Image: X
ബ്രസീലിലെ ഒരു നവജാത ശിശുവിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. അതിനൊരു കാരണവുമുണ്ട്, ഫോട്ടോയില്‍ കുഞ്ഞിന്‍റെ കയ്യില്‍ ഒരു വസ്തു കൂടിയുണ്ട് . ഗര്‍ഭധാരണം തടയാന്‍ വേണ്ടി കുഞ്ഞിന്‍റെ മാതാവ് ഉപയോഗിച്ച കോപ്പര്‍ ടി. പ്രസവത്തോടൊപ്പം കോപ്പര്‍ ടിയും പുറത്തേക്ക് വരികയായിരുന്നു. പിന്നാലെ ആ കൊച്ചുമിടുക്കന് വിജയ ട്രോഫിയെന്നോണ ഡോക്ടര്‍ കോപ്പര്‍ ടിയെടുത്തു കയ്യില്‍വച്ചു കൊടുത്തു. ചിത്രം ഹിറ്റായി. കോപ്പര്‍ ടി ഉപയോഗിക്കുന്ന സ്ത്രീകള്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത 1% മാത്രമായിരിക്കെ ഈ കുഞ്ഞിന്‍റെ ജനനം അപൂർവ്വങ്ങളിൽ അപൂർവ്വമായാണ് കണക്കാക്കുന്നത്.
ഗോയിയാസിലെ നെറോപോളിസിലെ സാഗ്രാഡോ കൊറാക്സോ ഡി ജീസസ് ആശുപത്രിയിലാണ് സംഭവം. കുഞ്ഞിന്‍റെ അമ്മ ക്വിഡി അറൗജോ ഡി ഒലിവേര ഏകദേശം രണ്ട് വർഷത്തോളമായി ഗര്‍ഭധാരണം തടയാനായി കോപ്പര്‍ ടി ഉപയോഗിത്തുന്നുണ്ട്. എന്നാല്‍ അടുത്തിടെ പതിവ് പരിശോധനയിലാണ് കോയില്‍ ശരീരത്തില്‍ ഉണ്ടായിട്ടും താൻ ഗർഭിണിയായതായി യുവതി മനസിലാക്കിയത്. കോപ്പര്‍ ടി അതേ സ്ഥാനത്ത് തന്നെ തുടരുന്നതിനാല്‍ നീക്കം ചെയ്യുന്നത് ഗർഭധാരണത്തെ അപകടത്തിലാക്കുമെന്ന് മനസിലാക്കിയ ഡോക്ടർമാർ അത് നീക്കം ചെയ്തില്ല.
കോപ്പര്‍ ടി ഗര്‍ഭാശയത്തിലുള്ളത് കാരണം ചെറിയ ബുദ്ധിമുട്ടുകളൊന്നുമല്ല യുവതിക്ക് നേരിടേണ്ടി വന്നത്. രക്തസ്രാവവും പ്ലാസൻ്റൽ അബ്രപ്ഷനുമെല്ലാം പ്രസവത്തിന് വെല്ലുവിളികളായിരുന്നു. എന്നാല്‍ പ്രസവത്തില്‍ കുഞ്ഞിനൊപ്പം ഗര്‍ഭാശയത്തില്‍ നിക്ഷേപിച്ച കോപ്പര്‍ ടി കൂടി പുറത്തുവന്നു. ഡെലിവറി റൂമിൽ നിന്ന് എടുത്ത ചിത്രങ്ങളില്‍ കോപ്പര്‍ ടിയുമായി കുഞ്ഞ് നില്‍ക്കുന്നത് കാണാം. യുവതിയെ പരിചരിച്ച ഡോക്ടറാണ് കുഞ്ഞിന്‍റെ കൈയ്യില്‍ കോപ്പര്‍ ടി വച്ചുകൊടുത്തത്. അദ്ദേഹം തന്നെയാണ് ചിത്രങ്ങള്‍ പങ്കിട്ടതും. ‘എന്നെ നശിപ്പിക്കാന്‍ കഴിയാത്ത ഐയുഡി! എന്‍റെ വിജയ ട്രോഫി’ എന്ന് കുറിച്ചാണ് അദ്ദേഹം ഫോട്ടോ പങ്കിട്ടത്. മാത്യൂസ് ഗബ്രിയേൽ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ALSO READ: ലൈംഗിക സംതൃപ്തിയില്ല; ഗർഭനിരോധന മാര്‍ഗങ്ങള്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു ...
എന്താണ് കോപ്പര്‍ ടി?
ദീർഘകാല ഗർഭനിരോധനത്തിനായി ഉപയോഗിക്കുന്ന ഇൻട്രാ യൂട്ടറൈൻ ഉപകരണമാണ് (IUD) കോപ്പര്‍ ടി. ചെറിയ, ടി ആകൃതിയിലുള്ള ഈ ഉപകരണം ഗര്‍ഭാശയത്തിലാണ് ഘടിപ്പിക്കുന്നത്. ഇത് ചെമ്പിൻ്റെ അയോണുകൾ പുറത്തുവിട്ട് ബീജങ്ങളെ നശിപ്പിക്കുകയോ ചലിപ്പിക്കാതിരിക്കുകയോ ചെയ്യുകയും അതുവഴി ഗർഭധാരണം തടയുകയും ചെയ്യുന്നു. ഗർഭധാരണം തടയുന്നതിൽ കോപ്പര്‍ ടി 99 ശതമാനത്തിലധികം ഫലപ്രദമാണെന്നാണ് കണക്കാക്കപ്പെടുന്നത്. അഞ്ച് മുതൽ പത്ത് വർഷം വരെ ഇവ ഫലപ്രദമായിരിക്കും.