TOPICS COVERED

ചിരിയാണ് ഏറ്റവും നല്ല മരുന്ന്! എന്നാല്‍ ചിരിച്ച്, ചിരിച്ച് ഒടുവില്‍ ആശുപത്രിയില്‍ കിടക്കേണ്ട അവസ്ഥ വന്നാലോ?അധികമായാല്‍ അമൃതും വിഷം എന്ന് പറയുന്നപോലെ അമിതമായ ചിരിയും അത്ര നന്നല്ല. ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാറാണ് ഇക്കാര്യം വ്യത്കമാക്കുന്നത്.

കഴിഞ്ഞ ദിവസമാണ് അപ്പോളോ ആശുപത്രിയില്‍ ഒരാള്‍ ചിരി കാരണം ചികില്‍സ തേടുന്നത്. 53 വയസ്സുള്ള അദ്ദേഹം വീട്ടില്‍ ഒരു കോമഡി ഷോയും കണ്ട് കുടുംബാംഗങ്ങള്‍ക്കൊപ്പം ചായയും കുടിച്ച് ഇരിക്കുകയായിരുന്നു. എന്നാല്‍ ഷോ കണ്ട് ചിരിച്ച്, ചിരിച്ച് ഒടുവില്‍ അദ്ദേഹത്തിന് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പെട്ടെന്ന്  ശരീരം ഒരു വശത്തേക്ക് ചരിഞ്ഞ് ബോധം നഷ്ടപ്പെടുകയും ചെയ്തു.

ഇതുകണ്ട് പരിഭ്രമിച്ച അദ്ദേഹത്തിന്‍റെ മകളും കുടുംബാംഗങ്ങളും ചേര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്നത്. എന്നാല്‍ അതിന് മുന്‍പു തന്നെ ബോധം തെളിഞ്ഞിരുന്നു. അദ്ദേഹം കണ്ണുതുറക്കുകയും  കൈകാലുകള്‍ ചലിപ്പിക്കുകയും ചെയ്തു. എന്നാല്‍ എന്താണ് തനിക്ക് സംഭവിച്ചത് എന്ന് മാത്രം ഓര്‍മയില്ല. അത്യാഹിത വിഭാഗത്തിൽ എത്തിക്കുമ്പോള്‍ ഇയാള്‍ പൂര്‍ണ ആരോഗ്യവാനായിരുന്നു. പരിശോധനകള്‍ നടത്തിയെങ്കിലും പ്രത്യേകിച്ച് ഒരു കുഴപ്പവും കണ്ടെത്താനായില്ല.

ഇത് അമിതമായി ചിരിക്കുമ്പോളുണ്ടാകുന്ന ലാഫര്‍ ഇൻഡ്യൂസ്ഡ് സിൻകോപ്പ് എന്നറിയപ്പെടുന്ന അപൂർവ അവസ്ഥയാണെന്നാണ് ഡോ. സുധീർ കുമാര്‍ പറയുന്നത്. വാസോവഗൽ (vasovagal) മെക്കാനിസങ്ങൾ മൂലമുണ്ടാകുന്ന അപൂര്‍വ അവസഥായാണിത്. അമിതമായ ചിരി, ദീർഘനേരം ചലനമില്ലാതെ നില്‍ക്കുക, അമിതമായ ശാരീരിക അധ്വാനം ഇതെല്ലാം ഈ അവസ്ഥയ്ക്ക് കാരണമാകാം. 

ഇത്തരത്തില്‍ തലകറക്കം അനുഭവപ്പെടുകയോ മറ്റോ ചെയ്താല്‍ ആളെ കുറച്ചു നേരം നിരപ്പായ പ്രതലത്തിൽ മലർത്തിക്കിടത്തണം. കൂടാതെ ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കാനായി ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യുക. ഈ അവസ്ഥയെ ചികിത്സിക്കാൻ മരുന്നുകളൊന്നും ആവശ്യമില്ല. നിലത്തു വീഴുന്നതോടു കൂടി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഒരേനിലയിൽ വരികയും രക്തയോട്ടം പൂർവസ്ഥിതിയിലാവുകയും സെക്കൻഡുകൾക്കുള്ളിൽ ബോധം വീണ്ടു കിട്ടുകയും ചെയ്യും.

എന്നാല്‍ കൂടുതൽ സമയം ബോധമില്ലാത്ത അവസ്ഥ തുടരുകയാണെങ്കിൽ അത് ഗുരുതരമാണ്. തലച്ചോറിലെ രക്തസ്രാവം, പക്ഷാഘാതം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയുടെ ഭാഗമായും ബോധം നഷ്ടപ്പെടാം. ഇടയ്ക്കിടെ ബോധക്ഷയം ഉണ്ടാകുന്നവർ, രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം എന്നീ വിഭാഗങ്ങളിൽ പെട്ടവർക്ക് ബോധക്ഷയം ഉണ്ടാകുകയാണെങ്കില്‍  ഉടനടി വൈദ്യസഹായം തേടണം.

ENGLISH SUMMARY:

53-year-old lost consciousness and fell down while laughing. Doctor explains why.