വ്യത്യസ്ത തരത്തിലുള്ള ചിക്കന്‍ വിഭവങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. അതില്‍ തന്നെ ഗ്രില്‍ഡ് അല്ലെങ്കില്‍ റോസ്റ്റഡ് ചിക്കന്‍ പ്രത്യേകിച്ച് ചിക്കന്‍ ടിക്ക, തന്തൂരി ചിക്കന്‍ എന്നിവയെല്ലാം എണ്ണയില്‍ വറുത്തെടുത്ത ചിക്കനെക്കാള്‍ ആരോഗ്യത്തിന് നല്ലതാണെന്നും നമ്മള്‍ കരുതുന്നുണ്ട്. എന്നാല്‍ നമ്മള്‍ ആരോഗ്യത്തിന് നല്ലതാണെന്ന് കരുതുന്നവയും പാകം ചെയ്യുന്നത് തെറ്റായ രീതിയിലാണെങ്കില്‍ കാത്തിരിക്കുന്നത് നവിരവധി ആരോഗ്യ പ്രശ്നങ്ങളാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹൈദരാബാദിലെ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. സുധീര്‍ കുമാര്‍
കുറഞ്ഞ എണ്ണയിലും ഉയര്‍ന്ന തീയിലും പാചകം ചെയ്യുന്നവ ഫിറ്റ്നസ് ശ്രദ്ധിക്കുന്നവര്‍ക്കും ഭക്ഷണപ്രേമികള്‍ക്കും ഒരേപോലെ പ്രീയപ്പെട്ടതാണ്. എന്നാല്‍ അവ രുചിയോടൊപ്പം ആരോഗ്യവും തരുന്നവയാണോ? അല്ല എന്നാണ് ഉത്തരം. ഉയര്‍ന്ന ചൂടില്‍ പാകം ചെയ്യുന്ന ഗ്രില്‍ഡ് ചിക്കന്‍ പോലുള്ള വിഭവങ്ങള്‍ ഇടയ്ക്കിടെ കഴിക്കുന്നത് ആരോഗ്യത്തിന് അപകടമാണെന്നാണ് ഡോ. സുധീര്‍ കുമാര്‍ പറയുന്നത്. ചിക്കന്‍ പ്രോട്ടീനിന്റെ ഉറവിടവും വ്യാപകമായി ലഭ്യമാവുകയും ചെയ്യുന്ന ഒന്നാണ്. അതിനാല്‍ തന്നെ അവ ആരോഗ്യകരമാണോ അല്ലയോ എന്ന് നിര്‍ണയിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് പാചകരീതി.
ഗ്രില്‍ഡ് ചിക്കന്‍ പോലുള്ള ഇറച്ചി വിഭവങ്ങള്‍ ഉയര്‍ന്ന തീയില്‍ പാചകം ചെയ്യുമ്പോള്‍ ഹെറ്ററോസൈക്ലിക് അമിന്‍,പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ പോലുള്ള അപകടകരമായ സംയുക്തങ്ങള്‍ പുറപ്പെടുവിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ഡോക്ടര്‍ വിശദീകരിക്കുന്നത്. മാംസത്തിലെ അമിനോ ആസിഡുകളും ക്രിയാറ്റിനും തീവ്രമായ ചൂടിൽ പ്രതിപ്രവർത്തിക്കുമ്പോഴാണ് ഈ രാസവസ്തുക്കൾ രൂപം കൊള്ളുന്നത്. എന്നാല്‍ ഈ രണ്ടു സംയുക്തങ്ങളും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നവയാണ്. പ്രത്യേകിച്ച് വൻകുടൽ, പാൻക്രിയാറ്റിക്, പ്രോസ്റ്റേറ്റ് കാൻസർ പോലുള്ളവ.
മാത്രമല്ല ഇത്തരം വിഭവങ്ങളില്‍ മിക്കവര്‍ക്കും പ്രിയം കറുത്തും കരിഞ്ഞതുമായ അരികുകളായിരിക്കും. അവ കഴിക്കുന്നതും കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ഇവിടെയും അവസാനിക്കുന്നില്ല. അമിതമായി മാരിനേറ്റ് ചെയ്തതോ അല്ലെങ്കില്‍ റെസ്റ്റോറന്റ് രീതിയിലുള്ളതോ ആയ ചിക്കനാണ് കഴിക്കുന്നതെങ്കില്‍ അത് വഴി പൂരി കൊഴുപ്പും സോഡിയവും ശരീരത്തിലെത്താന്‍ കാരണമാകും. ഇതി ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കൊളസ്ട്രോള്‍, അമിതവണ്ണം, രക്തമ്മര്‍ദം എന്നിവയ്ക്കും കാരണമാകുന്നു.
ചിക്കന്‍ വേണ്ടത്ര വേവിച്ചില്ലെങ്കിലും പ്രശ്നമാണ്. സാൽമൊണെല്ല, കാംപിലോബാക്ടർ തുടങ്ങിയ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമാണ് വേവിക്കാത്ത കോഴി, ഇവ രണ്ടും ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. എന്നാല്‍ പലരുടെയും ഇഷ്ട വിഭവമായ ഗ്രില്‍ഡ് ചിക്കന്‍ മുഴുവനായി ഒഴിവാക്കണമെന്നല്ല മറിച്ച് സുരക്ഷിതമായ രീതിയില്‍ പാകം ചെയ്യാം. ചിക്കന്‍ 75 ഡിഗ്രി സെല്‍ഷ്യസ് ആന്തരിക താപനിലയില്‍ വേവിക്കുക. അമിതമായി വരുന്ന കൊഴുപ്പ് നീക്കം ചെയ്യുക, കലോറിയും കൊഴുപ്പും കുറയ്ക്കണമെങ്കില്‍ ചിക്കന്റെ തൊലി മാറ്റുന്നത് നല്ലതായിരിക്കുമെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നുണ്ട്.