Photo Credit: x

മിക്ക ദിവസങ്ങളിലും എനർജി ഡ്രിങ്ക് കുടിക്കുന്നവരാണോ നിങ്ങൾ?. അത് അപകടകരമാണെന്നാണ് ഹാർട്ട് റിഥം ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലെ പ്രധാന കണ്ടെത്തൽ. ഹൃദയ സംബന്ധമായ അസുഖങ്ങളോട് കൂടി ജനിക്കുന്നവർ എനർജി ഡ്രിങ്കുകൾ കൂടുതലായി കുടിക്കുന്നത് കാർഡിയാക് അരിത്‍മിയ (cardiac arrhythmias) വരാനുള്ള സാധ്യത വർധിപ്പിക്കും. ഇത് ജീവന് തന്നെ ഭീഷണിയാണെന്നും യുഎസിലെ മയോ ക്ലിനിക്കിലെ ഗവേഷകർ വ്യക്തമാക്കുന്നു. 

എനർജി ഡ്രിങ്കുകളില്‍ അടങ്ങിയ കൃത്രിമ ചേരുവകളും കഫീനും രക്തസമ്മർദ്ദം, ഹൃദയ സങ്കോചം എന്നിവയ്ക്ക് കാരണമാകും. കഫീൻ കൂടാതെ ടൗറിൻ, ഗ്വാറാന പോലുള്ള മറ്റ് ഉത്തേജക ഘടകങ്ങളും എനർജി ഡ്രിങ്കുകളിലുണ്ട്.  യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ (എഫ്‌ഡിഎ)  ഉത്തേജക ഘടകങ്ങൾ ചേർക്കുന്നത് നിയന്ത്രിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. 

അപ്രതീക്ഷിതമായുണ്ടായ ഹൃദയസ്‌തംഭനത്തെ അതിജീവിച്ച മയോ ക്ലിനിക്കിൽ 144 പേരെയാണ് പരിശോധയ്ക്ക് വിധേയരാക്കിയത്. ഈ 144  പേരിൽ ഏഴ് രോഗികൾ ഹൃദയസ്‌തംഭനം വരുന്നതിന് തൊട്ടു മുമ്പുവരെ ഒന്നോ ഒന്നിലധികമോ എനർജി ഡ്രിങ്കുകൾ അകത്താക്കിയിരുന്നുവെന്നാണ് കണ്ടെത്തിയത്. ശരീരത്തിലെത്തുന്ന എനർജി ഡ്രിങ്കുകളുടെ അളവ് കൂടുന്നത് തീർത്തും അപകടകരമാണ്. ജനിതകമായി ഹൃദ്രോഗം ഉള്ളവരിൽ പെട്ടെന്നുള്ള ഹൃദയസ്‌തംഭനം സംഭവിക്കാൻ ഇത് കാരണമാകുമെന്ന് ക്ലിനിക്കിലെ ജനിതക കാർഡിയോളജിസ്‌റ്റ് മൈക്കൽ ജെ അക്കർമാൻ വ്യക്തമാക്കുന്നു.  

എന്നാൽ എനർജി ഡ്രിങ്കുകൾ മിതമായ അളവിൽ കഴിക്കുന്നത് കൊണ്ട് പ്രശ്നമില്ലെന്നും ഡോക്‌ടർമാർ തന്നെ പറയുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച്, എനർജി ഡ്രിങ്ക് വിപണി വലിയ തോതില്‍ വളർന്നിട്ടുണ്ടെന്നും മൈക്കൽ അഭിപ്രായപ്പെട്ടു. 

ENGLISH SUMMARY:

Energy Drinks May Trigger Cardiac Arrhythmias in Patients with Genetic Heart Diseases