ബദാം മനുഷ്യശരീരത്തിന് എല്ലാദിവസവും കഴിക്കാവുന്ന ഒന്നാണ്. കാരണം അവ ധാരാളം പോഷക ഗുണങ്ങൾ നൽകുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്നത് മുതൽ ഹൃദയാരോഗ്യം നിലനിർത്തുന്നത് വരെ ബദാമിന്‍റെ ഗുണങ്ങളാണ്. എന്നാൽ ബദാം കഴിക്കേണ്ടത് എങ്ങനെ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയങ്ങളുണ്ട്. ബദാം കഴിക്കുന്നതിനുള്ള ശരിയായ മാർഗം എന്താണ്? തൊലി കഴിയ്ക്കാമോ അതോ കളയണോ?
തൊലിയോടൊപ്പം ബദാം കഴിക്കുന്നത് വളരെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്, അതിനുള്ള ഉത്തരം തൊലിയോടൊപ്പം ബദാം കഴിക്കാം എന്നതാണ്. പലരും രാവിലെ കുതിർത്ത ബദാം കഴിക്കാറുണ്ട്. തൊലിയില്ലാതെ കുതിർത്ത ബദാം കഴിക്കുന്നത് ആരോഗ്യകരമാകുമെങ്കിലും തൊലിയോടുകൂടി കഴിക്കുന്നതിനേക്കാൾ പോഷകസമൃദ്ധമല്ല.
ബദാമിന്‍റെ തൊലിയിൽ പോളിഫെനോളുകളുടെ സാന്നിധ്യം കാരണം നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും കാൻസറിനും എതിരെ സംരക്ഷണമായി ഇവ പ്രവർത്തിക്കുന്നു. പോളിഫെനോളുകൾ കൊളസ്ട്രോളിന്‍റെ ഓക്സീകരണം തടയുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ദിവസവും ബദാം കഴിക്കുന്നത് ഓക്സിഡൈസ് ചെയ്ത എൽഡിഎൽ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കും. എന്നാൽ ചില പ്രായമായവർക്ക് തൊലിയോടൊപ്പം ബദാം കഴിക്കുമ്പോൾ ദഹന പ്രശ്നങ്ങൾ അനുഭവപ്പെടാം. അതിനാൽ, അവർ അത് തൊലിയില്ലാതെ കഴിക്കുന്നതാണ് നല്ലതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ബദാമിന്‍റെ തൊലിയിൽ അടങ്ങിയിട്ടുള്ള ടാനിനുകൾ ആണ് ചിലപ്പോള്‍ ദഹിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നത്.
കുതിർത്ത ബദാമിന്‍റെ ഗുണങ്ങൾ
തൊലിയോടുകൂടി കുതിര്‍ത്ത ബദാം നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ദിവസവും കുതിർത്ത ബദാം കഴിക്കുന്നത് ശരീരത്തിന് മികച്ച ഫലം നൽകും. തലച്ചോറിന്‍റെ പ്രവർത്തനം സുഗമമാക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചര്‍മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്ന ബദാം ഗർഭിണികൾക്കും നല്ലതാണ്. ബദാം കഴിക്കുന്നത് വയറ്റിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുന്നതിനാല്‍ അത് കുടലിനെ പോഷിപ്പിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്തും.
ചുരുക്കിപ്പറഞ്ഞാല്‍ നാരുകളുടെ സമ്പന്നമായ ഉറവിടമായതിനാൽ ബദാം തൊലിയോടൊപ്പം കഴിക്കുന്നതാണ് നല്ലത്. പക്ഷേ ദഹനക്കുറവുള്ളവർ തൊലിയില്ലാതെ കഴിക്കണം. എന്നാല്‍ ബദാം വളരെ കലോറി കൂടുതലായതിനാൽ മിതമായി കഴിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.