പ്രതീകാത്മക ചിത്രം
ലഹരി പദാര്‍ഥമടങ്ങിയ ആത്മീയ പാനീയം കുടിച്ച് അമേരിക്കന്‍ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. സ്പിരിച്വല്‍ ടൂറിസത്തിന്‍റെ ഭാഗമായി പെറുവിലെ ലൊറെറ്റോയിൽ എത്തിയ 41കാരനാണ് അവിടുത്ത ആത്മീയ പാനീയം കുടിച്ചതിനെ തുടര്‍ന്ന് മരിച്ചത്. അലബാമ സ്വദേശി ആരോൺ വെയ്ൻ കാസ്ട്രനോവയാണ് മരിച്ചത്. അയഹുവാസ്ക എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം പാനീയമാണ് ആരോണിന്‍റെ മരണത്തിന് കാരണമായത്. മാരകമായ ഈ പാനീയം ആമസോണിലെ തദ്ദേശീയര്‍ ആത്മീയ കാര്യങ്ങള്‍ക്കും രോഗശാന്തിക്കുമായാണ് ഉപയോഗിക്കുന്നത്.
അയഹുവാസ്ക കുടിച്ചതിന് പിന്നാലെ ആരോണിന്‍റെ പല അവയവങ്ങളും പ്രവര്‍ത്തന രഹിതമായതായി. ഇതോടെ മരണം സംഭവിക്കുകയായിരുന്നു. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലും നിരോധിച്ച ലഹരി പദാർഥമാണ് ഈ പാനീയത്തില്‍ ഉപയോഗിക്കുന്നത്. മദ്യത്തിന്‍റെ ഫലം നല്‍കുന്ന ഈ പാനീയം വിഷാദരോഗത്തിന് പരിഹാരമായി ഉപയോഗിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്പിരിച്വല്‍ ടൂറിസവുമായി ബന്ധപ്പെട്ട സാന്താ മരിയ ഡി ഒജെഡ കമ്മ്യൂണിറ്റിയിലെ ഒരു ഹോസ്റ്റലിൽ വെച്ചാണ് ചടങ്ങ് നടന്നതെന്നാണ് റിപ്പോർട്ടുകൾ.
എന്നാല്‍ ഈ പാനീയം കുടിക്കുന്ന സമയത്ത് ആരോൺ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നുണ്ടെന്ന കാര്യം അറിയിച്ചില്ലെന്ന് സ്പിരിച്വല്‍ ടൂറിസത്തിന്റെ സംഘാടകർ പറയുന്നു. ആരോണിന്‍റെ മരണത്തിന് പിന്നാലെ ഇത് കുടിക്കുന്നതിനെതിരെ പെറുവിലെ യുഎസ് എംബസി അമേരിക്കന്‍ വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആമസോണ്‍ കാടുകളിലെ സസ്യങ്ങള്‍ ഉപയോഗിച്ചാണ് അയഹുവാസ്ക എന്ന ഈ ആത്മീയ പാനീയം തയ്യാറാക്കുന്നത്. അയഹുവാസ്‌ക എന്നത് ഡൈമെഥൈല്‍ട്രിപ്റ്റാമൈന്‍ അടങ്ങിയ ഒരു സൈക്കോ ആക്റ്റീവ് പദാര്‍ഥമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഉപയോഗിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പുകളുണ്ടായിട്ടും സ്പിരിച്വല്‍ ടൂറിസത്തിന്‍റെ ഭാഗമായി പെറുവിലെ ലൊറെറ്റോയിലെത്തുന്നര്‍ വ്യാപകമായി ഈ പാനീയം കുടിക്കുന്നുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷവും സമാനസംഭവം നടന്നതായും ഒരു വിദേശ വനിതയ്ക്ക് അയഹുവാസ്ക കുടിച്ച് ജീവന്‍ നഷ്ടമായാതായും അധികൃതര്‍ പറയുന്നു.