എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

സ്നേഹം പ്രകടിപ്പിക്കാന്‍ മാത്രമല്ല, ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും ചുംബനം നല്ലമരുന്നാണ്. മാനസിക സമ്മര്‍ദം കുറയ്ക്കാനും ഹാപ്പി ഹോര്‍മോണുകളെ ഉദ്ദീപിപ്പിക്കാനും തുടങ്ങി കൊളസ്ട്രോള്‍ കുറയ്ക്കാനും ദന്താരോഗ്യത്തിനുമെല്ലാം ചുംബനം നല്ലതാണ്. എന്നാല്‍ അതേ ചുംബനം മരുന്നല്ലാതായി മാറുമോ? അപടകാരിയാകുമോ?

ഇത്തരമൊരവസ്ഥയാണ് ചുംബനരോഗം അഥവാ ഇന്‍ഫെക്‌ഷ്യസ് മോണോന്യൂക്ലിയോസിസ്. എപ്സ്റ്റീന്‍-ബാര്‍ വൈറസ് മൂലമുണ്ടാകുന്ന രോഗമാണിത്. ചുംബിക്കുന്ന സമയം ഉമിനീരിലൂടെയാണ് ഈ വൈറസ് കൈമാറ്റം ചെയ്യപ്പെടുന്നത്. അതുകൊണ്ടു തന്നെ കിസ്സിങ് ഡിസീസ് എന്നും ഇതിന് പേരുണ്ട്. സാധാരണ പനിയും ജലദോഷവുമാണ് ഈ രോഗത്തിന്റെയും ലക്ഷണം. സന്ധിവേദന, തൊണ്ടവേദന എന്നിവയും ലക്ഷണങ്ങളാണ്. വൈറസ്‌ ശരീരത്തിലെത്തിയാല്‍ രോഗലക്ഷണം കണ്ടു തുടങ്ങാന്‍ ഒന്നോ രണ്ടോ ആഴ്ചയെടുക്കുകയും ചെയ്യും.

കൃത്യാമയ ചികില്‍സയിലൂടെ രോഗം ഭേദമാകും. എന്നാല്‍ പുതുതായി പുറത്തുവന്ന പഠനങ്ങള്‍ പ്രകാരം ചുംബന രോഗം ഉണ്ടായവരില്‍ മൾട്ടിപ്പിൾ സ്ക്ലിറോസിസ് (എംഎസ്) ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയിലധികമാണത്രേ. യുഎസിലെ മയോ ക്ലിനിക്കിന്‍റെ നേതൃത്വത്തിലുള്ള റോച്ചസ്റ്റർ എപ്പിഡെമിയോളജി പ്രോജക്റ്റ് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.

19,000 വ്യക്തികളെ നിരീക്ഷിച്ചായിരുന്നു പഠനം. ഇതില്‍ മോണോന്യൂക്ലിയോസിസ് ബാധിച്ചവരിൽ 0.17% പേർക്ക് എംഎസ് ബാധിച്ചതായും അണുബാധയില്ലാത്തവരിൽ ഈ നിരക്ക് 0.07% ആണെന്നുമാണ് കണ്ടെത്തിയത്. ലോകത്തില്‍ ഏറ്റവും സാധാരണമായ അണുബാധയാണ് മോണോന്യൂക്ലിയോസിസിന് കാരണമാകുന്ന എപ്‌സ്റ്റൈൻ-ബാർ വൈറസ്. ഇത് ബാധിച്ചവരില്‍ എംഎസ് കേസുകൾ നേരത്തെയും പ്രത്യക്ഷപ്പെട്ടിരുന്നു.

അതേസമയം. എപ്സ്റ്റീന്‍- ബാര്‍ വൈറസും മൾട്ടിപ്പിൾ സ്ക്ലിറോസിസും തമ്മില്‍ ബന്ധമുണ്ടെങ്കിലും ചുംബനരോഗം കൊണ്ട് മാത്രം മൾട്ടിപ്പിൾ സ്ക്ലിറോസിസ് വരില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ജനിതക, പാരിസ്ഥിതിക സാഹചര്യങ്ങള്‍ രോഗപ്രതിരോധ ശേഷി എന്നിങ്ങനെ പലഘടകങ്ങളും രോഗത്തെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജനിതകമായി രോഗത്തിന് സാധ്യതയുള്ള വ്യക്തികളിൽ മാത്രമേ ഈ വൈറസ് മൾട്ടിപ്പിൾ സ്ക്ലിറോസിസിനുള്ള പ്രേരകശക്തിയായി മാറൂ എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എംഎസ് വികസിക്കാനുള്ള അപകടസാധ്യത കുറവാണെന്നും അനാവശ്യമായ പരിശോധന ഉത്കണ്ഠയ്ക്ക് കാരണമാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

തലച്ചോറും നട്ടെല്ലും അടങ്ങുന്ന കേന്ദ്ര നാഡീവ്യൂഹ സംവിധാനത്തെ ബാധിക്കുന്ന രോഗമാണ് മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്(എംഎസ്). പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ ഓട്ടോ ഇമ്മ്യൂണ്‍ രോഗം കൂടുതല്‍ കണ്ടു വരുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം നാഡീകോശങ്ങളുടെതന്നെ ആവരണത്തെ ആക്രമിക്കുന്ന ഈ രോഗാവസ്ഥ തലച്ചോറും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള വിനിമയത്തെ പ്രതികൂലമായി ബാധിക്കുന്നു.

ENGLISH SUMMARY:

A new study by the Rochester Epidemiology Project highlights a significant link between Infectious Mononucleosis (Kissing Disease) and Multiple Sclerosis (MS). Research shows that individuals infected with the Epstein-Barr Virus (EBV) have a three times higher risk of developing MS later in life. While EBV is a common trigger, experts suggest that genetics and environmental factors also play a crucial role in the onset of this autoimmune disorder, which affects the central nervous system. Early diagnosis of Mononucleosis symptoms like fever and sore throat is essential, though MS risk remains relatively low for most.