synthetic-paneer-awareness

TOPICS COVERED

സസ്യാഹാരം കഴിക്കുന്നവരുടെ ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് പനീര്‍. പ്രോട്ടീന്‍, കാല്‍ഷ്യം, നല്ല കൊഴുപ്പ്, കുറഞ്ഞ കാര്‍ബോ ഹൈഡ്രേറ്റ് തുടങ്ങി ഒട്ടേറെ ഗുണങ്ങളും ഉണ്ട്. എന്നാല്‍ ഇന്ന് നമ്മള്‍ കഴിക്കുന്ന പനീര്‍ എല്ലാം ശുദ്ധമാണോ?.  അല്ല എന്നു പറയേണ്ടിവരും. അനലോഗ് പനീര്‍ അഥവാ സിന്തറ്റിക് പനീര്‍ വിപണിയില്‍ വ്യാപകമാണ്. കാഴ്ചയ്ക്ക് പനീറിനെപ്പോലെ ഉണ്ടാകുമെങ്കിലും ഗുണം തീരെയില്ല. യഥാര്‍ഥ പനീറിനെ അപേക്ഷിച്ച് വില തീരെ കുറവായതും കൂടുതല്‍ കാലം കേടാകാതിരിക്കുന്നതും ആണ് ഈ വ്യാജന് പ്രചാരമേറ്റുന്നത്. ചില കച്ചവടക്കാരും ഹോട്ടലുകളും റസ്റ്ററന്‍റുകളുമൊക്കെ യഥാര്‍ഥ പനീര്‍ എന്ന പേരില്‍ അനലോഗ് പനീര്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. അടുത്തിടെ മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ അനലോഗ് പനീര്‍ നിരോധിച്ചതോടെയാണ് ഇതു സംബന്ധിച്ച ചര്‍ച്ച സജീവമായത്.

അനലോഗ് പനീര്‍

യഥാര്‍ഥ പനീര്‍ പാലില്‍ നിന്നാണ് ഉണ്ടാക്കുന്നതെങ്കില്‍ അനലോഗ് പനീറില്‍ പാല്‍ തീരെയില്ല. പാം ഓയില്‍ പോലുള്ള സസ്യ എണ്ണ, കൊഴുപ്പുകള്‍, കുഴമ്പുരൂപത്തില്‍ ആക്കാന്‍ സഹായിക്കുന്ന കെമിക്കലുകള്‍, പാല്‍പ്പൊടി എന്നിവയെല്ലാം ചേര്‍ത്താണ് അനലോഗ് പനീര്‍ ഉല്‍പാദിപ്പിക്കുന്നത്. 

ദോഷങ്ങള്‍

അനലോഗ് പനീറില്‍ വിഷാംശം ഇല്ലെങ്കിലും ശരീരത്തിന് ഒട്ടും നല്ലതല്ല. മോശം കൊളസ്ട്രോള്‍ വര്‍ധിപ്പിക്കും. സ്റ്റാര്‍ച്ചും കെമിക്കലുകളും ഉള്ളതിനാല്‍ ദഹന പ്രശ്നങ്ങള്‍ക്കും അസിഡിറ്റിക്കും കാരണമാകും.

എങ്ങനെ തിരിച്ചറിയാം

പല രീതിയില്‍ യഥാര്‍ഥ പനീറും അനലോഗ് പനീറും തിരിച്ചറിയാം. ഏറ്റവും എളുപ്പവഴി രണ്ടുവിരലുകള്‍ കൊണ്ട് പനീര്‍ അമര്‍ത്തുക എന്നതാണ്. യഥാര്‍ഥ പനീര്‍ ആണെങ്കില്‍ അത് മുറിഞ്ഞുപോകും. അനലോഗ് പനീര്‍ ആണെങ്കില്‍ റബ്ബര്‍ പോലെയോ സ്പോഞ്ച് പോലെയോ വലിയും. ഗന്ധത്തിലും നിറത്തിലും ഉണ്ട് മാറ്റം. യഥാര്‍ഥ പനീറിന് നേരിയ പാലിന്‍റെ ഗന്ധമാണെങ്കില്‍ അനലോഗ് പനീറിന് കെമിക്കലിന്‍റെയോ പ്ലാസ്റ്റിക്കിന്‍റെയോ ഗന്ധമാണ്. യഥാര്‍ഥ പനീറിനേക്കാള്‍ തിളക്കമുണ്ടാകും അനലോഗ് പനീറിന്. അടുത്തവഴി അയഡിന്‍ ടെസ്റ്റ് ആണ്. പനീര്‍ വെള്ളത്തിലിട്ട് അല്‍പസമയം തിളപ്പിക്കുക. തണുത്തശേഷം അയഡിന്‍ ഇട്ടുനോക്കുക. അനലോഗ് പനീര്‍ ആണെങ്കില്‍ കടും നീല നിറമോ പര്‍പ്പിള്‍ കളറോ ആകും. തീയില്‍ നേരിട്ട് കാണിച്ചോ പാനില്‍ വച്ച് ചൂടാക്കിയോ യഥാര്‍ഥ പനീര്‍ തിരിച്ചറിയാം. ചൂടാവുമ്പോള്‍ യഥാര്‍ഥ പനീര്‍ കൂടുതല്‍ മൃദുവാവുകയും പാലിന്‍റെ ഗന്ധം വരികയും ചെയ്യും. അനലോഗ് പനീര്‍ ആണെങ്കിലും ഉരുകും. എണ്ണ കിനിഞ്ഞിറങ്ങും. ചിലപ്പോള്‍ തീപിടിക്കുകയും ചെയ്യും.

നിയന്ത്രണങ്ങള്‍

അനലോഗ് പനീര്‍ രാജ്യവ്യാപകമായി നിരോധിച്ചിട്ടില്ല. എന്നാല്‍  ഉപയോഗത്തിന് ഫുഡ് ഡേസ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പനീര്‍ എന്ന് രേഖപ്പെടുത്തി അനലോഗ് പനീര്‍ വില്‍ക്കരുത്. സിന്തറ്റിക് ആണെന്ന് കൃത്യമായി രേഖുപ്പെടുത്തണം. ഹോട്ടലുകളും റസ്റ്ററന്‍റുകളും പനീര്‍ വിഭവങ്ങള്‍ എന്ന പേരില്‍ അനലോഗ് പനീര്‍ നല്‍കരുതെന്നും എഫ്.എസ്.എസ്.എ.ഐ പറയുന്നു. വീഴ്ച വരുത്തിയാല്‍ കടുത്ത ശിക്ഷയുമുണ്ട്.

കാഴ്ചയിൽ പനീർ, ഉള്ളിൽ ‘വ്യാജൻ’; വിപണിയിലെ അനലോഗ് പനീറിനെ തിരിച്ചറിയാം | synthetic-paneer-awareness:

Synthetic paneer is a prevalent issue in the market, often sold as the real thing due to its lower cost and longer shelf life. It's crucial to understand the differences and how to identify fake paneer to avoid potential health risks.