what-is-ailurophobia-cat-fear

TOPICS COVERED

മിക്കവരുടെയും ഇഷ്ടപ്പെട്ട അരുമയാണ് പൂച്ചകള്‍. സ്വദേശികളും വിദേശികളുമായ വിവിധയിനം പൂച്ചകളെ വീട്ടില്‍ വളര്‍ത്തുന്നതും അവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതും പലര്‍ക്കും സ്ട്രെസ് കുറയ്ക്കാനുള്ള ഒരു മാര്‍ഗം കൂടിയാണ്. എന്നാല്‍ പൂച്ചകളെ ഭയക്കുന്ന ചിലരുണ്ട്. പൂച്ചകളെ കാണുമ്പോഴോ, സ്പര്‍ശിക്കുമ്പോഴോ എന്തിന് പൂച്ചകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പോലും ഇത്തരക്കാര്‍ക്ക് അകാരണമായ ഒരു പരിഭ്രാന്തിയും ഭയവും അനുഭവപ്പെടും. പൂച്ചകളോടുള്ള അമിതമായ വെറുപ്പിനെയും ഭയത്തെയുമാണ് ഐലുറോഫാബിയ എന്ന് പറയുന്നത്.

ചില ആളുകള്‍ക്ക് വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകളോട് മാത്രമാകും ഇത്തരത്തില്‍ ഫോബിയ അനുഭവപ്പെടുക.എന്നാല്‍ മറ്റ് ചിലരില്‍ എല്ലാത്തരം പൂച്ചകളോടും ഫോബിയ അനുഭവപ്പെടും. മുന്‍പ് എപ്പോഴോ പൂച്ചകളുമായി ബന്ധപ്പെട്ടുണ്ടായ ദുരനുഭവത്തിന്‍റെ ട്രോമകളാണ് ഒട്ടുമിക്കവരിലും ഇത്തരമൊരു ഫോബിയയ്ക്ക് കാരണമാകുന്നത്. എന്നാല്‍ അത്തരം അനുഭവങ്ങള്‍ ഇല്ലാത്തവരിലും ഇത് കാണപ്പെടുന്നുണ്ട്.

ഐലുറോഫോബിയ പലതരത്തില്‍ കാണപ്പെടാറുണ്ട്

പൂച്ചകള്‍ മാന്തുകയോ കടിക്കുകയോ ചെയ്യുമോ എന്നുളള ഭയം

പൂച്ചകളില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ പടരുമോ എന്ന ഭയം

പൂച്ച നെഗറ്റീവ് എനര്‍ജിയുമായി ബന്ധമുള്ളതാണെന്ന വിശ്വാസം

പൂച്ച തനിക്ക് നേരെ ചീറിയടുക്കുമോ എന്ന ഭയം

പൂച്ച വൃത്തിയില്ലാത്ത ജീവിയാണെന്ന തോന്നല്‍

എങ്ങനെ മറികടക്കാം..?

മറ്റ് ഫോബിയകളെപ്പോലെ ഐലുറോഫാബിയ സാധാരണഗതിയില്‍ അത്ര അപകടകാരിയല്ല.സ്വയം മനസുവെച്ചാല്‍ ഈ ഫോബിയയെ ഒരു പരിധിവരെമറികടക്കാവുന്നതാണ്.ഇത്തരം ഫോബിയയെ മറികടക്കാന്‍ ഉപയോഗിക്കാവുന്ന ഒരു മാര്‍ഗമാണ് വിഷ്വലൈസേഷന്‍ ടെക്നിക് അഥവാ സ്വയം ഈ ഫോബിയയെ മറികടക്കുന്നതായി സങ്കല്‍പിക്കുക. ഉദാഹരണത്തതിന് താന്‍ ഒരു പൂച്ചയുമായി അടുത്തിട പഴകുന്നതായി സങ്കല്‍പിച്ച് നോക്കുക. പൂച്ചയെ സ്പര്‍ശിക്കുന്നായും അകിനോടൊപ്പം സമയം ചെലവഴിക്കുന്നതായും സങ്കല്‍പിക്കുക.

സങ്കല്‍പിക്കുന്നതിന് പകരം യഥാര്‍ഥത്തില്‍ അവയുമായി ഇടപഴകാന്‍ ശ്രമിക്കുക എന്നതാണ് അടുത്ത ഘട്ടം. പൂച്ചയെ കാണേണ്ടി വരുന്ന സാഹചര്യഹങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കാതെ അവയെ സധൈര്യം നേരിടുക എന്നതാണ് ഐലുറോഫോബിയ കുറയ്ക്കാനുള്ള ഒരു വഴി.

സ്വയം മാറിചിന്തിക്കാന്‍ ശ്രമിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. പൂച്ചകളെക്കുറിച്ച് ചിന്തിക്കുമ്പോളുള്ള ട്രോമയോ നെഗറ്റിവിറ്റിയോ സ്വയം പോസിറ്റീവ് ആയി ചിന്തിച്ച് മാറ്റിയെടുക്കാന്‍ ശ്രമിക്കുക.

സമാന ഫോബിയയുള്ള ആളുകളുമായി ഇടപഴകുന്നതും നിങ്ങളുടെ ഫോബിയെക്കുറിച്ച് കൃത്യമായി അറിയാനുന്ന ആളുകളുമായി സംസാരിക്കുകയും ചെയ്യാവുന്നതാണ്.ഫോബിയയെ മറികടക്കാനായി അവരുടെ ഉപദേശങ്ങളും സ്വീകരിക്കാം.

മെഡിറ്റേഷന്‍സ്,യോഗ മുതലായവ ശീലമാക്കുന്നതും ഫോബിയകളില്‍ നിന്നും മറികടക്കാന്‍ സഹായകരമാണ്.എന്നിട്ടും ഫോബിയയെ മറികടക്കാനാവുന്നില്ലെങ്കില്‍ ഒരു മനശാസത്ര വിദഗ്ധന്‍റെ സഹായം തേടാവുന്നതാണ്.