photo courtesy: studio_dtttww (instagram)
എത്രയായിട്ടും സ്ട്രെസ്സും ദേഷ്യവും മാറാത്തവരും മറ്റുള്ളവരോട് ദേഷ്യപ്പെടാന്‍ മടിയുള്ളവരുമൊന്നും വിഷമിക്കേണ്ട. അമേരിക്കന്‍ തെരുവുകളില്‍ പ്രത്യക്ഷപ്പെട്ട ഈ ഐഡിയക്ക് കയ്യിടിച്ച് ഇന്‍റര്‍നെറ്റ്. മന്‍ഹാട്ടനിലെ വഴിയരികുകളിലാണ് പൊതുജനങ്ങള്‍ക്ക് വേണ്ടി പഞ്ചിങ് ബാഗ് സ്ഥാപിച്ചിരിക്കുന്നത്. പ്രകടമാക്കാത്ത ദേഷ്യവും സ്ട്രെസും ഉള്ളില്‍ വെച്ചുകൊണ്ടിരിക്കേണ്ട എല്ലാം സഹിക്കാന്‍ പഞ്ചിങ് ബാഗുകള്‍ റെഡി.
പിരിമുറുക്കങ്ങള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. കാരണം നമ്മളെല്ലാം മനുഷ്യരാണെന്ന് നിര്‍മാതാക്കള്‍ പറയുന്നു. എന്നാല്‍ ഇതിന് മുന്‍പും ലോകത്ത് ചിലയിടത്ത് ഇത്തരം ആശയങ്ങള്‍ ഉണ്ടായിരുന്നു. ജപ്പാനില്‍ പ്രചരിച്ച ആശയം ലോക ശ്രദ്ധനേടിയിരുന്നു. മനസ് വല്ലാതെ സമ്മര്‍ദ്ദത്തില്‍ അകപ്പെട്ടാല്‍ തല്ലിപ്പൊളിക്കാന്‍ പാകത്തിന് കെട്ടിടങ്ങള്‍. മറ്റ് സ്ഥാപനങ്ങള്‍ പൊളിച്ചടുക്കാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി.
ഈ ആശയം അധികം വൈകാതെ ഇന്ത്യയിലുമെത്തി. ബാംഗ്ലൂര്‍, ചെന്നൈ പോലുള്ള ടെക് നഗരങ്ങളില്‍ കണ്ടുവന്ന റേജ് റൂമുകള്‍ സമൂഹമാധ്യമങ്ങളിലും ട്രെന്‍ഡിങ്ങായിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമാണ് പഞ്ചിങ് ബാഗുകള്‍. മഞ്ഞ നിറത്തിലുള്ള പഞ്ചിങ് ബാഗുകളുടെ താഴെ ഒരുവരി കൃത്യമായി എഴുതി ചേര്‍ത്തിട്ടുണ്ട്, സ്വന്തം ഉത്തരവാദിത്വത്തില്‍ ഉപയോഗിക്കണമെന്ന് ഒരു മുന്നറിയിപ്പ്.
പഞ്ചിങ് ബാഗിനെ ഏറ്റെടുത്ത് പലരും കമന്‍റുകളുമായത്തി. എന്‍റെ സുഹൃത്താണ് ഏറ്റവും വലിയ പഞ്ചിങ് ബാഗെന്നും, എല്ലാ ഓഫീസുകള്‍ക്ക് മുന്നില്‍ ഒരെണ്ണം വെയ്ക്കുന്നത് നല്ലതായിരിക്കുമെന്ന് കമന്‍റുകള്‍ വന്നു. അതേ സമയം ഈ ആശയത്തെ എതിര്‍ത്തും ആളുകള്‍ രംഗത്തെത്തി.