പ്രായമാകുന്നത് തടയാനുള്ള പരീക്ഷണങ്ങളിലൂടെ ലോകശ്രദ്ധ നേടിയ അമേരിക്കൻ ടെക് സംരംഭകൻ ബ്രയാൻ ജോൺസൺ വീണ്ടും വാർത്തകളിൽ. എന്നാൽ ഇത്തവണ കാരണം അദ്ദേഹത്തിന്റെ ആന്റി-ഏജിങ് പരീക്ഷണങ്ങളല്ല, കഴിഞ്ഞ പത്ത് വർഷമായി നേരിടുന്ന മരുന്നില്ലാത്ത ഒരു അപൂർവ രോഗാവസ്ഥയാണ്.
'എന്റെ വയറ് സ്വയം ഭക്ഷിക്കുകയാണ്' എന്ന ഞെട്ടിക്കുന്ന വാചകത്തോടെയാണ് ബ്രയാൻ സമൂഹമാധ്യമങ്ങളിലൂടെ തന്റെ ആരോഗ്യപ്രശ്നം വെളിപ്പെടുത്തിയത്. ഓട്ടോഇമ്മ്യൂൺ ഗ്യാസ്ട്രൈറ്റിസ് (Autoimmune Gastritis) എന്ന രോഗമാണ് തനിക്കുള്ളതെന്നും, കടുത്ത മാനസിക സമ്മർദ്ദവും കുട്ടിക്കാലത്ത് പതിവായി കഴിച്ച ജങ്ക് ഫുഡുകളും ഇതിന് കാരണമായിരിക്കാമെന്നാണ് തന്റെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് ഓട്ടോഇമ്മ്യൂൺ ഗ്യാസ്ട്രൈറ്റിസ്?
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം അബദ്ധത്തിൽ വയറ്റിലെ പരൈറ്റൽ (Parietal) കോശങ്ങളെ ആക്രമിക്കുന്ന അവസ്ഥയാണ് ഓട്ടോഇമ്മ്യൂൺ ഗ്യാസ്ട്രൈറ്റിസ്. വയറ്റിൽ ആസിഡ് ഉൽപ്പാദിപ്പിക്കുന്ന ഈ കോശങ്ങൾ നശിക്കുന്നതോടെ ഭക്ഷണത്തിൽ നിന്നുള്ള വൈറ്റമിൻ ബി12, അയൺ തുടങ്ങിയ പോഷകങ്ങൾ ശരീരത്തിന് ആവശ്യത്തിന് ആഗിരണം ചെയ്യാൻ കഴിയാതെ വരും. രോഗം കണ്ടെത്താതെയിരുന്നാലും ചികിത്സ വൈകിയാലും കടുത്ത വിളർച്ച, നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങൾ, ചിലരിൽ വയറ്റിലെ ക്യാൻസറിന്റെ സാധ്യത വർധിക്കുക തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് വഴിവെക്കാം.
തിരിച്ചറിയാൻ ബുദ്ധിമുട്ട്
ലോകമെമ്പാടുമായി ഏകദേശം 2 മുതൽ 5 ശതമാനം വരെ ആളുകളെ ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ബ്രയാന്‍ പറയുന്നത്. എന്നാൽ വർഷങ്ങളോളം വ്യക്തമായ ലക്ഷണങ്ങളൊന്നുമില്ലാതെ രോഗം തുടരാൻ സാധ്യതയുണ്ട്. ഗ്യാസ്, ദഹനക്കേട്, വയറുവേദന, ക്ഷീണം തുടങ്ങിയ സാധാരണ പ്രശ്നങ്ങളായി പലരും ഇതിനെ തെറ്റിദ്ധരിക്കാറുണ്ട്. ബ്രയാൻ ജോൺസന്റെ രോഗം എൻഡോസ്കോപ്പി, ബയോപ്സി തുടങ്ങിയ പരിശോധനകളിലൂടെയാണ് സ്ഥിരീകരിച്ചത്.
ചികിത്സയുണ്ടോ?
ഇപ്പോൾ ലഭ്യമായ വൈദ്യശാസ്ത്ര അറിവുപ്രകാരം ഈ രോഗം പൂർണമായി മാറ്റുന്ന ചികിത്സയില്ല. രോഗം നിയന്ത്രിക്കുകയും സങ്കീർണതകൾ ഒഴിവാക്കുകയും ചെയ്യുകയാണ് പ്രധാന ലക്ഷ്യം. വൈറ്റമിൻ ബി12, അയൺ എന്നിവ ഇൻജക്ഷൻ അല്ലെങ്കിൽ ഐവി (IV) ചികിത്സയിലൂടെ ശരീരത്തിലേക്ക് നൽകിയും, ഇടവേളകളിൽ എൻഡോസ്കോപ്പി, ബയോപ്സി എന്നിവ നടത്തി വയറ്റിലെ ക്യാൻസർ സാധ്യത നിരീക്ഷിക്കുകയും ചെയ്താണ് ബ്രയാന്‍ തന്‍റെ അസുഖത്തെ നിയന്ത്രിക്കുന്നത്.
അതേസമയം, ഈ രോഗത്തിന് കൂടുതൽ ഫലപ്രദമായ ചികിത്സ കണ്ടെത്താനുള്ള ഗവേഷണങ്ങളും ബ്രയാനും അദ്ദേഹത്തിന്‍റെ മെഡിക്കൽ സംഘവും നടത്തുന്നുണ്ട്. എഐയുടെ സഹായത്തോടെ വികസിപ്പിക്കുന്ന പുതിയ ചികിത്സാരീതികളും ഭാവിയിൽ പരീക്ഷിക്കാൻ ഒരുങ്ങുകയാണെന്ന് ബ്രയാൻ വ്യക്തമാക്കിയിട്ടുണ്ട്.