Ai Generated Image
മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ അഴുക്ക് അടിഞ്ഞുകൂടുന്നത് എവിടെയെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുളളു 'പൊക്കിള്‍'. നമ്മളൊട്ടും ശ്രദ്ധിക്കാതെ പോകുന്ന ഈ ശരീരഭാഗത്തില്‍ 67 ഇനത്തില്‍ പരം ബാക്ടീരിയകള്‍ കടന്നുകൂടാന്‍ സാധ്യതുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ബാക്ടീരിയകളുടെ പ്രജനനകേന്ദ്രം കൂടിയാണ് പൊക്കിള്‍. ഇവിടെ അഴുക്ക് അടിഞ്ഞുകൂടിയാല്‍ അത് ഗുരുതര ആരോഗ്യപ്രശ്നനങ്ങള്‍ക്ക് വരെ കാരണമായേക്കാമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.
എണ്ണ, വിയർപ്പ്, ചര്‍മത്തിലെ മൃതകോശങ്ങള്‍, തുണിനാരുകള്‍ എന്നിവയെല്ലാം അടിഞ്ഞുകൂടുന്ന ഇടംകൂടിയാണ് പൊക്കിള്‍. സാധാരണയായി രണ്ടുതരത്തിലാണ് പൊക്കിള്‍ കാണപ്പെടുന്നത്. പുറത്തേക്ക് തളളിനില്‍ക്കുന്നതും അകത്തേയ്ക്ക് ഉള്‍വലിഞ്ഞുനില്‍ക്കുന്നതുമായ പൊക്കിള്‍. ഇവയില്‍ അകത്തേയ്ക്ക് ഉള്‍വലിഞ്ഞുനില്‍ക്കുന്ന പൊക്കിളിലാണ് താരതമ്യേന അഴുക്ക് അടിഞ്ഞുകൂടാന്‍ സാധ്യത ഏറെയുളളത്. അഴുക്ക് അമിതമായി അടിഞ്ഞുകൂടുന്നതോടെ പൊക്കിളില്‍ ബാക്ടീരിയകളും ഫംഗസുകളും വളരാന്‍ ആരംഭിക്കും. പൊക്കിള്‍ കൃത്യമായി വൃത്തിയാക്കാത്തവരില്‍ ഇ കോളി അടക്കം മറ്റു ബാക്ടീരിയകള്‍ വളരുന്നതോടെ അണുബാധയേല്‍ക്കാനിടയുണ്ട്. കൂടാതെ സെബേഷ്യസ് സിസ്റ്റുകളോ യീസ്റ്റ് ഇൻഫക്ഷനോ വരാനും സാധ്യതയുണ്ട്.
നേവല്‍ പിയേഴ്സിങ് ചെയ്യുന്നവരും പൊക്കിളിന്‍റെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. അമിതമായി വിയര്‍പ്പും ഈര്‍പ്പവുമെല്ലാം തങ്ങിനില്‍ക്കുന്നത് ഈസ്റ്റ് ഇന്‍ഫെക്ഷനു കാരണമായേക്കാം. ഓംഫാലിറ്റിസ് പോലുളള നാഭിക്കല്ലുകള്‍ പൊക്കിളില്‍ രൂപപ്പെടുന്നതും വൃത്തിയില്ലായ്മയുടെ ലക്ഷണമാണ്. പൊക്കിളില്‍ അമിതമായി അഴുക്ക് അടിയുന്നത് വഴി കട്ടി കൂടിയ കല്ല് പോലെയുള്ള വസ്തു രൂപപ്പെടും ഇതിനെയാണ് നാഭിക്കല്ല് അഥവാ ഓംഫാലിറ്റിസ് എന്നുവിളിക്കുന്നത്. ബാക്ടീരിയല്‍ ഈസ്റ്റ് ഇന്‍ഫെക്ഷന്‍ പിടിപെട്ടാല്‍ പൊക്കിളില്‍ നിന്നും ദുര്‍ഗന്ധവും വന്നേക്കാം. പൊക്കിളിൽ വീക്കമോ, ചുവപ്പു നിറമോ, വേദനയോ, സ്രവങ്ങളോ തുടർച്ചയായ ദുർഗന്ധമോ അനുഭവപ്പെട്ടാൽ അത് അണുബാധയുടെ ലക്ഷണമാണെന്ന് തിരിച്ചറിയുക. ഇത്തരം സാഹചര്യങ്ങളില്‍ ഉടന്‍ വൈദ്യസഹായം തേടുക.
പൊക്കിള്‍ വൃത്തിയാക്കാന്‍ വളരെ എളുപ്പമാണ്. ഒരു കോട്ടന്‍ സ്വാബോ ചെറിയ തുണിയോ തന്നെ ധാരാളം. ചെറിയ ചൂടുവെളളത്തില്‍ കോട്ടൺ സ്വാബോ ചെറിയ തുണിയോ മുക്കിപ്പിഴിഞ്ഞ ശേഷം പൊക്കിള്‍ വൃത്തിയാക്കുക. ശേഷം വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് പൊക്കിളിനകം കഴുകി വൃത്തിയാക്കുക. ഇതിനെല്ലാം ശേഷം പൊക്കിളിലെ വെളളവും ഈര്‍പ്പവും ഒപ്പിക്കളയുക. പൊക്കിളില്‍ ഈര്‍പ്പം നില്‍ക്കുന്നത് ഫംഗസുകൾ വളരാനിടയാക്കും. അതിനാല്‍ പൊക്കിൾ നന്നായി ഉണങ്ങിയെന്നുറപ്പുവരുത്തണം. പുറത്തേയ്ക്ക് ഉന്തിനില്‍ക്കുന്ന പൊക്കിളാണെങ്കില്‍ വൃത്തിയാക്കാന്‍ ഇതിലും എളുപ്പമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി തിരുമി കഴുകിയാല്‍ മാത്രം മതി. ശേഷം ഈര്‍പ്പമില്ലാത്ത രീതിയില്‍ വെളളം തുടച്ചും ഒപ്പിയെടുത്തും കളയുക. ആഴ്ചയിൽ രണ്ടു തവണയെങ്കിലും പൊക്കിൾ കഴുകി വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.