Image: Meta AI

കുളിക്കുന്ന തോര്‍ത്ത് എത്ര ദിവസം കൂടുമ്പോഴാണ് അലക്കി വൃത്തിയാക്കുക? പലരും എളുപ്പത്തില്‍ മറന്നു പോകുന്ന കാര്യമാണിത്. ദിവസവും തോര്‍ത്തലക്കുന്നവരും ആഴ്ചയില്‍ അലക്കുന്നവരും വര്‍ഷത്തിലൊരിക്കല്‍ വൃത്തിയാക്കുന്നവരും കുറവല്ല! വ്യക്തി ശുചിത്വം ഉറപ്പാക്കാന്‍ എല്ലാ ദിവസവും തോര്‍ത്തലക്കുന്നതാണ് നല്ലതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. രണ്ട് തവണ ഉപയോഗിച്ചാല്‍ പിന്നീട് കഴുകി മാത്രമേ തോര്‍ത്ത് ഉപയോഗിക്കാവൂവെന്നാണ് കൃത്യമായ കണക്ക്. 

ആഴ്ചയില്‍ അലക്കുന്നവരും വര്‍ഷത്തിലൊരിക്കല്‍ വൃത്തിയാക്കുന്നവരും കുറവല്ല!

അലക്കി വൃത്തിയാക്കാത്ത തോര്‍ത്ത് കൊണ്ട് കുളിച്ച ശേഷം ശരീരം തുടച്ചാല്‍ ചര്‍മത്തിലേക്ക് അഴുക്കും നേര്‍ത്ത പൊടിയും വീണ്ടും കയറുകയേയുള്ളൂവെന്നും പഠന റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. തോര്‍ത്ത് കൊണ്ട് ശരീരം തുടയ്ക്കുമ്പോള്‍ ചര്‍മത്തില്‍ നിന്നുള്ള ആയിരക്കണക്കിന് സൂക്ഷ്മ കോശങ്ങളെയും പതിനായിരക്കണക്കിന് ബാക്ടീയരിയകളെയുമാണ് നിക്ഷേപിക്കുന്നത്. 

ഹോസ്റ്റലില്‍ താമസിക്കുന്നവരില്‍ നടത്തിയ പഠനത്തില്‍ കുളിച്ച് തുവര്‍ത്താന്‍ ഉപയോഗിക്കുന്ന ടവലില്‍ ഇ–കോളി, സ്റ്റാഫൈലോകോകസ് ഓറെസ്, ക്ലിബ്സിയെല്ല എന്നീ ബാക്ടീരിയകളെ കണ്ടെത്തിയിരുന്നു. തോര്‍ത്തില്‍ ഇത്തരം ബാക്ടീരിയകള്‍ കടന്നു കൂടിയാല്‍ പനി, ആസ്ത്മ, ചര്‍മത്തില്‍ ചൊറിച്ചില്‍, മറ്റ് ത്വക്​രോഗങ്ങള്‍ എന്നിവ ഉണ്ടാകാം. 

കണ്ണില്‍ കണ്ടതെല്ലാമെടുത്ത് ശരീരം തോര്‍ത്തരുതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. നല്ല കോട്ടനോ,ബെഡ് ലിനന് സമാനമായ കട്ടിയുള്ളതോ ആയ തുണികളാണ് ഉപയോഗിക്കേണ്ടത്. കൃത്യമായി വൃത്തിയാക്കാതെ തോര്‍ത്ത് ഉപയോഹിച്ചാല്‍ അതില്‍ വിയര്‍പ്പ്, ചര്‍മകോശങ്ങള്‍, ശരീരസ്രവങ്ങള്‍ എന്നിവ തങ്ങി നില്‍ക്കുമെന്നും ഇത് ബാക്ടീരിയകള്‍ക്കും ഫംഗസുകള്‍ക്കും വളരാന്‍ ഇടം നല്‍കുമെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നു. തോര്‍ത്ത് മുഷിഞ്ഞാല്‍  അതിവേഗം ദുര്‍ഗന്ധം വമിക്കും. നായയുടെ നനഞ്ഞ രോമങ്ങളുടെ മണമാകും മിക്കപ്പോഴും. തോര്‍ത്തിലുള്ള ഫംഗസുകളും ബാക്ടീരിയകളുമാണ് ഇത്തരം ദുര്‍ഗന്ധത്തിന്‍റെ ഉറവിടം.

ENGLISH SUMMARY:

Ever wonder how often to wash your bath towel? Experts say it should be cleaned after every two uses to prevent bacteria and dirt from re-entering your skin, as used towels accumulate thousands of skin cells and bacteria. Learn why daily or frequent washing is key.