ഓഗസ്റ്റ് എട്ടിന് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ഡീലക്സ് ബസ് അപകടത്തിൽപ്പെട്ട് മറിയുകയും ഡ്രൈവറും കണ്ടക്ടറും മരിക്കുകയും ചെയ്ത സംഭവം ഭീതിയോടെയാണ് മലയാളികൾ കേട്ടത്. ബാംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിക്ക് സമീപമാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. അപകടത്തിൽപ്പെട്ട ബസിന് സമീപത്തുനിന്ന് മുട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ബസിന് നേരെ അജ്ഞാതർ മുട്ട എറിഞ്ഞിരുന്നോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. അതേസമയം, ദീർഘദൂര യാത്രയ്ക്കിടെ ഡ്രൈവറുടെ ശ്രദ്ധയും ജാഗ്രതയും കുറയുന്ന 'ഹൈവേ ഹിപ്നോസിസ്' എന്ന പ്രതിഭാസവും ചർച്ചയാകുന്നുണ്ട്.

എന്നാൽ എന്താണ് ഹൈവേ ഹിപ്നോസിസ്? ദീർഘനേരം ഒരേപോലെയുള്ള റോഡിലൂടെ വാഹനമോടിക്കുമ്പോൾ ഡ്രൈവറുടെ ശ്രദ്ധയുടെ തോത് കുറയുകയും ഡ്രൈവിങ് ഒരു പരിധിവരെ യാന്ത്രികമായി ചെയ്യുന്നതുപോലെ തോന്നുകയും ചെയ്യുന്ന അവസ്ഥയെയാണ് പൊതുവെ ഹൈവേ ഹിപ്നോസിസ് എന്ന് വിളിക്കുന്നത്. മണിക്കൂറുകളോളം ഒരേ റോഡ്, ഒരേ വേഗത, ഒരേ രീതിയിലുള്ള കാഴ്ചകൾ... ഇതെല്ലാം ഡ്രൈവറുടെ ജാഗ്രത കുറയ്ക്കാം. ഇതോടൊപ്പം ഉറക്കക്കുറവ്, ക്ഷീണം, മാനസിക സമ്മർദം എന്നിവ കൂടിയാൽ അപകടസാധ്യത വർധിക്കാം. ചില സാഹചര്യങ്ങളിൽ ഡ്രൈവർ കഴിഞ്ഞ കുറച്ച് കിലോമീറ്റർ എങ്ങനെ പിന്നിട്ടുവെന്ന് വ്യക്തമായി ഓർമിക്കാത്ത അനുഭവം പോലും ഉണ്ടാകാം. എന്നാൽ ഇതിനർത്ഥം ഡ്രൈവർ പൂർണമായി ബോധരഹിതനായിരുന്നുവെന്നല്ല. ഉപബോധമനസായിരിക്കും ഡ്രൈവറെ അപ്പോൾ ഭരിക്കുന്നതെന്ന് ചുരുക്കം.

പ്രശ്നം മറ്റൊന്നാണ്. റോഡിൽ പെട്ടെന്ന് ഒരു തടസ്സം പ്രത്യക്ഷപ്പെട്ടാൽ അത് ശ്രദ്ധിക്കാൻ വൈകാം. പ്രതികരണ സമയം കൂടാം. അതോടെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യതയും വർധിക്കും.

ജീവനെടുക്കുന്ന അപകടങ്ങളിലേക്ക്?  ഇന്ത്യയിൽ ഹൈവേ ഹിപ്നോസിസ് ഏറ്റവും കൂടുതൽ ചർച്ചയാകാൻ കാരണം മഹാരാഷ്ട്രയിലെ മുംബൈ-നാഗ്പൂർ സമൃദ്ധി എക്സ്പ്രസ് വേയാണ്. ഇതേ പാതയിൽ ഔറംഗബാദിന് സമീപമുണ്ടായ ഒരു വലിയ അപകടത്തിൽ സൂറത്ത് സ്വദേശികളായ രണ്ട് കുടുംബങ്ങളിലെ നാല് പേർ ഒരേസമയം മരണപ്പെട്ടു. സമൃദ്ധി എക്സ്പ്രസ് വേയിൽ തന്നെ ബുൽധാനയിലുണ്ടായ ഭീകരമായ ലക്ഷ്വറി ബസ് അപകടത്തിന് പിന്നിലും ഹൈവേ ഹിപ്നോസിസ് ആണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പുലർച്ചെ കൃത്യമായ നിയന്ത്രണങ്ങളോടെ പോവുകയായിരുന്ന ബസ് പെട്ടെന്ന് റോഡിന്റെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി തീപിടിച്ച് 25 യാത്രക്കാർ മരണപ്പെടുകയും ചെയ്തു.

ഡ്രൈവർ ഉറങ്ങിപ്പോയതല്ലെന്നും, മറിച്ച് കണ്ണുകൾ തുറന്നിരിക്കെ തന്നെ തലച്ചോറ് നിശ്ചലമായിപ്പോകുന്ന ഹൈവേ ഹിപ്നോസിസ് ബാധിച്ചതാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയതും നേരായതുമായ യമുന എക്സ്പ്രസ് വേയിൽ നടക്കുന്ന വലിയൊരു ശതമാനം അപകടങ്ങൾക്കും കാരണം ഇതേ പ്രതിഭാസമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

വണ്ടിയുടെ വേഗത അറിയാതെ കൂടുന്നതും, മുന്നിൽ പോകുന്ന വലിയ ട്രക്കുകളുടെ പുറകിലേക്ക് കാറുകൾ അതിവേഗത്തിൽ ഇടിച്ചുകയറുന്നതുമായ അപകടങ്ങൾ ഇവിടെ പതിവാണ്. ബ്രേക്ക് ചവിട്ടിയതിന്റെ അടയാളങ്ങൾ പോലും റോഡിൽ കാണാത്ത ഇത്തരം അപകടങ്ങൾ ഹൈവേ ഹിപ്നോസിസിന്റെ വ്യക്തമായ ലക്ഷണമാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ (NHTSA) കണക്കുകൾ പ്രകാരം, ഹൈവേ ഹിപ്നോസിസ് ഉൾപ്പെടുന്ന മയക്കത്തോടെയുള്ള ഡ്രൈവിംഗ് (Drowsy Driving) കാരണം പ്രതിവർഷം ശരാശരി 91,000 അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത് വഴി ഏകദേശം 50,000 ആളുകൾക്ക് പരിക്കേൽക്കുകയും 800 ഓളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നു.

എങ്ങനെ ഒഴിവാക്കാം? ദീർഘദൂര ഡ്രൈവിങ്ങിന് മുമ്പ് മതിയായ ഉറക്കം ഉറപ്പാക്കുക. തുടർച്ചയായി മണിക്കൂറുകളോളം വാഹനമോടിക്കാതെ കൃത്യമായ ഇടവേളകളിൽ വിശ്രമിക്കുക. ഉറക്കം വരികയോ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്താൽ വാഹനം നിർത്തി വിശ്രമിക്കുക. കഴിയുമെങ്കിൽ ഡ്രൈവിങ് മറ്റൊരാളുമായി പങ്കിടുക. ക്യാബിനിലെ താപനില മാറ്റുകയോ പാട്ട് കേൾക്കുകയോ ചെയ്യുന്നത് മാത്രം ക്ഷീണത്തിന് പരിഹാരമല്ല. ഉറക്കം തോന്നുന്നുണ്ടെങ്കിൽ ഏറ്റവും സുരക്ഷിതമായ മാർഗ്ഗം വാഹനം നിർത്തി വിശ്രമിക്കുക എന്നതാണ്. 

ഇനി കെഎസ്ആർടിസി അപകടത്തിലേക്ക്: ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ ഈ അപകടത്തിന് പിന്നിൽ ഹൈവേ ഹിപ്നോസിസ് ഉണ്ടായിരുന്നോ?

അത് ഇപ്പോൾ പറയാനാകില്ല. മുട്ട എറിഞ്ഞതാണോ, ഡ്രൈവറുടെ ശ്രദ്ധയിൽ മറ്റേതെങ്കിലും പ്രശ്നമുണ്ടായിരുന്നോ, വാഹനത്തിന് സാങ്കേതിക തകരാറുണ്ടായിരുന്നോ, അതോ മറ്റെന്തെങ്കിലും കാരണമാണോ അപകടത്തിലേക്ക് നയിച്ചത് എന്നതെല്ലാം അന്വേഷണത്തിലൂടെയാണ് വ്യക്തമാകേണ്ടത്. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ദീർഘദൂര ഡ്രൈവിങ്ങിൽ ഉറക്കവും ക്ഷീണവും അവഗണിക്കുന്നത് ജീവൻ തന്നെ അപകടത്തിലാക്കാം. ഹൈവേ എത്ര ശാന്തമായാലും ഡ്രൈവറുടെ ജാഗ്രതയ്ക്ക് പകരം മറ്റൊന്നുമില്ല.

ENGLISH SUMMARY:

Highway Hypnosis is a condition where drivers experience reduced attention and perform driving mechanically during long stretches of monotonous roads. This phenomenon, potentially contributing to serious accidents, involves the driver's subconscious mind taking over while their eyes are open, leading to delayed reactions to sudden road obstacles.