AI Generated Image

TOPICS COVERED

രാവിലെ എഴുന്നേറ്റാല്‍ ദിവസം തുടങ്ങുന്നത് തന്നെ പല്ലു തേച്ചുകൊണ്ടാണ്. പേസ്റ്റെടുത്ത് പല്ലുതേക്കുന്നു.. വെള്ളം കൊണ്ട് വായ കുലുക്കിയുഴിയുന്നു. തുപ്പി കളയുന്നു റിപ്പീറ്റ്.. അവസാനം വായ ഒരിക്കല്‍കൂടി കഴുകയിട്ടേ പലരും ചായ പോലും കുടിക്കുകയുള്ളൂ. എന്നാല്‍ ഇക്കണ്ട കാലം മുഴുവന്‍ തെറ്റായ രീതിയിലാണ് പല്ല് തേച്ചിരുന്നതെന്നും ഇങ്ങനെയൊന്നുമല്ല പല്ലുതേക്കേണ്ടതെന്നുമാണ് അടുത്തയിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ വാര്‍ത്തകള്‍. ഇതില്‍ കാര്യമുണ്ടെന്നാണ് ദന്തഡോക്ടര്‍മാരും പറയുന്നത്. 

പല്ല് തേച്ച ഉടനെ വായ കഴുകുന്നതിലൂടെ ടൂത്ത് പേസ്റ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലൂറൈഡിന് പ്രവര്‍ത്തിക്കാന്‍ സമയം ലഭിക്കുന്നില്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയുടെ ഉള്ളടക്കം. പല്ലിന്‍റെ ഇനാമലിനെ ശക്തിപ്പെടുത്തുന്ന ജോലിയാണ് ഇത്തരം ഫ്ലൂറൈഡുകളുടേത്. അതിനാല്‍ പല്ലുതേച്ച ഉടനെ വായ കഴുകുന്നത് അത്ര നന്നല്ല. പ്രത്യേകിച്ചും വെള്ളവും മൗത്ത് വാഷും ഉപയോഗിച്ച് വായ കഴുകുന്നത് ഒഴിവാക്കണമെന്നാണ് ദന്തഡോക്ടര്‍മാര്‍  പറയുന്നത്. 

വായ കഴുകുമ്പോള്‍ പേസ്റ്റിനൊപ്പം വായിലെത്തിയെ ഫ്ലൂറൈഡും നഷ്ടമാകുന്നു. ഫ്ലൂറൈഡ് കൂടുതല്‍ സമയം വായില്‍ നില്‍ക്കുമ്പോള്‍ മാത്രമാണ് ഇതിന്‍റെ ഗണം ലഭിക്കുന്നുള്ളൂ എന്ന് ബംഗളൂരു ബിജിഎസ് ആശുപത്രിയിലെ ഡോ. ബിആര്‍ രാഘവേന്ദ്ര അഭിപ്രായപ്പെടുന്നത്. അധിക ടൂത്ത് പേസ്റ്റ് തുപ്പാനും വെള്ളം കുടിക്കുന്നതിനും ചുരുങ്ങിയത് 20 മുതല്‍ 30 മിനിറ്റ് കാത്തിരിക്കാനും ദന്തഡോക്ടർമാര്‍ നിര്‍ദേശിക്കുന്നു. പല്ലുതേച്ചാലുടനെ വായ കഴുകണമെന്ന് നിര്‍ബന്ധമുള്ളവരാണെങ്കില്‍ ഫ്ലൂറൈഡ് മൗത്ത് റിൻസ് ഉപയോഗിക്കാവുന്നതാണ്.  

ടൂത്ത്പേസ്റ്റിലെ പ്രധാന ഘടകമാണ് ഫ്ലൂറൈഡുകള്‍.  ബാക്ടീരിയകൾ വായിൽ ഉൽപാദിപ്പിക്കുന്ന ആസിഡിൽ നിന്ന് ഇനാമലിനെ സംരക്ഷിക്കുന്നതും കേടുകള്‍ തടയുകയും ചെയ്യുന്നതാണ് ഫ്ലൂറൈഡിന്‍റെ ജോലി. എന്നാല്‍ കുട്ടികളും ഡെന്‍റല്‍ ഫ്ലൂറോസിസ് രോഗ ബാധിതരും ഇവ ഒഴിവാക്കണമെന്ന് ദന്തഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. കുട്ടികള്‍ പല്ലുതേക്കുന്നതിനിടെ അബദ്ധത്തില്‍ പേസ്റ്റ് വിഴുങ്ങാറുണ്ട്. ഇതിനാല്‍ ഫ്ലൂറൈഡ് ഇല്ലാത്തവയാണ് അനുയോജ്യം. 

ENGLISH SUMMARY:

Dentists are advising against rinsing your mouth immediately after brushing your teeth, as it can wash away the fluoride and reduce its effectiveness. Learn the proper brushing technique for optimal oral health.