സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്കജ്വരം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരുമാസത്തിനിടെ നാലുപേരാണ് രോഗം ബാധിച്ച് മരിച്ചത്. മൂന്നുമാസം പ്രായമുള്ള കുഞ്ഞ് അടക്കം രണ്ട് കുട്ടികളും മരണത്തിന് കീഴടങ്ങി. മൂന്നുവര്‍ഷം മുമ്പ് വരെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ഷത്തില്‍ ഒന്നായിരുന്നു. എന്നാല്‍ ഇന്ന് ദിവസവും ഒരു കേസെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍.
ശുദ്ധജലത്തില്‍ വളരുന്ന അമീബയാണ് വില്ലന്‍. കാലാവസ്ഥ വ്യതിയാനവും മലിനമായ ജലസ്രോതസുകളുമാണ് അമീബ പ്രശ്നമായി മാറുന്നതിന്‍റെ പ്രധാനകാരണമായി ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രോഗബാധയുടെ ഉറവിടം പരിശോധിച്ചാല്‍ വീട്ടിലെ കിണര്‍ പോലും സുരക്ഷിതമല്ലെന്ന് മനസിലാവും.
കിണറും കുടിവെള്ളടാങ്കും വൃത്തിയാക്കുന്നതില്‍ നിന്ന് മലയാളികള്‍ പിന്നോട്ട് പോയതും രോഗബാധിതരുടെ എണ്ണം വേഗത്തിലാക്കി.കുളം, തോട് എന്നിവയില്‍ മുങ്ങികുളിക്കുന്നതും രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്‍റെ പ്രധാനകാരണമാണ്. കോഴിക്കോട് താമരശേരിയില്‍ മരിച്ച ഒമ്പതുവയസുകാരി മഴവെള്ളം നിറഞ്ഞ കുളത്തില്‍ മുങ്ങികുളിച്ചതാണ് രോഗം പിടിപ്പെടാനുള്ള കാരണമായി ആരോഗ്യവിദഗദ്ധര്‍ കരുതുന്നത്. മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് രോഗം ബാധിച്ചതാകട്ടെ സ്വന്തം വീട്ടിലെ കിണറില്‍ നിന്നും.
വില്ലന്മാരാവുന്ന അമീബകള്‍
വെള്ളത്തില്‍ നിന്ന് അമീബ മൂക്കിലൂടെ കയറി തലച്ചോറില്‍ കേടുപാടുകളുണ്ടാക്കുന്നതാണ് അമീബിക് മസ്തിഷ്ക ജ്വരം. നാലുതരത്തിലുള്ള അമീബകളായ നെഗ്ലേറിയ, അകാന്തമീബ, വെര്‍മമീബ, ബാലമുത്തിയ എന്നിവയെയാണ് സാധാരണയായി കണ്ടുവരുന്നത്. ഇവ ശരീരത്തില്‍ പ്രവേശിക്കുന്നത് മുതല്‍ രോഗലക്ഷണങ്ങള്‍ വരെ വ്യത്യസ്തമാണ്. നെഗ്ലേറിയ, അകാന്തമീബ എന്നിവയാണ് ഏറ്റവും അപകടകാരി.
നെഗ്ലേറിയ വിഭാഗത്തിലുള്ള അമീബ ശരീരത്തില്‍ കയറുന്നത് വെള്ളത്തില്‍ നിന്ന് മൂക്കിലൂടെയാണ്. മൂക്കിന്‍റെ അറ്റത്തെ തലയോട്ടിയുമായി വേര്‍തിരിക്കുന്ന എല്ലിലെ സുഷിരങ്ങളിലൂടെയാണ് തലച്ചോറിലെത്തുന്നത്. കുട്ടികളില്‍ ഇതുപൂര്‍ണമായും വികസിക്കാത്തതുകാരണം അമീബ പെട്ടെന്ന് തലച്ചോറിലെത്തും.
നെഗ്ലേറിയ അടങ്ങിയ വെള്ളം ശക്തിയില്‍ മൂക്കിനുള്ളിലേക്ക് പ്രവേശിച്ചാല്‍ അമീബ തലയോട്ടിയുടെ സുരക്ഷാഭിത്തിയും ഭേദിച്ച് അകത്തകയറും. മസ്തിഷകത്തില്‍ കേടുപാടുകള്‍ ഉണ്ടാക്കാന്‍ ഇത്തരം അമീബകള്‍ക്ക് കഴിയും. പനി, ഛര്‍ദ്ദി, പെരുമാറ്റത്തിലെ വ്യത്യാസം, അപസ്മാരം, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. മരണസാധ്യത ഏറ്റവും കൂടുതല്‍ ഇത്തരം അമീബകള്‍ക്കാണ്.
അകാന്തമീബ വിഭാഗത്തിലുള്ള എങ്ങനെ വേണമെങ്കിലും ശരീരത്തിലെത്താം. രോഗപ്രതിരോധശേഷി കുറയുന്ന സമയത്ത് കരുതാര്‍ജ്ജിക്കുന്നവയാണിവ. വളരെ സാവധാനമാണ് തലച്ചോറില്‍ കേടുപാടുകള്‍ ഉണ്ടാക്കുക. കാന്‍സര്‍, കരള്‍ രോഗികള്‍ തുടങ്ങിയവരില്‍ അപൂര്‍വമായി ബാധിക്കുന്ന അമീബിക് മസ്തിഷ്കജ്വരത്തിന്‍റെ കാരണം അകാന്തമീബകളാണ്. രോഗലക്ഷണങ്ങള്‍ മാസങ്ങളും ആഴ്ചകളും നീണ്ടുനില്‍ക്കും. നെഗ്ലേറിയയുടെ അത്ര അപകടകാരിയല്ലെങ്കിലും മരണസാധ്യത കൂടുതലാണ്.
എങ്ങനെ പ്രതിരോധിക്കാം
കെട്ടികിടക്കുന്ന വെള്ളത്തിലുള്ള മുങ്ങികുളി ഒഴിവാക്കാം. സ്വീമ്മിങ് പൂളുകള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്യാം. മൂക്കിലേക്ക് വെള്ളം ഒഴിക്കുന്നതും ഒഴിവാക്കണം. കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യാം. കുളിക്കുമ്പോള്‍ തല താഴ്ത്തി വെച്ച് വെള്ളം ഒഴിക്കാം. ഷവറില്‍ കുളിക്കുമ്പോള്‍ മുഖം ഉയര്‍ത്തി മൂക്കിലേക്ക് വെള്ളം നേരിട്ട് വീഴുന്ന രീതി ഒഴിവാക്കണം.