Image Credit:Trincomalee General Hospital

  • പക്ഷാഘാതത്തിന് തുടര്‍ ചികില്‍സ തേടിയെത്തിയതായിരുന്നു 55കാരന്‍. ഇതിനിടയില്‍ മൂത്ര തടസം കണ്ടെത്തിയതോടെ ഡോക്ടര്‍മാര്‍ വിശദ പരിശോധന നടത്തി. ഇതിലാണ് മൂത്രാശയക്കല്ല് കണ്ടെത്തിയത്

55കാരന്റെ മൂത്രാശയസഞ്ചിയില്‍ നിന്നും 3.1 കിലോ ഭാരവും 17 സെന്റീമീറ്റര്‍ നീളവുമുള്ള കല്ല് നീക്കം ചെയ്തതായി ഡോക്ടര്‍മാര്‍. ശ്രീലങ്കയിലെ ട്രിങ്കോമലീ ജില്ലാ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടേതാണ് അവകാശവാദം. ഇന്നേവരെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ കല്ലാണിതെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

പക്ഷാഘാതത്തിന് തുടര്‍ ചികില്‍സ തേടിയെത്തിയതായിരുന്നു 55കാരന്‍. ഇതിനിടയില്‍ മൂത്ര തടസം കണ്ടെത്തിയതോടെ ഡോക്ടര്‍മാര്‍ വിശദ പരിശോധന നടത്തി. ഇതിലാണ് മൂത്രാശയക്കല്ല് കണ്ടെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍ പ്രഹ്ളാദന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ശസ്ത്രക്രിയ നടത്തുകയായിരുന്നു. 'നിലവിലുള്ള രേഖകള്‍ പ്രകാരം നീക്കം ചെയ്ത ഏറ്റവും വലിയ മൂത്രാശയക്കല്ലാണിതെ'ന്ന് ഡോക്ടര്‍ പ്രഹ്ളാദന്‍ ബാലകൃഷ്ണന്‍ ബിബിസി സിംഹളയോട് പ്രതികരിച്ചു.

എന്താണ് മൂത്രാശയക്കല്ല്? മൂത്രത്തിലൂടെ െവള്ളത്തിന് പുറമേ സോഡിയം, പൊട്ടാസ്യം തുടങ്ങി നിരവധി ലവണങ്ങള്‍ പുറന്തള്ളപ്പെടുന്നുണ്ട്. വെള്ളത്തിന് അലിയിക്കാന്‍ കഴിയുന്നതിനെക്കാള്‍ കൂടുതല്‍ ലവണങ്ങളുണ്ടാകുമ്പോള്‍ അത് വൃക്കയില്‍ അടിഞ്ഞുകൂടി കല്ലായി രൂപാന്തരം പ്രാപിക്കും. സാധാരണഗതിയില്‍ ഇത് മൂത്രത്തിലൂടെ പുറത്ത് പോകുമെങ്കിലും വലിയ കല്ലുകള്‍ വേദനയും അസ്വസ്ഥതയും ഉണ്ടാക്കും. നാല് സെന്റീമീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ളവ കണ്ടെത്തിയിട്ടുണ്ടെങ്കിലും ലങ്കന്‍ ഡോക്ടര്‍മാര്‍ പറയുന്നത് 17 സെന്റീമീറ്റര്‍ നീളമുണ്ടായിരുന്നു കല്ലിനെന്നാണ്. 

മൂത്രാശയക്കല്ലിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാം? 

മൂത്രമൊഴിക്കുമ്പോള്‍ വേദനയും പുകച്ചിലും അനുഭവപ്പെടുക, മൂത്ര തടസം അനുഭവപ്പെടുക, തുടര്‍ച്ചയായി മൂത്രശങ്ക അനുഭവപ്പെടുക, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക, അടിവയറ്റില്‍ വേദനയുണ്ടാകുക എന്നിവയാണ് സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങള്‍. നേരത്തേ തന്നെ കണ്ടെത്തി ചികില്‍സിച്ചാല്‍ ശസ്ത്രക്രിയ ചെയ്യേണ്ടതായി വരില്ല. 1.9 കിലോ ഭാരവും 17.9 സെന്റീമീറ്റര്‍ നീളവുമുള്ള കല്ലാണ് ഇതുവരെ കണ്ടെത്തിയതില്‍ വച്ചേറ്റവും വലിയതെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പറയുന്നു. 2003 ല്‍ ബ്രസീലിലാണ് ഈ ശസ്ത്രക്രിയ നടത്തിയത്.

മൂത്രാശയക്കല്ലുകള്‍ പലവിധം

കാല്‍സ്യം ഓക്സ​ലേറ്റ് അടിഞ്ഞുണ്ടാകുന്ന കല്ലാണ് പൊതുവായി കാണപ്പെടുന്നത്. രക്തത്തിൽ യൂറിക് ആസിഡിന്റെ അളവു കൂടുന്നതു മൂലം മൂത്രത്തിലും ഇതിന്റെ അളവു കൂടുകയും വൃക്കയിൽ അടിഞ്ഞുകൂടി കല്ലാവുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. മൂത്രത്തിൽ അണുബാധയുണ്ടാകുമ്പോൾ മൂത്രനാളിയിലെ തടസങ്ങൾ മൂലം കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് പരലുകൾ അടിഞ്ഞു കൂടിയും കല്ലുണ്ടാകാം.

കല്ലുവരാതിരിക്കാന്‍ എന്ത് ചെയ്യണം? 

ദിവസവും രണ്ട് ലീറ്ററെങ്കിലും വെള്ളം കുടിക്കുക. മൂത്രത്തിൽ അണുബാധ വരാതെ നോക്കുക. മൂത്രത്തിന് ഇളം നിറമായിരിക്കണം. ഇടയ്ക്കിടയ്ക്ക് വൃക്കയിൽ കല്ലുണ്ടാകുന്നുണ്ടെങ്കിൽ വിദഗ്ധ പരിശോധന നടത്തണം. മറ്റെന്തെങ്കിലും അസുഖങ്ങൾ മൂലം മൂത്രാശയത്തിൽ മൂത്രം കെട്ടിനിൽക്കുന്ന സാഹചര്യവും കല്ലിനു കാരണമാകും. കാർബണേറ്റഡ് പാനീയങ്ങൾ, മദ്യം എന്നിവ കുറയ്ക്കണം. കാല്‍സ്യത്തിന്‍റെ അളവു കൂടുതലുള്ള ചെമ്മീൻ, ഞണ്ട്, കക്ക തുടങ്ങിയവ ധാരാളം കഴിക്കുന്നതു മൂലം കല്ല് ഉണ്ടാകുന്നതു കൂടുതലായി കണ്ടു വരുന്നുണ്ട്. അനിയന്ത്രിതമായ പ്രമേഹമുള്ളവർക്കു മൂത്രത്തിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരക്കാർ പ്രമേയം നിയന്ത്രിക്കണം.

ENGLISH SUMMARY:

Doctors at the Trincomalee District General Hospital in Sri Lanka claim to have successfully removed a massive bladder stone weighing 3.1 kg and measuring 17 cm in length from a 55-year-old patient who initially sought follow-up care for a stroke. Led by Dr. Prahladan Balakrishnan, the surgical team extracted the extraordinarily large mass, though official confirmation regarding world record status is pending. According to Guinness World Records, the previous heaviest recorded bladder stone weighed 1.9 kg (measuring 17.9 cm) and was removed in Brazil in 2003. Medical experts emphasize that maintaining proper hydration, treating urinary tract infections, and managing dietary factors can help prevent the formation of such stones.