രാവിലെ കണ്ണുതുറന്ന ഉടൻ ഒരു കപ്പ് കാപ്പി കിട്ടിയില്ലെങ്കിൽ ആ ദിവസം തന്നെ ശരിയാകില്ലെന്ന് വിശ്വസിക്കുന്നവരാണോ നിങ്ങൾ? പലരുടെയും പ്രഭാതം തുടങ്ങുന്നത് കാപ്പിയോടെയാണ്. ഉറക്കമുണർന്ന ഉടൻ കാപ്പി കുടിക്കുന്നത് പതിവാക്കിയവരും നിരവധിയാണ്. എന്നാൽ ആ ശീലം നിങ്ങളെ എനര്‍ജിറ്റിക് ആക്കുന്നുണ്ടോ? ആ ശീലം ഒന്ന് മാറ്റിവെച്ച് ‘90 മിനിറ്റ് നിയമം’ ഒന്ന് ട്രൈ ചെയ്താലോ?
രാവിലെ ഉറക്കമുണരുന്ന സമയത്ത് ശരീരത്തിൽ സ്വാഭാവികമായി കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് ഉയര്‍ന്നിട്ടാകും ഉണ്ടാകുക. ശരീരത്തെ ഉണരാനും ജാഗ്രതയിലാകാനും സഹായിക്കുന്ന പ്രധാന ഹോർമോണുകളിലൊന്നാണിത്. ഉറക്കത്തിൽ നിന്ന് ഉണർന്നതിന് ശേഷമുള്ള സമയത്തും കോർട്ടിസോളിന്റെ അളവിൽ സ്വാഭാവികമായ മാറ്റങ്ങൾ ഉണ്ടാകും.
അതുകൊണ്ടുതന്നെ ഉറക്കമുണർന്ന ഉടൻ കാപ്പി കുടിക്കുന്നതിന് പകരം ഏകദേശം 90 മിനിറ്റ് കാത്തിരിക്കണമെന്ന ആശയമാണ് ഇപ്പോള്‍ വ്യാപകമാകുന്നത്. ശരീരം സ്വാഭാവികമായി ജാഗ്രതയിലാകുന്ന സമയത്ത് കഫീൻ ഉടൻ സ്വീകരിക്കേണ്ടതില്ലെന്നും, കുറച്ച് കഴിഞ്ഞ് കാപ്പി കുടിച്ചാൽ അതിന്റെ ഉത്തേജകഫലം കൂടുതൽ അനുഭവപ്പെടാമെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
എന്നാൽ കൃത്യമായി 90 മിനിറ്റ് കാത്തിരുന്നാൽ മാത്രമേ കാപ്പി ശരീരത്തിന് ഗുണകരമാകൂ എന്നതിന് ശക്തമായ ശാസ്ത്രീയ തെളിവില്ല. ഓരോരുത്തരുടെയും ഉറക്കരീതി, ഉണരുന്ന സമയം, ജീവിതശൈലി, മാനസിക സമ്മർദം എന്നിവ അനുസരിച്ച് കോർട്ടിസോൾ നിലയിൽ വ്യത്യാസമുണ്ടാകാം.
കാപ്പിയിലെ പ്രധാന ഉത്തേജക ഘടകമായ കഫീൻ തലച്ചോറിലെ ക്ഷീണവുമായി ബന്ധപ്പെട്ട അഡിനോസിൻ എന്ന രാസപദാർത്ഥത്തിന്റെ പ്രവർത്തനം തടയുന്നതിലൂടെ ജാഗ്രത വർധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. എന്നാൽ കഫീനോടുള്ള പ്രതികരണവും വ്യക്തികൾക്കനുസരിച്ച് വ്യത്യാസപ്പെടും.
രാവിലെ എഴുന്നേറ്റ ഉടൻ കാപ്പി കുടിക്കുന്നതുകൊണ്ട് മാത്രം ആരോഗ്യപ്രശ്നമുണ്ടാകുമെന്ന് പറയാനാവില്ല. എന്നാൽ കാപ്പി കുടിച്ച ശേഷം അസ്വസ്ഥത, ഉത്കണ്ഠ, ഹൃദയമിടിപ്പ് കൂടൽ തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ കാപ്പിയുടെ അളവും സമയവും ശ്രദ്ധിക്കണം. വൈകുന്നേരമോ രാത്രിയോ കാപ്പി കുടിക്കുന്നത് ഉറക്കത്തെയും ബാധിച്ചേക്കാം.
അതിനാൽ 90 മിനിറ്റ് നിയമം നിർബന്ധമായ ആരോഗ്യനിയമമല്ല. രാവിലെ എഴുന്നേറ്റ ശേഷം കുറച്ച് സമയം കാത്തിരുന്ന് കാപ്പി കുടിച്ചുനോക്കാം. എന്നാൽ കാപ്പിയുടെ സമയത്തേക്കാൾ പ്രധാനമാണ് മതിയായ ഉറക്കവും ആരോഗ്യകരമായ ജീവിതശൈലിയും. എന്നാലും അടുത്ത തവണ കാപ്പി കുടിക്കുമ്പോൾ 90 മിനിറ്റ് കാത്തിരുന്ന് നോക്കൂ.