സ്കോളിയോസിസ് പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനായി സ്കൂൾ വിദ്യാർഥികളിൽ പരിശോധനകൾ നടത്തുന്ന ‘സ്റ്റാൻഡ് സ്ട്രെയിറ്റ്’ പദ്ധതിക്ക് വി.പി.എസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിൽ തുടക്കമായി. ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈൻ ആൻഡ് സ്കോളിയോസിസ് സർജറി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മരട് മുൻസിപ്പാലിറ്റി കൗൺസിലർ ദിവ്യ അനിൽകുമാർ നിർവഹിച്ചു. സ്കോളിയോസിസിനെക്കുറിച്ച് അറിയാത്ത മാതാപിതാക്കളും അധ്യാപകരും സമൂഹത്തിൽ നിരവധിയുണ്ടെന്ന് കൗൺസിലർ പറഞ്ഞു. അവരിൽ അവബോധം സൃഷ്ടിക്കുന്നതിന് കേരളത്തിൽ ആദ്യമായി സ്കൂളുകൾ കേന്ദ്രീകരിച്ച് ക്യാംപ് സംഘടിപ്പിക്കുന്ന ലേക്‌ഷോറിന്‍റെ പദ്ധതി അഭിനന്ദനാർഹമാണ്. മുൻകൂട്ടി തിരിച്ചറിയാനായാൽ സ്കോളിയോസിസ് ശസ്ത്രക്രിയ ഇല്ലാതെ തന്നെ മാറ്റിയെടുക്കാനാകും. 

വി.പി.എസ് ലേക്‌ഷോര്‍ സി.ഇ.ഒ ജയേഷ് വി. നായർ അധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈൻ ആൻഡ് സ്കോളിയോസിസ് സർജറി വിഭാഗം മേധാവി ഡോ. ആർ. കൃഷ്ണകുമാർ പദ്ധതി വിശദീകരിച്ചു. നൂറിൽ രണ്ട് മുതൽ നാല് വരെ കുട്ടികളുടെ നട്ടെല്ല് വളയാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്കോളിയോസിസിനെക്കുറിച്ച് കൃത്യമായ അവബോധം നൽകുന്നതിന് സമൂഹത്തിൽ ഇടപെടുന്നതിന്‍റെ ഭാഗമായിട്ടാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വി.പി.എസ് ലേക്‌ഷോര്‍ ഗ്രൂപ്പ് സി.ഇ.ഓ അഭിഷേക് പൊഡുരി സംസാരിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്ണോയ് സ്വാഗതവും കമ്പനി സെക്രട്ടറി ആർ. മുരളീധരൻ നന്ദിയും പറഞ്ഞു.

സ്കോളിയോസിസ്

നട്ടെല്ല് വശങ്ങളിലേക്ക് അസ്വാഭാവികമായി വളയുന്ന അവസ്ഥയാണ് സ്കോളിയോസിസ്. ഇത് സാധാരണയായി കൗമാരപ്രായത്തിലാണ് (10-15 വയസ്സ്) കണ്ടുവരുന്നത്. നട്ടെല്ലിന്റെ ഈ വളവ് 'C' അല്ലെങ്കിൽ 'S' ആകൃതിയിലാകാം. അധികം വേദന ഉണ്ടാക്കാറില്ലെങ്കിലും, കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ഭാവിയിൽ നടുവേദനയ്ക്കും ശ്വാസകോശ പ്രശ്നങ്ങൾക്കും ഇത് കാരണമാകാം

ENGLISH SUMMARY:

VPS Lakeshore Hospital has launched the ‘Stand Straight’ initiative to identify scoliosis among school students through early screening and awareness programs. Led by the Institute of Spine and Scoliosis Surgery, the project aims to improve early diagnosis, educate parents and teachers, and ensure timely treatment. Experts say early detection can help manage scoliosis without surgery in many cases.