നഷ്ടബോധം (FOMO) തോന്നുന്ന പോലെയാണ് CSBD ഉള്ളവരിൽ സെക്സുമായി ബന്ധപെട്ട എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഉണ്ടാകുന്ന മാനസികാവസ്ഥ. ഫോണിന്റെ കാര്യത്തിൽ അത് നമ്മളെ മാത്രം ബാധിക്കുന്ന കാര്യമാണെങ്കിൽ , മേല്പറഞ്ഞ മാനസിക വൈകല്യത്തിന്റെ കാര്യത്തിൽ അത് മറ്റുള്ളവരെ കൂടി പ്രശ്നത്തിലാക്കും. അമേരിക്കയിൽ, 10% പുരുഷന്മാരും 7% സ്ത്രീകളും ഈ രീതിയിലുള്ള മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായി ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

നമ്മളിൽ പലരും പോൺ കാണുന്ന ആളുകളാണ്. പക്ഷെ നമുക്ക് തന്നെ നിയന്ത്രിക്കാൻ കഴിയാതെ പോൺ കാണുന്ന, അതുകൊണ്ട് ജീവിതം തകരുന്ന അവസ്ഥ വരുമ്പോഴാണ് ഇതിനെ രോഗമായി കണക്കാക്കുന്നതും Compulsive എന്ന് വിളിക്കുന്നതും. ഇതിനെ ഒരു രോഗമായി കണക്കാക്കാൻ കാരണം ഇത്തരക്കാരിൽ തലച്ചോറിൽ കാണുന്ന മാറ്റമാണ്. 

സാധാരണ ആളുകളുടെ കാര്യത്തിൽ തലച്ചോറിലെ, reasoning, problem-solving, and social behavior എന്നെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഫ്രോണ്ടൽ കോർടെക്സ് നമ്മുടെ ജീവിതം താറുമാറാക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് നമ്മളെ തടയും. എന്നാൽ മേല്പറഞ്ഞ രോഗം ഉള്ളവരുടെ കാര്യത്തിൽ അവരുടെ സന്തോഷവും വൈകാരിക ഓർമകളും കൈകാര്യം ചെയ്യുന്ന  അമിഗ്ദല വലുതായിരിക്കുകയും, അമിഗ്ദലയും ഫ്രോണ്ടൽ കോർടെക്സിലേക്കുള്ള നാഡീ ബന്ധങ്ങൾ കുറഞ്ഞും ഇരിക്കും. അതുകൊണ്ട് തന്നെ വൈകാരികമായി നമുക്ക് ചെയ്യാൻ തോന്നുന്ന കാര്യങ്ങൾ വ്യക്തിപരമായോ സാമൂഹികമായോ മോശമാണെങ്കിൽ കൂടി ആളുകൾ അതുമായി മുന്നോട്ട് പോകുന്നത്. പരിചയം ഇല്ലാത്ത സ്ത്രീകളുമായും മറ്റും അനാവശ്യമായ ചാറ്റ് ഉണ്ടാകുന്നതിന്റെ കാരണം ഇതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Compulsive sexual behavior disorder (CSBD) is a condition needing treatment just like any other addiction. This condition can lead to problematic behavior and negative consequences impacting both the individual and others, emphasizing the importance of awareness and potential treatment options.