വിശപ്പ് സഹിക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. വിശപ്പകറ്റാനാണല്ലോ നമ്മളെല്ലാവരും അധ്വാനിക്കുന്നത് അല്ലെങ്കില്‍ നമ്മുടെ വിശപ്പ് അകറ്റാനാണല്ലോ മറ്റാരെങ്കിലും അധ്വാനിക്കുന്നത്. നന്നായി ഭക്ഷണം കഴിക്കുന്നവര്‍ക്കായിരിക്കും മിക്കവാറും ഇടക്കിടെ വിശക്കുന്നത്. ശരീരത്തിന് ഭക്ഷണം ആവശ്യമാണ് എന്നതിന്റെ സൂചനയാണ് വിശപ്പ്. എന്നാല്‍ ചിലപ്പോഴൊക്കെ തോന്നാറില്ലേ ഇത്രയും കഴിച്ചിട്ടും പിന്നെയും വിശക്കുന്നത് എന്തുകൊണ്ടാണെന്ന്, അക്കാര്യങ്ങള്‍ താഴെ പറയുന്നവയാണ്.
1. ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുന്നില്ല
ഭക്ഷണം കഴിക്കുന്നത് മാത്രമല്ല, ദഹനവും കൃത്യമായിരിക്കണം. ദഹനം കൃത്യമാകണമെങ്കില്‍ ഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ അടങ്ങിയിരിക്കണം. ഈ പ്രോട്ടീന്‍ ഭക്ഷണത്തിലൂടെ ശരീരത്തിലെത്തിയാലേ ദഹനം കൃത്യമാകു. പ്രോട്ടീൻ കൃത്യമായി ഉള്ളിലെത്തിയാൽ തന്നെ വിശപ്പിന് പരിഹാരമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഹംഗർ ഹോർമോൺ എന്നറിയപ്പെടുന്ന ഗ്രെലിന്റെ അളവിൽ കുറയ്ക്കുന്നതിന് പ്രോട്ടീനുകൾ വലിയ രീതിയിൽ സഹായിക്കുന്നുണ്ട്. കൂടാതെ pyy, glp എന്നീ ഹോർമോണുകളുടെ പ്രവർത്തനം ശമിപ്പിച്ച് വിശപ്പകറ്റാനും പ്രോട്ടീനുകൾ സഹായിക്കുന്നു. ഓരോ ആളുകളുടെയും പൊക്കം, വണ്ണം, പ്രായം എന്നിവയൊക്കെ അനുസരിച്ച് ആവശ്യമായ പ്രോട്ടീന്റെ അളവില്‍ വ്യത്യാസമുണ്ടാകും.
2. ഉറക്കമില്ലായ്മ
മതിയായ ഉറക്കം ആരോഗ്യത്തിന് പ്രധാനമാണ്. വിശപ്പ് നിയന്ത്രിക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.നീണ്ട കാലയളവിലെ മോശം ഉറക്കം ലെപ്റ്റിന്റെ അളവ് കുറയുന്നതിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. "സംതൃപ്തി" ഹോർമോൺ എന്നറിയപ്പെടുന്ന ലെപ്റ്റിനെ തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ വിശപ്പ് മാറില്ല. കാരണം ഭക്ഷണം കഴിച്ചാൽ വയർ നിറഞ്ഞു എന്ന് തോന്നിപ്പിക്കുന്ന ഹോർമോൺ ആണ് ലെപ്റ്റിൻ. ആവശ്യത്തിന് ഉറക്കം കിട്ടിയില്ലെങ്കിൽ അത് ശരീരത്തിൽ ലെപ്റ്റിന്റെ അളവ് കുറയുന്നതിന് കാരണമാകും. ഇത് ചിലപ്പോൾ ഹംഗർ ഹോർമോൺ ആയ ഗ്രെലിന്റെ ലെവൽ കൂട്ടുകയും ചെയ്യും.
3. ആവശ്യത്തിന് വെള്ളം കുടിക്കാത്തത്
ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ ശരീരത്തെ മൊത്തം മോശമായി ബാധിക്കും. അക്കൂട്ടത്തില്‍ നമ്മുടെ വിശപ്പിനെയും. ആവശ്യത്തിന് വെള്ളം കുടിച്ചാല്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഇളവിനെയും നിയന്ത്രിക്കാന്‍ കഴിയും.
4. ഭക്ഷണത്തിൽ ആവശ്യത്തിന് കൊഴുപ്പും നാരുകളും അടങ്ങിയിട്ടില്ല
കഴിക്കുന്ന ഭക്ഷണം രുചികരമാകുന്നതിനൊപ്പം ആരോഗ്യപ്രദവുമാകണം. അമിതമാകാതെ നോക്കണമെങ്കിലും കുറച്ചെങ്കിലും കൊഴുപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പ്രശ്‌നമാണ്. കൊഴുപ്പടങ്ങിയ വസ്തുക്കൾക്ക് ദഹനസമയം കൂടുതലാണ് എന്നതിനാൽ ഇവ കുറച്ചധികം സമയം വയറ്റിനുള്ളിൽ കിടക്കും. അതുകൊണ്ട് തന്നെ വിശപ്പും ഒരുപാട് നേരത്തേക്ക് തോന്നില്ല. മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡ്‌സ്, ഒമേഗ 3 ഫാറ്റി ആസിഡ്‌സ് എന്നിവ വിശപ്പ് നിയന്ത്രിക്കുന്നതിന് സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.
വയർ നിറക്കാന്‍ നാരുകളോളം മെച്ചപ്പെട്ട ഒന്നില്ല. ഓട്ട്മീൽ, ഫ്‌ളാക്‌സ് സീഡ്, മധുരക്കിഴങ്ങ് എന്നിവയൊക്കെ വിശപ്പ് കുറച്ചധികം സമയത്തേക്ക് അകറ്റുന്നതിന് വളരെ നല്ലതാണ്.