നടക്കുന്നത് എപ്പോഴും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒരു കാര്യമാണ്. വലിയ വ്യായാമം ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ദിവസവും നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ന‌ടക്കുന്നത് ഹൃദയാരോഗ്യത്തിന് അ‌ടക്കം ഗുണം ചെയ്യുകയും ചെയ്യും. എന്നാല്‍ വൈറ്റ് കോളര്‍ ജോലികളില്‍ പലപ്പോഴും ശരീരം അനങ്ങുന്ന പ്രവര്‍ത്തനങ്ങളില്‍ നാം വ്യാപൃതരാകുന്നില്ലെന്നതാണ് വാസ്തവം.

അമേരിക്കൻ കൗൺസിൽ ഓൺ എക്സർസൈസ് പറയുന്നത് അനുസരിച്ച്, ഹൃദ്രോഗം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം, വിഷാദം, സ്തനാർബുദം, വൻകുടൽ കാൻസർ ഉൾപ്പെടെയുള്ള ചില അർബുദങ്ങൾ തു‌ടങ്ങി നിരവധി രോഗങ്ങള്‍ വരാനുള്ള സാധ്യത കുറക്കാന്‍ ന‌ടത്തത്തിന് കഴിയും. 18 വയസ്സിന് മുകളിലുള്ളവർ പ്രതിദിനം 4,000 മുതൽ 18,000 വരെ ചുവടുകൾ എടുക്കണമെന്നാണ് പറയുന്നത്. 

18 വയസ്സിന് താഴെയുള്ളവർ പ്രതിദിനം 10,000 മുതൽ 16,000 വരെ ചുവടുകൾ ന‌ടക്കണം. എന്നാല്‍ കൗമാരക്കാർ 18 വയസിനോട് അടുക്കുമ്പോൾ ദൈനംദിന ചുവടുകളുടെ എണ്ണം ഗണ്യമായി കുറയുന്നുവെന്നാണ് പ​ഠനങ്ങള്‍ പറയുന്നത്. കുട്ടിക്കാലം മുതൽ പ്രായപൂർത്തിയാകുന്നതുവരെ, പുരുഷന്മാരാണ് കൂടുതൽ നടക്കാൻ പ്രവണത കാണിക്കുന്നതെന്നും പഠനം പറയുന്നുണ്ട്. 

നിങ്ങളുടെ ജോലിയും നിങ്ങളുടെ ചുവ‌ുകളു‌‌‌ടെ എണ്ണത്തെ ബാധിക്കുന്നുണ്ട്. പ്രായമായവർ ഉൾപ്പെടെയുള്ള മുതിർന്നവർ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് എയറോബിക് പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നാണ് കണക്ക്.  അതായത് ഒരുമിനിറ്റില്‍ നൂറ് ചുവ‌ുകള്‍. അതായത് ആഴ്ചയിൽ 15,000 ചുവടുകൾ (പ്രതിദിനം 2,000 ചുവടുകൾ) എടുക്കേണ്ടതുണ്ട്. ഇതിനായി ലിഫ്റ്റിന് പകരം പടികൾ കയറുക, വീട് വൃത്തിയാക്കുക, ജോലിസ്ഥലത്തെ ഇടവേളകളിൽ നടക്കുക, അ‌ടുത്തുള്ള സ്ഥലങ്ങളിലേക്ക് പോകാന്‍ വാഹനം ഉപയോഗിക്കാതിരിക്കുക തു‌‌ടങ്ങിയവ ചെയ്യാവുന്നതാണ്. 

ENGLISH SUMMARY:

Too lazy to walk? Then these diseases are waiting for you…