സ്ഥിരം ബീജദാതാവ് ദാനംചെയ്ത ബീജത്തില്‍ കാന്‍സര്‍ ജീന്‍ ഒളിഞ്ഞിരിക്കുന്നെന്ന കണ്ടെത്തല്‍ യൂറോപ്യന്‍ രാജ്യങ്ങിലെ ആരോഗ്യമേഖലയെ ആകെ പിടിച്ചുലച്ചിരിക്കുകയാണ്. ബീജം ദാനം ചെയ്ത ആ യുവാവിന്‍റെ ബീജത്തില്‍ നിന്ന് യൂറോപിലാകമാനം 200നടുത്ത് കുഞ്ഞുങ്ങളാണ് ജനിച്ചത്. എന്നാല്‍ യുവാവിന്‍റെ ഡിഎന്‍എയില്‍ ഒളിഞ്ഞിരിക്കുന്ന കാന്‍സര്‍ ജീനിനെ പിന്നീടാണ് കണ്ടെത്തിയത്. ഇതോടെ യുവാവിന്‍റെ ബീജത്തില്‍ നിന്ന് ജനിച്ച കുഞ്ഞുങ്ങള്‍ക്കായി വ്യാപക തിരച്ചിലാണ് യൂറോപ്പിലാകെ നടക്കുന്നത്.
യുകെ സ്വദേശിയായ യുവാവ് ഡെന്‍മാര്‍ക്കില്‍ വച്ചാണ് തന്‍റെ ബീജം ദാനം ചെയ്തത്. TP53 എന്ന ജീനാണ് പ്രശ്നക്കാരനായത്. സാധാരണ ഈ ജീന്‍ കാന്‍സറിനെ തടയാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ യുവാവില്‍ ഒളിഞ്ഞിരിക്കുന്ന ജീന്‍ കുഞ്ഞുങ്ങളിലെത്തുന്നതോടെ ഇത് അവരുടെ എല്ലാ കോശങ്ങളിലും എത്തുന്നു. ഇത് ലീ ഫ്ര്യൂമെനി സിന്‍ഡ്രോം എന്ന അസുഖത്തിന് കാരണമാകുന്നു. അപൂര്‍വമെങ്കിലും ഈ രോഗം വരുന്നതോടെ രക്ഷകനാകേണ്ട TP53 വില്ലനാകുന്നു. രോഗം ബാധിച്ച വ്യക്തികള്‍ക്ക് 60 വയസിനുള്ളില്‍ കാന്‍സര്‍ വരാനുള്ള സാധ്യത 90 ശതമാനമാണ്.
സ്തനാര്‍ബുദം, ബ്രെയിന്‍ ട്യൂമര്‍, അസ്ഥി അര്‍ബുദം, ത്വക്ക് അര്‍ബുദം കുഞ്ഞുങ്ങളിലെ പല തരം അര്‍ബുദങ്ങള്‍ എന്നിവയ്ക്ക് ഇത് കാരണമാകുന്നു. ബിബിസി അടക്കം 13 രാജ്യാന്തര വാര്‍ത്താ ബ്രോഡ്കാസ്റ്ററുകള്‍ നടത്തിയ അന്വേഷണത്തില്‍ യുവാവിന് പിറന്ന ചില കുഞ്ഞുങ്ങള്‍ ഇതിനോടകം മരണപ്പെട്ടെന്ന് കണ്ടെത്തി.
2005 മുതലാണ് യുവാവ് തന്‍റെ ബീജം വിറ്റത്. എല്ലാ പരിശോധനയിലും യുവാവ് വിജയിച്ചിരുന്നു. 17 വര്‍ഷമായി ഇയാളുടെ ബീജം പല ഗര്‍ഭധാരണങ്ങള്‍ക്കും ഉപയോഗിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ TP53 ജീനിനെ തിരിച്ചറിയാന്‍ സംവിധാനങ്ങളില്ലായിരുന്നു. വളരെയധികം ആളുകള്‍ക്ക് യുവാവിന്‍റെ ബീജം ഉപയോഗിച്ച് ഗര്‍ഭധാരണം നടത്തിയിട്ടുണ്ട്. എല്ലാ കുടുംബങ്ങളോടൊപ്പം തങ്ങള്‍ വേദന പങ്കുവയ്ക്കുന്നു എന്നായിരുന്നു ചികില്‍സയ്ക്ക് പിന്നിലെ ക്ലിനിക്ക് പ്രതികരിച്ചത്.
യൂറോപ്യന്‍ സൊസൈറ്റി ഓഫ് ഹ്യൂമന്‍ ജെനറ്റിക്സ് നടത്തിയ പരിശോധനയിലാണ് കുഞ്ഞുങ്ങള്‍ക്കിടയില്‍ പൊടുന്നനെ ഉയര്‍ന്നുവന്ന കാന്‍സര്‍ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ കുഞ്ഞുങ്ങളുടെ പിതാവ് ഒരാള്‍ തന്നെയെന്ന് കണ്ടെത്തി. രോഗം ബാധിച്ച 67 കുഞ്ഞുങ്ങളില്‍ 23 പേര്‍ക്കും TP53 ജീന്‍ ഉണ്ടെന്നും 10 പേര്‍ ഇതിനോടകം കാന്‍സര്‍ ബാധിതരായെന്നും കണ്ടെത്തി. ഇതേ യുവാവിന്‍റെ ബീജം ഉപയോഗിച്ച് ലോകമാകമാനം 197 കുഞ്ഞുങ്ങള്‍ ജനിച്ചിട്ടുണ്ടെന്നാണ് സംഘടനയുടെ നിരീക്ഷണം. ഇതിനോടകം പല കുടുംബങ്ങളെയും കണ്ടെത്തുകയും കുഞ്ഞുങ്ങളെ നിരീക്ഷിക്കാനും തുടങ്ങിയതായി സംഘടന പറഞ്ഞു.
കുഞ്ഞുങ്ങളില്ലാത്ത പല ദമ്പതികള്‍ക്കും ചിലപ്പോള്‍ രക്ഷയാവുന്ന ചികില്‍സാരീതിയാണ് ആര്‍ടിഫിഷ്യല്‍ ഇന്‍സെമിനേഷന്‍. ശുക്ലത്തില്‍ നിന്ന് ആരോഗ്യമുള്ള ബീജം തിരഞ്ഞെടുത്ത് അത് അണ്ഡവുമായി സംയോജിപ്പിക്കുന്ന രീതിയാണിത്. എന്നാല്‍ പുരുഷന് ആരോഗ്യമില്ലാത്ത ബീജമാണെങ്കില്‍ മറ്റൊരാളുടെ ബീജം എടുത്ത് ഗര്‍ഭം ധരിക്കാറുണ്ട്. ഇത്തരത്തില്‍ ഉപയോഗിക്കുന്നതിനായാണ് ബീജദാനം എന്ന പദ്ധതി നടത്തുന്നത്. ബീജം ദാനം ചെയ്യുന്ന പുരുഷന്‍ പൂര്‍ണ ആരോഗ്യവാനാണോ എന്ന് നിരീക്ഷിച്ച് മാത്രമേ ബീജം ശേഖരിക്കുകയുള്ളു.