ഉറക്കത്തില്‍ സ്വപ്നങ്ങള്‍ കാണാത്തവരുണ്ടോ അല്ലേ. അത് പേടിപ്പിക്കുന്നതും, സന്തോഷം തരുന്നതും എന്തിന് ഒരു ലോജിക്കില്ലാത്തതും ഒക്കെ സ്വപ്നത്തില്‍ വന്നുപോകാറുണ്ട്.

പറക്കുന്നതും ആരെങ്കിലും പിന്തുടരുന്നതും വർഷങ്ങളായി കാണാത്തവരെ സ്വപ്നത്തിൽ കണ്ടുമുട്ടുന്നതും അങ്ങനെ എന്തൊക്കെ... ഇത് എന്തുകൊണ്ട് ആണെന്ന് അറിയാമോ? ഉറക്കത്തിനിടയിലും സജീവമായി പ്രവർത്തിക്കുന്ന തലച്ചോറിന്റെ വിസ്മയകരമായ പ്രവർത്തനങ്ങളില്‍ ഒന്നാണിത്.

ചില സ്വപ്നങ്ങൾ യാഥാർഥ്യത്തോട് ഏറെ സാമ്യമുള്ളവയായിരിക്കും. എന്നാൽ ഉറക്കത്തിനിടയിൽ ഇത്തരം അനുഭവങ്ങൾ സൃഷ്ടിക്കുന്നത് എങ്ങനെയാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതിന് ഉത്തരം തേടുമ്പോൾ ശാസ്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തലച്ചോറിന്റെ സങ്കീർണമായ പ്രവർത്തനങ്ങളിലേക്കാണ്.

ഉറക്കത്തെ പ്രധാനമായും NREM, REM എന്നിങ്ങനെ രണ്ടായി തിരിക്കാം. ഇതിൽ REM (Rapid Eye Movement) ഉറക്കഘട്ടത്തിൽ കൺപോളകൾ അടഞ്ഞിരിക്കുമ്പോഴും കണ്ണുകൾ വേഗത്തിൽ ചലിക്കും. തലച്ചോറിന്റെ ചില ഭാഗങ്ങൾ കൂടുതൽ സജീവമാകുകയും ഹൃദയമിടിപ്പിലും ശ്വസനത്തിലും വ്യത്യാസങ്ങൾ സംഭവിക്കുകയും ചെയ്യാം. സജീവവും ദൃശ്യസമ്പന്നവുമായ സ്വപ്നങ്ങൾ ഈ ഘട്ടത്തിൽ കൂടുതലായി കാണപ്പെടുന്നു. എന്നാൽ സ്വപ്നങ്ങൾ REM ഉറക്കത്തിൽ മാത്രമല്ല, NREM ഘട്ടത്തിലും ഉണ്ടാകാം.

വികാരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പങ്കുവഹിക്കുന്ന അമിഗ്ഡാലയും ഓർമ്മകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഹിപ്പോകാമ്പസും സ്വപ്നാനുഭവങ്ങളുമായി ബന്ധമുള്ള മസ്തിഷ്ക ഭാഗങ്ങളാണ്. പകൽ അനുഭവിച്ച സംഭവങ്ങളും പഴയ ഓർമ്മകളും വികാരങ്ങളും ഉറക്കത്തിനിടെ പുതിയ രീതിയിൽ സംയോജിക്കപ്പെടുമ്പോൾ സ്വപ്നങ്ങൾ രൂപപ്പെടാം. അതുകൊണ്ടുതന്നെ വർഷങ്ങളായി കാണാത്ത ഒരാൾ പോലും സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടേക്കാം.

പിന്തുടരപ്പെടുന്നതായോ വീഴുന്നതായോ പറക്കുന്നതായോ സ്വപ്നം കാണുന്നതിന് വ്യക്തമായ ശാസ്ത്രീയ വിശദീകരണം നിലവിലില്ല. സമ്മർദവും ഉത്കണ്ഠയും ചിലപ്പോൾ സ്വപ്നങ്ങളുടെ ഉള്ളടക്കത്തെ സ്വാധീനിച്ചേക്കാം. എന്നാൽ ഓരോ സ്വപ്നത്തിനും നിശ്ചിത അർത്ഥമുണ്ടെന്നോ അവ ഭാവി പ്രവചിക്കുന്നുവെന്നോ തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളും ഇല്ല.

ഉറക്കത്തിനിടെ ഓടുകയോ ചാടുകയോ ചെയ്യുന്ന സ്വപ്നങ്ങൾ കണ്ടാലും ശരീരം സാധാരണയായി അതനുസരിച്ച് ചലിക്കാത്തതിന് REM അറ്റോണിയ എന്ന സ്വാഭാവിക സംവിധാനമാണ് കാരണം. ഈ ഘട്ടത്തിൽ തലച്ചോർ മിക്ക അസ്ഥിപേശികളുടെയും പ്രവർത്തനം താൽക്കാലികമായി കുറയ്ക്കുന്നു. അതേസമയം, ഓർമ്മകൾ ഉറപ്പിക്കുന്നതിലും പഠിച്ച കാര്യങ്ങൾ നിലനിർത്തുന്നതിലും ഉറക്കത്തിന് പ്രധാന പങ്കുണ്ട്.

സ്വപ്നങ്ങൾ എങ്ങനെ രൂപപ്പെടുന്നുവെന്നും അവയുടെ കൃത്യമായ ജൈവിക ലക്ഷ്യം എന്താണെന്നും ശാസ്ത്രം ഇനിയും പൂർണമായി കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും, ഉറക്കം ശരീരത്തിന്റെ വിശ്രമസമയം മാത്രമല്ലെന്നും തലച്ചോറിന്റെ സങ്കീർണമായ പ്രവർത്തനങ്ങൾ തുടരുന്ന അവസ്ഥയാണെന്നുമാണ് ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്.

science-behind-dreams-and-sleep:

Malayala Manorama Online News explores the fascinating science behind why we dream and how the brain functions during different sleep cycles. Understanding REM sleep and neurological activity helps explain the complex nature of human dreams and sleep patterns.