എല്ലാവരുടെയും പ്രഭാതചര്യയെ ബാധിക്കുന്ന അറപ്പുളവാക്കുന്ന ഒരു സ്ഥിവിവരക്കണക്കാണ് പുറത്തുവന്നിരിക്കുന്നത്. നമ്മുടെ 60ശതമാനം ടൂത്ത് ബ്രഷുകളും മലം കൊണ്ട് മലിനമാണ് എന്ന ഞെട്ടിക്കുന്ന സത്യം. ഇതിനു കാരണം എന്താണെന്നല്ലേ?. കുളിമുറി ബാക്ടീരിയകളുടെ ഒരു കളിസ്ഥലമായതുകൊണ്ട് തന്നെ! ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പഠിച്ചിറങ്ങിയ ഫിസിഷ്യനായ ഡോ. സാമുവൽ ചൗധരിയാണ് ടൂത്ത് ബ്രഷുകളുടെ ശുചിത്വത്തെക്കുറിച്ചും അവ എങ്ങനെ ബാക്ടീരിയ മുക്തമാക്കാമെന്നും കാണിച്ച് പോസ്റ്റ് പങ്കുവെച്ചത്.
ടോയ്‌ലറ്റുകൾ ഫ്ലഷ് ചെയ്യുന്നതാണ് ഇവിടെ പ്രധാന വില്ലന്‍. ടോയ്ലെറ്റില്‍ ഫ്ലഷ് ചെയ്യുമ്പോള്‍ വിസര്‍ജ്യത്തിന്‍റെ കണികകള്‍ വായുവില്‍ കലരുന്നുണ്ട്. ഫ്ലഷിംഗ് വായുവിലേക്ക് 6 അടി വരെ വെള്ളത്തിന്‍റെയും ബാക്ടീരിയയുടെയും സൂക്ഷ്മ കണികകൾ പുറപ്പെടുവിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. ഈ കണികകള്‍ സിങ്കിലും സോപ്പിലും ടൂത്ത് ബ്രഷിലും സ്ഥിരതാമസമാക്കുന്നു. ഈർപ്പം, മോശം വായുസഞ്ചാരം എന്നിവയും ടൂത്ത്ബ്രഷുകള്‍ മലീമസമാക്കാന്‍ ഇടയാക്കുന്നു. ഫ്ലഷ് ചെയ്യുന്നതിന് മുമ്പ് എല്ലായ്പ്പോഴും ടോയ്‌ലറ്റ് ലിഡ് അടയ്ക്കുക എന്നതാണ് ഇതിനുള്ള പോംവഴി.
ബ്രഷ് ടോയ്‌ലറ്റിൽ നിന്ന് അകലെ സൂക്ഷിക്കുക
നിങ്ങളുടെ ബ്രഷ് ടോയ്‌ലറ്റിനോട് അടുക്കുന്തോറും വിസര്‍ജ്യത്തിന്‍റെ കണികകള്‍ ആഗിരണം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ടൂത്ത് ബ്രഷ് കുറഞ്ഞത് 1 മീറ്റർ അകലെ വയ്ക്കുക അല്ലെങ്കിൽ വെന്‍റിലേഷൻ ഉള്ള സ്ഥലത്ത് വയ്ക്കുക.
നനവില്ലാതെ സൂക്ഷിക്കുക
ഈർപ്പം ബാക്ടീരിയയുടെ ഇഷ്ട സ്ഥലമാണ്. നനവുള്ള അന്തരീക്ഷം ബാക്ടീരിയകളെ പെരുകാൻ പ്രോത്സാഹിപ്പിക്കും. ടൂത്ത് ബ്രഷുകള്‍ പ്ലാസ്റ്റിക് കൂടുകളിലോ ട്രാവല്‍ ട്യൂബിലോ സൂക്ഷിക്കുക. പല്ലുതേക്കുന്നതിനുമുന്‍പ് വായ കഴുകുന്നതിനൊപ്പം ടൂത്ത്ബ്രഷും നിര്‍ബന്ധമായും കഴുകണം. ഓരോ ഉപയോഗത്തിനു ശേഷവും ഭക്ഷണാവശിഷ്ടങ്ങൾ, ടൂത്ത് പേസ്റ്റ് അവശിഷ്ടങ്ങൾ, ബാക്ടീരിയകൾ എന്നിവ ബ്രഷിന്‍റെ കുറ്റിരോമങ്ങളിൽ പറ്റിപ്പിടിച്ചിരിക്കും. ഓരോ ഉപയോഗത്തിനും ശേഷം ടൂത്ത് ബ്രഷ് ചൂടുവെള്ളത്തിൽ നന്നായി കഴുകുന്നത് ബ്രഷ് ശുചിയായി സൂക്ഷിക്കാന്‍ സഹായിക്കും.
ആഴ്ചയിൽ അണുവിമുക്തമാക്കുക
എത്ര വൃത്തിയായി സൂക്ഷിച്ചാലും ടൂത്ത് ബ്രഷുകളില്‍ കാലക്രമേണ ബാക്ടീരിയകൾ ഉണ്ടായേക്കാം. ആഴ്ചയിൽ ഒരിക്കൽ 10 മിനിറ്റ് നേരം ഹൈഡ്രജൻ പെറോക്സൈഡിലോ മൗത്ത് വാഷിലോ ബ്രഷ് മുക്കിവയ്ക്കുക. നന്നായി കഴുകുക. ഇടയ്ക്കിടെ ബ്രഷുകള്‍ മാറ്റുക. ഓരോ 3 മാസത്തിലും ടൂത്ത് ബ്രഷ് മാറ്റുക. ഒരിക്കലും ടൂത്ത് ബ്രഷ് പങ്കിടരുത്, അത് നിങ്ങളുടെ പങ്കാളി ആണെങ്കില്‍ പോലും ടൂത്ത് ബ്രഷ് പങ്കിടുക എന്നതിനർത്ഥം വിസർജ്യ കണികകൾ ഉൾപ്പെടെയുള്ള ബാക്ടീരിയകൾ പങ്കിടുക എന്നത് കൂടിയാണ്. കുറച്ച് മാറ്റങ്ങൾ- അകലം, ഉണക്കൽ, അണുവിമുക്തമാക്കൽ എന്നിവയിലൂടെ, സമാധാനമായി പല്ല് തേയ്ക്കാം. ശുചിത്വം സ്വയം പരിചരണമാണ്.