A competitor prepares to go in front of judges at a casting call for the second season of the reality television programme "Dance Your Ass Off", during which overweight or obese contestants hope to lose weight by dancing, in New York December 18, 2009. REUTERS/Finbarr O'Reilly/File Photo
അമിതവണ്ണം മൂലം കഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. പലപ്പോഴും ആരോഗ്യത്തെ മാത്രമല്ല ആത്മവിശ്വാസത്തെ പോലും അമിതവണ്ണം പ്രതികൂലമായി ബാധിക്കും. ശരിയല്ലാത്ത ഭക്ഷണക്രമവും വ്യായമമില്ലാത്ത ദിനചര്യയും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത ജോലിയും ഹോര്‍മോണ്‍ വ്യതിയാനങ്ങളുമെല്ലാം അമിതവണ്ണത്തിന്‍റെ കാരണങ്ങളാണ്. എന്നാല്‍ എത്ര ശ്രമിച്ചാലും ചിലര്‍ക്ക് വണ്ണം നിയന്ത്രിക്കാന്‍ കഴിയാതെയും വരാം. ജീവിതചര്യയില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ അമിതവണ്ണത്തെയും ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെയും വരുതിയിലാക്കാന്‍ സഹായിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം.
ക്രമരഹിതമായ ഭക്ഷണക്രമം
ശാരീരികാരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യത്തിന്‍റെ കാര്യത്തിലും ഭക്ഷണക്രമത്തിന് അതിന്‍റേതായ പ്രധാന്യമുണ്ട്. ഭക്ഷണക്രമത്തില്‍ പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുക. പഴങ്ങളും ധാന്യങ്ങളുമെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ട്രാന്‍സ് ഫാറ്റ് ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നതും ശരീരഭാരം കുറക്കാന്‍ സഹായിക്കും. കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കേണ്ടതും ആവശ്യമാണ്. പലരും തിരക്കുപിടിച്ചുള്ള ജീവിതത്തിനിടയില്‍ രാവിലത്തെ ഭക്ഷണം ഒഴിവാക്കാറാണ് പതിവ്. എന്നാല്‍ ഇത് ശാരീരികാരോഗ്യത്തെ മോശമായി ബാധിക്കുന്ന ഒന്നാണ്. രാവിലെ കഴിക്കുന്ന ഭക്ഷണം ഒരു ദിവസത്തെ മൊത്തത്തതിലുള്ള മാനസിക ശാരീരികാരോഗ്യത്തില്‍ പ്രതിഫലിക്കും.
വ്യായാമക്കുറവ്
പലരും വെറ്റ് കോളര്‍ ജോലിക്ക് പിന്നാലെ ആയത് കൊണ്ടുതന്നെ ശരീരമനങ്ങുന്ന തരത്തിലുള്ള ജോലികള്‍ ചെയ്യാറില്ല. ഇത് പലപ്പോഴും ആളുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. കൃത്യമായ വ്യയാമം ഇല്ലാത്തത് അമിതവണ്ണത്തിനും കാരണമാകും. സദാസമയം കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുകയാണെങ്കില്‍ ഭാവിയില്‍ ഇത് എല്ലുകളുടെ ആരോഗ്യത്തിനും പ്രതികൂലമായി ബാധിക്കും. മാത്രമല്ല പൊണ്ണത്തടി ഹൃദയാഘാതത്തിന് വരെ കാരണമാകുകയും ചെയ്യും. ദിവസവും അകമണിക്കൂര്‍ വ്യായാമം ചെയ്യുന്നത് മുന്‍പോട്ടുള്ള ജീവിതത്തിന്‍റെ മൊത്തം ക്ഷമതക്ക് ഫലപ്രദമാകും.
ലിക്വിഡ് കാലറി കുറക്കാം
ദാഹമകറ്റാനെന്ന പേരില്‍ പലപ്പോഴും അനരോഗ്യകരമായ പാനീയങ്ങള്‍ കുടിക്കുന്നവരാണ് നമ്മില്‍ പലരും. വിശന്നാല്‍ പോലും മധുരമേറെയുള്ള ഷെയ്ക്കും ജ്യൂസുമെല്ലാം തരംപോലെ അകത്താക്കുന്നവര്‍. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല. സോഡ, ചായ, ജ്യൂസ്, ഷെയ്ക്ക് എന്നിങ്ങനെയുള്ള പാനീയങ്ങള്‍ അമിതമായി കുടിക്കുന്നതും അമിതവണ്ണത്തിന് കാരണമാണ്. എന്നാല്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും വേണം. ഇതിനായി തിളപ്പിച്ചാറിയ വെള്ളമോ നാരങ്ങാ വെള്ളമോ കുടിക്കാം. ഭക്ഷണക്രമത്തില്‍ നിന്ന് മധുരം ഒഴിവാക്കുന്നതാണ് ഉത്തമം.