ഇന്നത്തെ കാലഘട്ടത്തിൽ ഭൂരിഭാഗം കൗമാരക്കാരും സോഷ്യൽ മീഡിയയിൽ ഒരുപാട് സമയം ചെലവഴിക്കുന്നവരാണ്. മണിക്കൂറുകളോളം തുടർച്ചയായി ഇന്റർനെറ്റ് ഉപയോഗിക്കുന്നത്, കൗമാരക്കാരിൽ വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത്. ഇങ്ങനെയുള്ളയാളുകൾ പഠിക്കാനോ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാനോ പൊതുവേ വിമുഖത പ്രകടിപ്പിക്കാറുണ്ട്. എല്ലായിപ്പോഴും അവരുടെ ശ്രദ്ധ സമൂഹമാധ്യമങ്ങളിൽ തന്നെയായിരിക്കും.
2013നും 2022നും ഇടയിലെ 10 മുതൽ 19 വരെ പ്രായമുള്ള 237 കൗമാരക്കാരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ജേണൽ ഓഫ് PLOSൽ ആണ് ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചത്. ഇൻ്റർനെറ്റിനോടുള്ള ആസക്തിയും അമിത ഓൺലൈൻ ഉപയോഗവും കൗമാരക്കാർക്കിടയിൽ കൂടി വരുകയാണ്.
തുടർച്ചയായ ഇന്റർനെറ്റ് ഉപയോഗം നിങ്ങളുടെ ഓർമ്മശക്തിയെ പ്രതികൂലമായി ബാധിക്കാം. പല നിർണായക ഘട്ടങ്ങളിലും തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകാം. അതായത് ശ്രദ്ധ, നിർണായക തീരുമാനമെടുക്കൽ എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഇത് ബാധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. ഇന്റർനെറ്റ് ആസക്തിയിൽ നിന്ന് പതിയെ രക്ഷ നേടുമ്പോൾ വിത്ഡ്രോവൽ സിൻഡ്രോമും ഉണ്ടായേക്കാമെന്നാണ് പഠനം.
ഇൻ്റർനെറ്റ് ആസക്തിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ന്യൂറോളജിക്കൽ മാറ്റങ്ങൾ മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നതിന് പുറമേ, നമ്മുടെ സ്വാഭാവിക പെരുമാറ്റത്തെയും മോശമായി ബാധിക്കും. കൗമാരക്കാരിൽ വർദ്ധിച്ച ഉത്കണ്ഠ, വിഷാദം, ഒറ്റപ്പെടൽ എന്നിവ അനുഭവപ്പെടാം. കൂടാതെ, ശ്രദ്ധക്കുറവ് മൂലം അക്കാദമിക് പ്രകടനത്തെയും പ്രതികൂലമായി ബാധിക്കാം.
കുട്ടികളുടെ ഇൻ്റർനെറ്റ് ഉപയോഗം നിരീക്ഷിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യേണ്ടത് രക്ഷിതാക്കൾ തന്നെയാണ്. അമിതമായ ഇൻ്റർനെറ്റ് ഉപയോഗത്തിൻ്റെ അപകടസാധ്യതകളെക്കുറിച്ച് കൗമാരക്കാരെ ബോധവൽക്കരിക്കേണ്ടതുണ്ട്. ഇന്റർനെറ്റ് ആസക്തി കൗമാരക്കാരുടെ മസ്തിഷ്ക വികസനത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇന്റർനെറ്റിന്റെ അപകടസാധ്യതകൾ മനസിലാക്കി, വിവേകപൂർവം അത് ഉപയോഗിക്കുക എന്നത് മാത്രമാണ് ഇതിന്റെ പരിഹാരം.