TOPICS COVERED

കഴിക്കുന്ന ആഹാരം കൃത്യമായി ദഹിച്ചില്ലെങ്കില്‍ വയറ്റില്‍ ഗ്യാസ് നിറയുന്ന അവസ്ഥ ഉണ്ടായേക്കും. വയറ്റില്‍ അമിതമായി ഗ്യാസ് ഉണ്ടാകുന്നത് മാറ്റി എടുക്കാന്‍ പെട്ടെന്ന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്.

അയമോദകം

ദഹന പ്രശ്‌നങ്ങള്‍ മാറ്റി വയറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ അയമോദകം വളരെ നല്ലതാണ്. വയറ്റില്‍ നിന്നും ഗ്യാസ് പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ അയമോദകം എടുത്ത് ചവച്ചരച്ച് കഴിക്കാവുന്നതാണ്. അയമോദകം പൊടിച്ച് അത് ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിക്കുന്നത് വയറ്റില്‍ നിന്നും വേഗത്തില്‍ ഗ്യാസ് നീക്കം ചെയ്യാന്‍ സഹായിക്കും

ഇഞ്ചി​

ഇഞ്ചിയും  വയറിന്റെ പ്രശ്നങ്ങള്‍ മാറ്റാന്‍ വളരെ നല്ലതാണ്. ഇഞ്ചി വയറ്റിലെ അസിഡിക് നേച്വര്‍ കുറയ്ക്കും. നെഞ്ചെരിച്ചില്‍ പ്രശ്‌നങ്ങള്‍ വേഗത്തില്‍മാറാനും ഇഞ്ചി സഹായിക്കും. ഒരു ചെറിയ കഷ്ണം ഇഞ്ചിയും അതുപോലെ ആവശ്യത്തിന് കല്ലുപ്പും ചേര്‍ത്ത് നന്നായി അരച്ച് ചെറിയ ഉരുളകളാക്കി ചവച്ചരയ്ക്കാതെ വിഴുങ്ങണം. ഇത്തരത്തില്‍ ചെയ്യുന്നത് വയറ്റിലെ ഗ്യാസ് വേഗത്തില്‍ തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുപോലെ, ഇഞ്ചിയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും നല്ലത് തന്നെയാണ്. 

വെളുത്തുള്ളി​

വെളുത്തുള്ളി തൊലി കളയാതെ ചുട്ടെടുത്ത് അതില്‍ നിന്നും തൊലി നീക്കി കഴിക്കുന്നത് വയറ്റിലെ പ്രശ്നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. അല്ലെങ്കില്‍ വെളുത്തുള്ളി, കുറച്ച് ജീരകം, അതുപോലെ, ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവ ചതച്ച് കഴിക്കുന്നതും വേഗത്തില്‍ ഗ്യാസ് പോയികിട്ടാന്‍ സഹായിക്കും.

മോര്​

വയറ്റില്‍ നിന്നും ഗ്യാസ് നീക്കം ചെയ്യാനും ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കാനും മോര് കഴിക്കുന്നത് നല്ലതാണ്. ഇത് വയറ്റിലെ അസിഡിറ്റിയെ ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നു. ദഹനം വേഗത്തിലാക്കാനും മോര് നല്ലതാണ്.

കൃത്യസമയത്ത് ആഹാരം കഴിക്കുക മിതമായി കഴിക്കുക, നല്ലപോലെ വെള്ളം കുടിക്കുക എന്നിവയെല്ലാം വയറിലെ പ്രശ്നങ്ങള്‍ മാറ്റിനിര്‍ത്താന്‍ നല്ലതാണ്. ആഹാരം കഴിച്ച ഉടന്‍ ധാരാളമായി തണുത്ത വെള്ളം കുടിക്കുന്ന ശീലം ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.

ENGLISH SUMMARY:

Gas problems can be relieved with simple home remedies. Try these proven ways to treat stomach gas issues naturally and promote digestive health