രക്തദാനം എന്ന് കേട്ടിട്ടുണ്ടാകാം, നേത്രദാനമുണ്ട്, വൃക്കദാനമുണ്ട്, കരള്‍ ദാനമുണ്ട്, എന്തിന് ഹൃദയദാനം വരേയുണ്ട്. ഇവിടെയാണ് വെറൈറ്റിയായ മലംദാനത്തിന് പ്രസക്തിയേകുന്നത്. അതായത് ഒരു മനുഷ്യന്റെ വിസര്‍ജ്യം മറ്റൊരു മനുഷ്യന് നല്കുന്ന പ്രവര്‍ത്തനം. നെറ്റി ചുളിക്കാന്‍ വരട്ടെ. മലദാനത്തിന് രക്തദാനത്തിന്റെ അത്ര പ്രചാരമില്ലെങ്കിലും പ്രസക്തിയുണ്ട്.
2013ല്‍ ആഡം ഫയെ എന്ന മെഡിക്കല്‍ വിദ്യാര്‍ഥിയുടെ ഒരു സംശയമാണ് മലംദാനം എന്ന അത്യാധുനിക ചികില്സാശാഖയ്ക്ക് തുടക്കം കുറിക്കുന്നത്. എന്ത് ഭക്ഷണം കഴിച്ചാണ് തന്റെ ആരോഗ്യം കൂടുതല്‍ മികച്ചതാക്കുക എന്നതായിരുന്നു ആ ചോദ്യം. ഈ ചോദ്യം തന്റെ മെഡിക്കല്‍ കോളജിലെ ഒരു വയോധികയിലേക്ക് ആഡത്തെ എത്തിച്ചു. മാരകമായ ഉദരരോഗത്തിന് അടിമയായിരുന്നു ഇവര്‍. കുടലില്‍ തുടര്‍ച്ചയായി അണുബാധയുണ്ടായിരുന്നതിനാല്‍ ഇവര്‍ ഭക്ഷണം ദഹിക്കാനാകാതെ ദുരിതത്തിലായിരുന്നു.
വയോധികയുടെ വയറ്റിലേക്ക് ദഹനത്തിന് ഗുണം ചെയ്യുന്ന ബാക്റ്റീരിയകളെ എത്തിച്ചാല്‍ അവ അണുബാധയ്ക്ക് എതിരെ പ്രവര്‍ത്തിച്ച് കുടല് ശുദ്ധിയാക്കുമെന്ന് ഒരു നിഗമനമുണ്ടായി.
എന്നാല്‍ എങ്ങനെ എത്തിക്കുമെന്ന ആശയമായി. ഇതോടെയാണ് ആഡം രംഗപ്രവേശം ചെയ്യുന്നത്. ഇത്തിരിപ്പോന്ന സൂക്ഷ്മജീവികളായ ബാക്റ്റീരിയകളെ തിരഞ്ഞെടുത്ത് വയറ്റിലെത്തിക്കുക ഒരു ഭഗീരഥപ്രയത്നം തന്നെയായിരിക്കും. എന്നാല്‍ ഈ ബാക്റ്റീരിയകള്‍ സുലഭമായുള്ള ഒരാളുടെ വയറ്റില്‍ നിന്ന് എങ്ങനെ മറ്റൊരാളുടെ വയറ്റിലേക്കെത്തിക്കാം എന്ന ചോദ്യത്തിന് ആഡത്തിന് ഒരുത്തരമുണ്ടായിരുന്നു. മലത്തിലൂടെ.
ദഹനവ്യവസ്ഥയിലെ ഭക്ഷണം ദഹിപ്പിക്കാന്‍ സഹായിക്കുന്ന ബാക്റ്റീരിയകള്‍ വന്തോതിലൂടെ മലത്തിലൂടെ പുറംതളളുന്നുണ്ടെന്ന് മുന്‍പ് തന്നെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇവ വയറ്റിലെത്തിച്ചാല് അനായാസം ഗുണകാരി ബാക്റ്റീരിയകളെ പങ്കുവയ്ക്കാം. തന്റെ ഗവേഷണം ആഡം വയോധികയുടെ ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ അറപ്പുളവാക്കുന്ന ചികില്‍സാരീതി അവരുടെ നെറ്റി ചുളിച്ചു. വയോധികയ്ക്ക് ഏറ്റവും അനുയോജ്യമാകുക രക്തബന്ധമെന്ന നിലയ്ക്ക് ബന്ധുക്കളുടെ മലം തന്നെയായിരിക്കും എന്ന് ആഡം ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ അത്തരമൊരു സംഭവം ചിന്തിക്കാന്‍ പോലും കഴിയാതിരുന്നതിനാല്‍ അവര്‍ വിസമ്മതിച്ചു.
ഒടുവില്‍ ആ മിഷന് ആഡം തന്നെ തയ്യാറായി. തന്റെ ആരോഗ്യമുള്ള മലം വയോധികയുടെ വയറ്റിലെത്തിക്കും. അങ്ങനെ ആഡം രാത്രി തന്റെ വീട്ടിലെത്തി. പോഷകമൂല്യങ്ങളടങ്ങിയ ഒരു ബറിറ്റോ (Burrito) ആയിരുന്നു ആഡത്തിന്റെ അത്താഴം. പ്രഭാതത്തില്‍ ആഡം തന്റെ പക്കലുണ്ടായിരുന്ന ശുദ്ധീകരിച്ച മെഡിക്കല്‍ പാത്രത്തിലേക്ക് മലവിസര്‍ജനം നടത്തി.
തുടര്‍ന്ന് പ്രത്യേക ലായനികള്‍ ചേര്‍ത്ത് ഇത് ദ്രാവകരൂപത്തിലാക്കി. തുടര്‍ന്ന് കോളനോസ്കൊപി വഴി ഇത് വയോധികയുടെ കുടലില്‍ സ്പ്രേ ചെയ്തു.
ദിവസങ്ങള്‍ക്കകം വയോധികയുടെ വയറ്റിലെ അണുബാധ ഒഴിവായി. ഇതൊരു വിജയത്തുടക്കം തന്നെയായിരുന്നു. വരും വര്‍ഷങ്ങളില്‍ മലംദാനത്തെക്കുറിച്ച് പഠനങ്ങള്‍ നടന്നു. പല അവസരങ്ങളിലും ഉദരരോഗങ്ങള്‍ക്ക് മാത്രമല്ല ഓട്ടിസത്തിനും മറ്റ് മാനസിക വെല്ലുവിളികള്‍ക്കും മലദാനം ഉപകാരപ്രദമാകുന്നുണ്ടെന്ന് കണ്ടെത്തി. ഇന്ന് പില് രൂപത്തിലാണ് മലദാനം പ്രധാനമായും നടത്തിവരുന്നത്. ആരോഗ്യമുള്ള ഒരാളുടെ മലത്തിന്റെ അംശം ശുദ്ധീകരിച്ച കാപ്സ്യൂളിലാക്കി വിഴുങ്ങും. വയറിനകത്തെത്തുന്ന കാപ്സ്യൂളിന്റെ പുറംഭാഗം കുതിരുന്നതോടെ ആരോഗ്യമുള്ള മലവും അതിനൊപ്പം ബാക്റ്റീരിയകളും വയറ്റിലെത്തും. നിലവില്‍ മലദാനത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയില്‍ ‘മലംദാനം മഹാദാനം’ എന്ന പോസ്റ്ററുകള്‍ ആശുപത്രികളില്‍ കണ്ടേക്കാം. പലരും മലംദാതാക്കളും മലംസ്വീകര്ത്താക്കളുമായിത്തീര്ന്നേക്കാം.