നട്ടെല്ലിനെപ്പോലും മരവിപ്പിക്കുന്ന വേദനകൾക്ക് വേഗത്തിൽ ആശ്വാസം നൽകാൻ ഡോക്ടർമാർ സാധാരണയായി നൽകുന്ന ഔഷധവിഭാഗമാണ് 'ഓപ്പിയോയിഡുകൾ' (Opioids). എന്നാൽ, ഈ മരുന്നുകൾ വിചാരിച്ചത്ര ഫലപ്രദമൊന്നുമല്ലെന്നും പലപ്പോഴും വെറുമൊരു 'പ്ലാസിബോ' (ഗുണമൊന്നുമില്ലാത്ത വെറും പഞ്ചസാര ഗുളിക) പോലെ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നും വെളിപ്പെടുത്തല്‍! ഓസ്ട്രേലിയയിലെ സിഡ്നി സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് വേദനസംഹാരികളെക്കുറിച്ചുള്ള വലിയൊരു മിഥ്യാധാരണ തിരുത്തിയെഴുതിയത്. 

കടുത്ത വേദനയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്ന, മയക്കമുള്ളതും ലഹരിയുണ്ടാക്കുന്നതുമായ ശക്തമായ മരുന്നുകളാണ് ഒപ്പിയോയിഡുകൾ.ഒപ്പിയോയിഡ് മരുന്നുകളുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യുന്ന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പഠനമാണ് സിഡ്നി സര്‍വകലാശാലയില്‍ നടന്നത്. പതിറ്റാണ്ടുകളായി ആധുനിക വൈദ്യശാസ്ത്രം പിന്തുടരുന്ന ഒരു അലിഖിത നിയമമുണ്ട്. അസഹനീയമായ വേദന ഉണ്ടാകുമ്പോൾ ഒരു ഒപ്പിയോയിഡ് (Opioid) മരുന്ന് നൽകുക. അത് വലിയൊരു ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കഠിനമായ വേദനയോ, അസ്ഥിഭംഗം  മൂലമുള്ള തീവ്രമായ വേദനയോ, അല്ലെങ്കിൽ പെട്ടെന്നുണ്ടാകുന്ന മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നമോ ആകട്ടെ, ഒപ്പിയോയിഡുകൾ എപ്പോഴും വേദനസംഹാരികളുടെ ലോകത്തെ 'അവസാനത്തെ ആയുധം' ആയിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. ആളുകൾ അതിനെ വേദനയിൽ നിന്നുള്ള ഒരു ആത്യന്തിക രക്ഷാകവചമായി തന്നെ കാണുന്നു. എന്നാൽ ഈ ശക്തമായ വിശ്വാസത്തിന്‍റെ അടിത്തറ ഇളക്കുന്നതാണ് പുതിയ പഠനം. 

തീവ്രമായ വേദനയ്ക്ക് (acute pain) ഒപ്പിയോയിഡുകൾ എത്രത്തോളം ഫലപ്രദമാണെന്നതിനെക്കുറിച്ച് ലോകത്ത് ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും സമഗ്രമായ അവലോകനത്തിൽ ഗവേഷകർ ഒരു ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തിയിരിക്കുന്നു, ശക്തമായ, കടുത്ത നിയന്ത്രണങ്ങളുള്ള ഈ മരുന്നുകൾ പലപ്പോഴും വളരെ കുറഞ്ഞ ആശ്വാസം മാത്രമേ നൽകുന്നുള്ളൂ. അതിലുപരി സാധാരണയായി കാണപ്പെടുന്ന പല ആരോഗ്യപ്രശ്നങ്ങളിലും ഇവ വെറുമൊരു 'പ്ലാസിബോ'  പോലെ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. സിഡ്നി സർവകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിൽ പ്രമുഖ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠന റിപ്പോര്‍ട്ട് ഏതെങ്കിലും ഒരു ഒറ്റപ്പെട്ട പരീക്ഷണത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല. കുട്ടികളിലും മുതിർന്നവരിലും ഉള്ള അന്‍പതിലധികം വ്യത്യസ്തമായ വേദനകളെക്കുറിച്ചുള്ള 59 വ്യവസ്ഥാപിത അവലോകനങ്ങൾ (systematic reviews) വിശകലനം ചെയ്താണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിച്ചേർന്നത്.

പഠനത്തിൽ കണ്ടെത്തിയതെന്ത്?

പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം, പേശികളിലെയും അസ്ഥികളിലെയും വേദനയ്ക്ക് (musculoskeletal pain) ഒപ്പിയോയിഡുകൾ നൽകുന്നത് പ്ലാസിബോ ഗുളികകൾ നൽകുന്നതിനേക്കാൾ നേരിയ വ്യത്യാസം മാത്രമേ ഉണ്ടാക്കുന്നുള്ളൂ. സാധാരണയായി നടുവേദന, പേശിവേദന, സന്ധിവേദന എന്നിവയ്ക്കാണ് ഇവ വ്യാപകമായി നിർദ്ദേശിക്കപ്പെടാറുള്ളത്. ഈ മരുന്നുകൾ വേദനയ്ക്ക് അല്പം ആശ്വാസം നൽകിയാൽ പോലും അത് വളരെ ചുരുങ്ങിയ സമയം മാത്രമേ നീണ്ടുനിൽക്കുന്നുള്ളൂ. സാധാരണയായി മരുന്ന് കഴിച്ച് ആറ് മുതൽ 48 മണിക്കൂറിനുള്ളിൽ ഇതിന്റെ ഫലം ഇല്ലാതാകും. ഏറെ പാര്‍ശ്വഫലങ്ങളുള്ള ഒരു മരുന്ന് കഴിച്ചിട്ടും ഏതിന്‍റെ ഫലം ഏതാനും മണിക്കൂറുകള്‍ മാത്രമാണ് നീണ്ടുനില്‍ക്കുന്നത് എന്ന് ചുരുക്കം. 

അതിനേക്കാള്‍ ഞെട്ടിക്കുന്ന കാര്യം ചില കഠിനമായ വേദനകളിൽ ഒപ്പിയോയിഡുകൾ പൂർണ്ണമായും പരാജയപ്പെട്ടു എന്നതാണ്. വൃക്കയിലെ കല്ല് (kidney stones) മൂലമുണ്ടാകുന്ന അസഹനീയമായ വേദന, ചിലതരം കൈകാലുകളിലെ ശസ്ത്രക്രിയകൾ, കുട്ടികളിലെ ടോൺസിലൈറ്റിസ് ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദന, പ്രസവസമയത്ത് കൃത്രിമ ശ്വാസോച്ഛ്വാസം നൽകുന്ന നവജാതശിശുക്കളുടെ വേദന എന്നിവയിലൊന്നും തന്നെ ഒപ്പിയോയിഡ് മരുന്നുകൾക്ക് വെറുമൊരു പഞ്ചസാര ഗുളികയേക്കാൾ കൂടുതൽ യാതൊരു ഗുണവും ചെയ്യാൻ കഴിഞ്ഞില്ല.

‘തീവ്രമായ വേദനയ്ക്ക് ഒപ്പിയോയിഡുകളാണ് ഏറ്റവും മികച്ച പ്രതിവിധി എന്ന പരമ്പരാഗത വിശ്വാസത്തെ ഞങ്ങളുടെ ഗവേഷണം ചോദ്യം ചെയ്യുന്നു’എന്ന് പഠനത്തിന്റെ സഹ രചയിതാവായ അസോസിയേറ്റ് പ്രഫസർ ജോഷ്വ സാദ്രോ വ്യക്തമാക്കുന്നു. ഇതിന്റെ ഗുണങ്ങൾ വളരെ കുറഞ്ഞതും, താൽക്കാലികവും, പലപ്പോഴും ഇല്ലാത്തതുമാണെന്ന് തെളിയിക്കപ്പെട്ടതോടെ ഫലപ്രദമല്ലാത്ത മരുന്നുകളാണ്  അമിതമായി രോഗികൾക്ക് കുറിച്ചു നൽകുന്നതെന്ന യാഥാര്‍ഥ്യം തിരിച്ചറിയണമെന്നും പഠന റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. വൈദ്യശാസ്ത്രത്തിൽ ഏത് ചികിത്സയും അതിന്റെ ഗുണങ്ങളും ദോഷങ്ങളും കണക്കുകൂട്ടിയ ശേഷമാണ് നിശ്ചയിക്കുന്നത്. ഒപ്പിയോയിഡുകളുടെ ഗുണം വളരെ കുറവാണെങ്കിലും അതിന്റെ ദോഷങ്ങൾ ഭയപ്പെടുത്തുന്ന വിധം വളരെ കൂടുതലാണ്. സിഡ്നി സർവകലാശാലയുടെ പഠനം വ്യക്തമാക്കുന്നത്, പല്ലിലെ ശസ്ത്രക്രിയകൾ, പ്രസവം, അല്ലെങ്കിൽ കൈകാലുകൾക്കുണ്ടാകുന്ന ഗുരുതരമായ പരിക്കുകൾ തുടങ്ങിയ ചില പ്രത്യേക സാഹചര്യങ്ങളിൽ ചുരുങ്ങിയ കാലയളവിലേക്ക് ഒപ്പിയോയിഡുകൾ നേരിയ ആശ്വാസം നൽകുമെങ്കിലും, ഇവയുടെ പതിവായ ഉപയോഗം ഗുരുതരമായ പാർശ്വഫലങ്ങളിലേക്ക് നയിക്കുമെന്നാണ്. കഠിനമായ ഓക്കാനം, ഛർദ്ദി, അമിതമായ മയക്കം എന്നിവ ഇതിൽ സാധാരണമാണ്. ഇതിലൊക്കെ ഉപരി ഇതിന്റെ ഏറ്റവും വലിയ അപകടം, മനുഷ്യശരീരം അതിവേഗം ഈ മരുന്നുകള്‍ക്ക് അടിമപ്പെടും എന്നതാണ്. തീവ്രമായ വേദനയ്ക്കായി ആദ്യമായി ഒപ്പിയോയിഡ് മരുന്നുകൾ ഉപയോഗിച്ച് തുടങ്ങിയാൽ പോലും  ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ശരീരം ഇതിന് അടിമപ്പെട്ടുപോകാൻ സാധ്യതയുണ്ടെന്ന് പഠനത്തിന്റെ മറ്റൊരു സഹ രചയിതാവായ ഡോ. സ്റ്റെഫാനി മാത്യൂസൺ മുന്നറിയിപ്പ് നൽകുന്നു. 

ആഗോളതലത്തിലുള്ള സുരക്ഷാ രേഖകളെക്കുറിച്ചും ഗവേഷകർ വലിയൊരു ആശങ്ക പങ്കുവെക്കുന്നുണ്ട്. മുൻകാലങ്ങളിൽ നടന്ന പല ക്ലിനിക്കൽ പരീക്ഷണങ്ങളിലും ഈ മരുന്നുകളുടെ പാർശ്വഫലങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. ഇതിനർത്ഥം, മരുന്നിനോടുള്ള അമിത ആസക്തി, ദുരുപയോഗം, ആശുപത്രിവാസം, ശ്വാസതടസ്സം, മരണം എന്നിവയുൾപ്പെടെയുള്ള ഒപ്പിയോയിഡ് ഉപയോഗത്തിന്റെ യഥാർത്ഥ അപകടങ്ങൾ നിലവിൽ മെഡിക്കൽ ചാർട്ടുകളിൽ ഉള്ളതിനേക്കാൾ വളരെ കൂടുതലാകാനാണ് സാധ്യത എന്നതുകൂടിയാണ്. 

ഈ പഠനം ഇന്ത്യയിലെ ആരോഗ്യരംഗത്തിനും വലിയൊരു പാഠമാണ് നൽകുന്നത്. ഇന്ത്യയിലെ നഗരങ്ങളിലെ ആശുപത്രികളിൽ, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സുഖംപ്രാപിക്കലിനും കഠിനമായ അസ്ഥിരോഗ പരുക്കുകൾക്കും ഒപ്പിയോയിഡ് അടങ്ങിയ മരുന്നുകൾ കുറിച്ചു നൽകുന്നത് ക്രമാതീതമായി വർദ്ധിച്ചുവരുന്നുണ്ട്. പലരും ഡോക്ടർമാരോട് 'ശക്തമായ' മരുന്നുകൾക്കായി നിർബന്ധിക്കാറുമുണ്ട്. എന്നാൽ  'വീര്യമേറിയത്' എന്നാൽ അത് 'മികച്ചതാണ്' എന്ന് അർത്ഥമില്ല, 'സുരക്ഷിതമാണെന്ന്' ഒട്ടും അർത്ഥമില്ല എന്ന സുപ്രധാന മുന്നറിയിപ്പാണ് ഈ പഠനം ഇന്ത്യൻ ഉപഭോക്താക്കൾക്കും ഡോക്ടർമാർക്കും ഒരേപോലെ നൽകുന്നത്. 

ENGLISH SUMMARY:

Opioids are often prescribed for severe pain, but a landmark study from Sydney University suggests they may be less effective than commonly believed, acting more like a placebo in many cases. This research challenges decades of established medical practice regarding their use in pain management