zumba-history

TOPICS COVERED

വ്യായമമുറകള്‍ക്ക് വെറൈറ്റികള്‍ ഏറെയുള്ള കാലത്ത്, മസിലിനപ്പുറം മനസിനുകൂടി ആശ്വാസവും സന്തോഷവും നൽകുന്ന രൂപം തേടി മനുഷ്യൻ പോവുക സ്വഭാവികമാണ്. ആ യാത്ര അവസാനിക്കുന്നിടത്ത് ഒരുപക്ഷേ പാട്ടുണ്ടാകും, കൂട്ടുണ്ടാകും, ആകർഷകമായ താളത്തിലുള്ള ശരീര ചലനങ്ങളുണ്ടാകും.  എന്തു പേരുവേണേലും ആകാം, എന്തായാലും ജാതി–മത–ദേശ–സാംസ്കാരിക അതിരുകള്‍ ഭേദിച്ച് മനുഷ്യന് പ്രിയപ്പെട്ടതായി അവ വേഗം പടരും. അത്തരമൊന്നാണ് സൂംബ. ഒറ്റയ്ക്ക് അടച്ചിട്ട മുറിക്കുള്ളിൽ വ്യായാമം ചെയ്യുമ്പോൾ ശരീരത്തിലെ പേശികളും അസ്ഥികളും ചലിക്കുന്നുണ്ടാകും. മനസ് കെട്ടിയിട്ടതുപോലെയായിരിക്കും ചിലര്‍ക്കെങ്കിലും. ഒന്നു ശാന്തമാകാനോ സന്തോഷിക്കാനോ എപ്പോഴും പതിവ് വ്യായാമ മുറ പര്യാപതമാവില്ല. അങ്ങനെ അനുഭവമുള്ള അനേകം പേരുടെ കൂടി ‘മനസറിഞ്ഞുള്ള’ ചുവടുകളാണ് സൂംബയുടെ ആകര്‍ഷണവും എനര്‍ജിയും. 

യാദൃശ്ചികമായ തുടക്കം.  

ഏറെക്കാലമെടുത്ത് രൂപം കൊണ്ട വ്യായാമമുറയല്ല സൂംബ. തൽക്ഷണം ചെയ്യണമെന്നു തോന്നി, ചെയ്തു. അതങ്ങ് വൈറലായി.! ആരു ചെയ്തു, എപ്പോൾ ചെയ്തു, എങ്ങനെ ചെയ്തു എന്നത് ഇന്നും ഒരു കൗതുകമാണ്. 1990 തെക്കേ അമേരിക്കയിലെ കൊളംബിയിൽ തന്റെ ഫിറ്റ്നസ് ക്ലാസിൽ പങ്കെടുക്കാൻ ചെന്ന ആൽബെർട്ടോ ബെറ്റോ പെരെസ് എന്ന നൃത്തസംവവിധായകൻ തന്റെ പതിവ് എയറോബിക്സ് സംഗീതോപകരണം കൂടെകൂട്ടാൻ മറന്നു. ക്ലാസ്സ് മുടങ്ങാതിരിക്കാൻ സംഗീത ടേപ്പുകളുടെ സ്വന്തം ശേഖരം ഉപയോഗിച്ച് അദ്ദേഹം അത് പുനഃരാവിഷ്ക്കരിച്ചു. സംഗതി ക്ലിക്കായി..അങ്ങനെ യാദൃശ്ചികമായി ജനിച്ചു ചാടിയതാണ് സൂംബ. പുതിയ രീതി കൊള്ളാമെന്ന് ആൽബെർട്ടോയ്ക്കും തോന്നി. ഗംഭീരമെന്ന് ക്ലാസ്സിലുള്ളവരും അഭിപ്രായപ്പെട്ടു. ക്യൂബൻ-പ്യൂറോട്ടറിക്കൻ സമ്മിശ്രമായ സൽസ നൃത്തവും ഡൊമിനിക്കൻ നൃത്തമായ മെറെങ്ങും കൂട്ടിച്ചേർത്താണ് ആൽബെർട്ടോ സുംബയ്ക്ക് രൂപം നൽകിയത്. അതിൽ റെഗേട്ടൺ എന്ന പാനമൻ സംഗീതമുണ്ട്. ബചാതാ എന്ന ഡൊമിനിക്കൽ സംഗീതവും നൃത്തചുവടുകളുമുണ്ട്.അവയ്ക്കൊന്നും നിയതമായ താളമോ ചിട്ടകളോ ഇല്ല. അതുകൊണ്ടാണ് ഈ ലാറ്റിനമേരിക്കൻ വ്യായാമത്തിലൂടെ മനസ്സിന് സ്വാതന്ത്ര്യം ലഭിക്കുന്നത്. 

അത് അങ്ങനെ പലതും ചേർന്ന് രസകരവും നൃത്ത സമ്മിശ്രവുമായ വ്യായാമമായി മാറി. 2000 ത്തിന്റെ തുടക്കത്തിൽ ആൽബെർട്ടോ യുഎസിലേക്ക് താമസം മാറി. സംരംഭകരുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതോടെ സുംബ ആഗോള ഫിറ്റ്നസ് ബ്രാൻഡായി മാറി. 180 രാജ്യങ്ങളിലായി ഒന്നര കോടി പേരാണ് ഇന്ന് സൂംബയിൽ ഏർപ്പെടുന്നത്. 

സാംബയല്ല, സൂംബ..

ലാറ്റിനമേരിക്കയിൽതന്നെ വ്യത്യസ്തമായ നൃത്തരൂപമുണ്ട്. സാംബ എന്നാണ് പേര്. പേരിൽ സാമ്യമുണ്ടെങ്കിലും സാംബയും സൂംബയും അജഗജാന്തര വ്യത്യാസമുണ്ട്. കേരളത്തിൽ സൂംബയെ എതിർക്കുന്നവരുടെ മനസ്സിൽ സാംബയാണോ ഉള്ളതെന്നറിയില്ല. കാരണം ആ നൃത്തം അല്പവസ്ത്രത്താൽ അലംകൃതമാണ്. അലംകൃതമെന്നു പറയാൻ കാരണമുണ്ട്. അല്‍പമേയുള്ളുവെങ്കിലും വർണാഭമാണത്. അതിന് സൂംബയുമായി ഒരു തരത്തിലും സാമ്യമില്ല. ഇനി ഇതാണോ സൂംബ വിരോധത്തിന് പ്രശ്നമെന്നറിയില്ല. പ്രായഭേദമെന്യേ പ്രാക്ടീസ് ചെയ്യാമെന്നതാണ് സുംബയുടെ പ്രത്യേകത. അതിന് പ്രത്യേക നൈപുണ്യമോ പഠനസമ്പ്രദായമോ ഇല്ല. വിധികർത്താക്കളും നിശ്ചിത സമ്പ്രദായങ്ങളുമില്ല. ഒറ്റയ്ക്ക് താമസിക്കുന്നവർ, പ്രായമാവയവർ, ഒരു കുട്ടി മാത്രമുള്ള കുടുംബങ്ങൾ എന്നിങ്ങനെയുള്ളവരുടെ ഏകാന്തത മാറ്റിയെടുക്കാനുള്ള ഉപാധിയായും ഇന്ന് സുംബയെ കാണുന്നുണ്ട്. അഭയാർഥി ക്യാമ്പുകളിലും ദുരിതാശ്വാസ ക്യാംപുകളിലും സൂംബ നടത്തി അവിടങ്ങളിലെ അന്തേവാസികളുടെ മനസ്സിന് ആശ്വാസം നൽകുന്നുണ്ട്. നാം പൊതു സ്ഥലങ്ങളിൽ നടത്തുന്ന ഫ്ലാഷ് മോബുകളിൽ സൂംബ പകർത്തുന്നുണ്ട്. സൂംബ എന്നത് ഒരു പ്രപഞ്ചഭാഷയായി മാറിയിരിക്കുന്നു എന്നതിന് ഉദാഹരങ്ങളാണിവ. കേരളം ആ പ്രപഞ്ചത്തിൽനിന്ന് മാറിനിൽക്കണോ എന്ന ചോദ്യം ബാക്കി. 

zumba-dance

പാഠ്യപദ്ധതിയില്‍ സൂംബ ആദ്യമോ ?

സൂംബ വിദ്യാഭ്യാസത്തിൻറെ ഭാഗമാക്കുന്നത് ലോകത്തിൽ ആദ്യമാണെന്ന മട്ടിലാണ് ചിലരുടെ വിമർശനം. അതല്ല, വസ്തുത. 

ലാറ്റിനമേരിക്കയിൽനിന്ന് ഏറെ അകലെയുള്ളു ഫിലിപ്പൈൻസിലെ വിദ്യാഭ്യാസ വകുപ്പ് അതിന്റെ ഹെൽത്ത്-ഒപ്റ്റിമൈസിങ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ 11, 12 ഗ്രേഡുകളിലെ പാഠ്യപദ്ധതികളുടെ ഭാഗമായി സൂംബയെ ഉൾപ്പെടുത്തി. വിദ്യാർഥികളുടെ ഫിറ്റ്നസ് പരിശീലനമെന്ന നിലയിലാണ് ഈ നടപടി. ബ്രിട്ടനിലെ മോൺട്രോസ് അക്കാദമി പോലുള്ള സ്കൂളുകൾ സൂംബ ഒരു പാഠ്യേതര പ്രവർത്തനമായി കാണുന്നുണ്ട്. കൂടാതെ ഇന്ത്യയിലെ തന്നെ നിരവധി സിബിഎസ്ഇ വിദ്യാലയങ്ങളിലും , സ്റ്റെപ്പ് അപ്പ് സ്കൂൾ, നാഷണൽ പബ്ലിക് സ്കൂൾ വൈറ്റ്ഫീൽഡ് തുടങ്ങിയ രാജ്യാന്തര പഠന സ്ഥാപനങ്ങളിലും സുംബയെ പാഠ്യപദ്ധതിയിലോ കലാ വിദ്യാഭ്യാസ മൊഡ്യൂളുകളിലോ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്കൂളുകൾ സൂംബയെ ശാരീരിക പരിശീലനമായി മാത്രമല്ല, വിദ്യാർഥികളുടെ ആത്മവിശ്വാസവും ഊർജവും വർദ്ധിപ്പിക്കുന്ന സൃഷ്ടിപരമായ ഉപാധിയായും കാണുന്നു. കേരളത്തില്‍ പൊതുവിദ്യാഭ്യാസ പദ്ധതിയിൽ സൂംബ വ്യായാമ–നൃത്തരൂപം ഔദ്യോഗികമായി ഇപ്പോള്‍ ഉൾപ്പെടുത്തി എന്നേയുള്ളു. 

സൂംബയെ വിലക്കിയവർ

കേരളത്തിലുള്ള ആശങ്കകൾക്ക് സമാനമായ ആശങ്ക ചില മതസംഘടനകൾക്ക് മറ്റുചില പ്രദേശങ്ങളിലും ഉണ്ടായിട്ടുണ്ട്. 2017 ജൂണിൽ ഇറാനിലെ സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ എന്ന സംഘടന സൂംബ "ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്" വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. ഇറാൻ ഒരു മത രാഷ്ട്രമാണ്. പൊതു, സ്വകാര്യ സാഹചര്യങ്ങളിൽ സുംബയും അതുമായി സാദൃശ്യമുള്ള ശരീര ചലനമോ പാടില്ല എന്ന് വിലക്കിയിരുന്നു. 

സുംബ നല്ല വ്യായമമുറയോ ?

സൂംബ നല്ലൊരു വ്യായാമ മുറയല്ലെന്ന് വിമർശിക്കുന്നവരുണ്ട്. കാരണം മറ്റു നൃത്തങ്ങളിലുള്ളതുപോലെ ശരീര വ്യായാമം സൂംബയിൽ ലഭിക്കുന്നില്ല. ഇതിന്, സൂബയ്ക്ക് ചിട്ടകളില്ലാത്തതുകൊണ്ട് ആർക്കും അത് ചെയ്യാമെന്നാണ് അനുകൂലികളുടെ മറുപടി. മറ്റു വ്യായാമമുറകളെപ്പോലെ സുംബ കൃത്യമല്ലെന്നും സാമ്പ്രദായികമല്ലോന്നുമുള്ള വിമർശനവുമുണ്ട്. 

പല കാലഘട്ടങ്ങളിൽ പല സാഹചര്യങ്ങളിൽ സുംബയെ എതിർത്തും അനുകൂലിച്ചുമൊക്കെ അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട് എങ്കിലും ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ സുംബ ഗുണപരമാണ് എന്നതില്‍ എതിര്‍പ്പില്ല. മറ്റു വ്യായാമങ്ങൾക്കൊപ്പം അനായാസം ചെയ്യാം.ചുരുക്കിപറഞ്ഞാൽ ചലനങ്ങൾ ഔഷധവും ഉല്ലാസവുമായി മാറാൻ സുംബ സഹായിക്കും.

ENGLISH SUMMARY:

Zumba dance history