SlowProcessing-HumanBehavior

TOPICS COVERED

“ഇത് ചെയ്യാന്‍ ഇത്രയും സമയം എടുക്കേണ്ട കാര്യമുണ്ടോ?” കാര്യങ്ങൾ അൽപം പതുക്കെ ചെയ്യുന്നവര്‍ പലപ്പോഴും കേൾക്കേണ്ടിവരുന്ന ചോദ്യമാണിത്. മറ്റുള്ളവർ ഒരു ജോലി വേഗത്തിൽ പൂർത്തിയാക്കുമ്പോൾ താൻ കൂടുതൽ സമയം എടുക്കുന്നത് കഴിവുകുറവ് കൊണ്ടാണോ എന്ന സംശയം ചിലർക്കെങ്കിലും ഉണ്ടാകാം.

എന്നാൽ ഒരു ജോലി പൂർത്തിയാക്കാൻ ഒരാൾ എത്ര സമയം എടുക്കുന്നു എന്നതുകൊണ്ട് മാത്രം അയാളുടെ ബുദ്ധിശക്തിയോ കഴിവോ കാര്യക്ഷമതയോ അളക്കാനാകില്ല. ഓരോരുത്തരുടെയും ചിന്താ രീതിയും ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയും തീരുമാനമെടുക്കുന്ന രീതിയും വ്യത്യസ്തമാണ്.

ഒരു ജോലി വേഗത്തിൽ പൂർത്തിയാക്കുന്നത് തീർച്ചയായും ചില സാഹചര്യങ്ങളിൽ പ്രയോജനകരമാണ്. എന്നാൽ വേഗത്തിൽ ചെയ്യുന്നതും മികച്ച രീതിയിൽ ചെയ്യുന്നതും ഒരേ കാര്യമല്ല. ചിലർ ഒരു ജോലി വളരെ വേഗത്തിൽ പൂർത്തിയാക്കിയേക്കാം. മറ്റുചിലർ അതേ ജോലി ചെയ്യുമ്പോൾ ഓരോ ഘട്ടവും ശ്രദ്ധിച്ച് പരിശോധിക്കുകയും തെറ്റുകൾ ഒഴിവാക്കാൻ സമയം എടുക്കുകയും ചെയ്യും. രണ്ടാമത്തെ രീതിക്ക് കൂടുതൽ സമയം വേണ്ടിവന്നാലും ഫലം കൂടുതൽ കൃത്യമായിരിക്കാം. അതുകൊണ്ട് “വേഗം = കഴിവ്” എന്ന ലളിതമായ സമവാക്യം എല്ലായ്പ്പോഴും ശരിയാകണമെന്നില്ല.

കാര്യങ്ങൾ പതുക്കെ ചെയ്യുന്ന ചിലർ ഒരേസമയം നിരവധി കാര്യങ്ങൾ ചെയ്യുന്നതിനേക്കാൾ ഒരു കാര്യത്തിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായിരിക്കാം. ഒരു ജോലി പൂർത്തിയാക്കിയ ശേഷം അടുത്തതിലേയ്ക്ക് നീങ്ങുന്ന രീതിയാണ് അവർക്ക് കൂടുതൽ സൗകര്യപ്രദമായിരിക്കുക. ഇതിലൂടെ ശ്രദ്ധ ഇടയ്ക്കിടെ മറ്റൊരു കാര്യത്തിലേയ്ക്ക് മാറുന്നത് ഒഴിവാക്കാനും ചെയ്യുന്ന ജോലിയിൽ കൂടുതൽ ശ്രദ്ധ നൽകാനും സാധിക്കും. ഇത്തരം ആളുകൾക്ക് അവരുടെ സ്വന്തം വേഗതയിൽ പ്രവർത്തിക്കുമ്പോഴായിരിക്കും മികച്ച പ്രകടനം നടത്താൻ കഴിയുക.

ഇങ്ങനെയുള്ളവര്‍ എല്ലാ സാഹചര്യങ്ങളിലും ഉടൻ പ്രതികരിക്കണമെന്നില്ല. ചിലർ ഒരു പ്രശ്നം നേരിടുമ്പോൾ ആദ്യം കാര്യങ്ങൾ മനസ്സിലാക്കുകയും വിവിധ സാധ്യതകൾ ആലോചിക്കുകയും ചെയ്തശേഷം തീരുമാനത്തിലെത്തുകയും ചെയ്യുന്നവരാകാം. പ്രത്യേകിച്ച് പ്രധാനപ്പെട്ട തീരുമാനങ്ങളിൽ ആലോചിച്ച് പ്രതികരിക്കുന്ന ശീലം ചിലപ്പോൾ തെറ്റായ തീരുമാനങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

അതിനാൽ ഒരു വ്യക്തി ഉടൻ മറുപടി നൽകുന്നില്ല എന്നതുകൊണ്ട് അയാൾക്ക് കാര്യങ്ങൾ മനസ്സിലാകുന്നില്ലെന്ന് അർഥമില്ല. ചിലപ്പോൾ അതിന് വിപരീതമായിരിക്കാം കാരണം, കൂടുതൽ ആലോചിച്ചശേഷം പ്രതികരിക്കാനാണ് അയാൾ ശ്രമിക്കുന്നത്. ചിലരുടെ പ്രവർത്തനരീതിയിൽ വേഗതയേക്കാൾ കൃത്യതയ്ക്കായിരിക്കും മുൻഗണന. ഒരു ജോലി പൂർത്തിയാക്കിയ ശേഷം വീണ്ടും പരിശോധിക്കുക, ചെറിയ വിശദാംശങ്ങൾ പോലും ശ്രദ്ധിക്കുക, പിഴവുകൾ കണ്ടെത്തുക തുടങ്ങിയവ സ്വാഭാവികമായും കൂടുതൽ സമയം എടുക്കും.

മള്‍ട്ടിടാസ്കിങ് ആണോ കാര്യക്ഷമത?

ഒരേസമയം പല കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കാര്യക്ഷമതയുടെ അടയാളമായാണ് പലരും കരുതുന്നത്. എന്നാൽ എല്ലാവർക്കും മള്‍ട്ടിടാസ്കിങ് ഒരുപോലെ അനുയോജ്യമാകണമെന്നില്ല. ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേയ്ക്ക് നിരന്തരം ശ്രദ്ധ മാറ്റുന്നത് ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കാം. അതിനുപകരം ഒരു സമയം ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അത് പൂർത്തിയാക്കുന്നത് കൂടുതൽ ഫലപ്രദമാകാം. അതുകൊണ്ട് ഒരാൾ ഒരേസമയം നിരവധി കാര്യങ്ങൾ ചെയ്യുന്നുവെന്നത് മാത്രം അയാൾ കൂടുതൽ കഴിവുള്ളവനാണെന്ന് പറയാനാകില്ല.

 

ഇതാണ് തിയറി എന്ന് പറഞ്ഞ് എല്ലാവരും പതുക്കെ ചെയ്യേണ്ടതുണ്ടോ?

ഇവിടെ പ്രധാനപ്പെട്ടത് സ്വന്തം പ്രവർത്തനരീതിയെ മനസ്സിലാക്കുക എന്നതാണ്. ചില ജോലികൾക്ക് വേഗത ആവശ്യമാണ്. അടിയന്തര സാഹചര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ടിവരും. അതേസമയം, ചില കാര്യങ്ങളിൽ കൂടുതൽ സമയം എടുത്ത് ചിന്തിക്കുന്നതാണ് ഉചിതം. അതിനാൽ വേഗത്തിൽ ചെയ്യുന്നതും പതുക്കെ ചെയ്യുന്നതും സാഹചര്യത്തിനനുസരിച്ചുള്ള പ്രവർത്തനരീതികളാണ്. മറ്റുള്ളവരുമായി താരതമ്യം ചെയ്യേണ്ടതില്ല

 

ഓരോരുത്തരുടെയും തലച്ചോറും ചിന്താ രീതിയും പ്രവർത്തന ശൈലിയും വ്യത്യസ്തമാണ്. അതിനാൽ മറ്റൊരാളുടെ വേഗതയുമായി സ്വന്തം വേഗതയെ താരതമ്യം ചെയ്യുന്നത് എല്ലായ്പ്പോഴും ശരിയായ വിലയിരുത്തലാകണമെന്നില്ല. ഒരു വ്യക്തിയുടെ കഴിവ് മനസ്സിലാക്കാൻ അയാൾ എത്ര വേഗത്തിൽ ജോലി ചെയ്യുന്നു എന്നതിലുപരി, എത്ര നന്നായി പ്രശ്നങ്ങൾ പരിഹരിക്കുന്നു, എത്ര കൃത്യമായി ജോലി ചെയ്യുന്നു, എങ്ങനെ തീരുമാനങ്ങളെടുക്കുന്നു, ഫലം എത്രത്തോളം മികച്ചതാണ് തുടങ്ങിയ കാര്യങ്ങളാണ് നോക്കേണ്ടത്.

 

speed-vs-efficiency-in-work:

Slow and steady wins the race is a nuanced concept where the time taken to complete a task does not solely define one's ability or intelligence. Different thinking styles and focus methods mean that prioritizing accuracy and careful consideration over speed can lead to better outcomes.