ശരീരം മെലിഞ്ഞിരിക്കാനായി വിദഗ്ദ്ധോപദേശങ്ങളില്ലാതെ ഡയറ്റ് പരീക്ഷണങ്ങൾ നടത്തുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. എന്നാൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നതിന് പുതിയൊരു ഉദാഹരണമാണ് ചൈനയിൽ നിന്നുള്ള ഒരു സംഭവം.പിറന്നാള്‍ ദിനത്തില്‍ മെലിഞ്ഞിരിക്കാനായി ഇത്തരത്തില്‍ ഡയറ്റ് എടുത്ത് ആശുപത്രിയിലായിരിക്കുകയാണ് ചൈനയിലെ ഒരു പതിനാറുകാരി. തന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ വസ്ത്രം ധരിക്കുന്നതിന് വേണ്ടിയായിരുന്നു ഈ ഡയറ്റ്.
ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള മേയ് എന്ന പെൺകുട്ടിക്കാണ് ഈ ദുരനുഭവമുണ്ടായത്. തന്റെ ജന്മദിനത്തിനായി ശരീരഭാരം കുറയ്ക്കാനും പുതിയ വസ്ത്രം ധരിക്കാനായി മെലിഞ്ഞിരിക്കാനും മേയ് ഡയറ്റ് തുടങ്ങിയത്. ഇതിനായി രണ്ടാഴ്ചയോളം ഭക്ഷണം കുറച്ചു. വളരെ കുറഞ്ഞ അളവിൽ പച്ചക്കറികൾ മാത്രമാണ് മേയ് കഴിച്ചിരുന്നത്. പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നാണ് അവൾ വിശ്വസിച്ചത്.
എന്നാൽ പെട്ടെന്നൊരു ദിവസം മേയ്‌ക്ക് കൈകാലുകൾക്ക് ബലക്ഷയം അനുഭവപ്പെടുകയും ശ്വാസതടസ്സം നേരിടുകയും ചെയ്തു. ഇതോടെ ഗുരുതരാവസ്ഥയിലായ അവളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യപരിശോധനയിൽ മേയുടെ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് അപകടകരമാം വിധം താഴ്ന്ന നിലയിലാണെന്ന് കണ്ടെത്തി. ഹൈപ്പോകലീമിയ എന്നറിയപ്പെടുന്ന ഈ ഗുരുതരമായ അവസ്ഥയാണ് അവളുടെ ആരോഗ്യനില വഷളാക്കിയത്. പേശീബലഹീനത, പേശിവേദന, അമിതമായ ക്ഷീണം, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ, കൈകാലുകളിൽ മരവിപ്പ്, ഓക്കാനം, ഛർദ്ദി, തലകറങ്ങൽ, വിട്ടുമാറാത്ത തളർച്ച എന്നിവയെല്ലാം ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
ഇത്തരത്തിലുള്ള ഗുരുതരമായ പൊട്ടാസ്യം കുറവ് ശ്വാസതടസ്സത്തിനും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനും കാരണമാകാമെന്നും ശരീരത്തിലെ പേശികളുടെയും നാഡികളുടെയും ശരിയായ പ്രവർത്തനത്തിന് പൊട്ടാസ്യം അത്യന്താപേക്ഷിതമാണെന്നും കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കി പലപ്പോഴും തെറ്റായ ഭക്ഷണക്രമവും നിർജ്ജലീകരണവുമാണ് പൊട്ടാസ്യം കുറയാനുള്ള പ്രധാന കാരണങ്ങളെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ആരോഗ്യമുള്ള ജീവിതത്തിന് ആവശ്യമാണ്.
പൊട്ടാസ്യത്തിന്റെ അളവ് സാധാരണ നിലയിൽ നിലനിർത്തുന്നതിന് വാഴപ്പഴം, ചിക്കൻ, ഉരുളക്കിഴങ്ങ് തുടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുകയും ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തുകയും ചെയ്യേണ്ടതുണ്ട്. ആരോഗ്യപരമായ കാര്യങ്ങളിൽ വിദഗ്ദ്ധോപദേശം തേടാതെ സ്വയം തീരുമാനമെടുക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ശരീരത്തിന്റെ ആവശ്യകതകൾ മനസ്സിലാക്കി, ആരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമവും ശീലമാക്കുക എന്നതാണ് സുരക്ഷിതമായ മാർഗ്ഗം.