പൊതുവേ എല്ലാവരുടെയും പ്രിയപ്പെട്ട ഫലമാണ് മാമ്പഴം. രുചിയും മണവും ആരുടെയും മനസ് കവര്‍ന്നെടുക്കും. ഒരു തരം മാമ്പഴം മാത്രമല്ലല്ലോ.. സീസണായാല്‍ പല തരത്തില്‍, പല രുചിയില്‍ വീട്ടിലും വിപണിയിലും നിറഞ്ഞ് നില്‍ക്കും. രുചിയില്‍ മാത്രമല്ല, ധാരാളം നാരുകളും പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഗുണങ്ങളിലും മുന്നില്‍ തന്നെ. എന്നാല്‍ മാമ്പഴത്തിന്‍റെ മധുരം ചിലരുടെയെങ്കിലും കണ്ണില്‍ അതിനെ ഒരു വില്ലനാക്കി മാറ്റിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്തുമെന്നും അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പാടില്ലെന്നുമൊക്ക തെറ്റിദ്ധാരണകള്‍ അനവധിയാണ്.
മാമ്പഴം പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല എന്ന പറയുന്നത് ശരിയല്ല. മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്നത് പ്രകൃതിദത്ത മധുരങ്ങളാണ്. ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നാണ് അവ അറിയപ്പെടുന്നത്. മാത്രമല്ല, വളരെ പതുക്കെ ദഹിക്കുന്ന ഒന്നാണ് മാമ്പഴം. അതുകൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കില്ല. നിയന്ത്രിച്ച് കഴിക്കുകയാണെങ്കില്‍ പ്രമേഹരോഗികള്‍ക്ക് ഉപയോഗിക്കാം.
ശരീരത്തിന്‍റെ ചര്‍മത്തിന് ഏറ്റവും നല്ലതാണ് വിറ്റാമിന്‍ സി. മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി യുവി ഡാമേജില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.വിറ്റാമിന്‍ സി മാത്രമല്ല, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന വിറ്റാമിന്‍ എയും ഇതില്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഇഷ്ടം പോലെ നാരുകള്‍ അടങ്ങിയട്ടുള്ളതിനാല്‍ മാമ്പഴം ദഹനത്തിന് നല്ലതാണ്. മാത്രമല്ല, രക്ത സമ്മര്‍ദ്ദവും നിയന്തിച്ച നിര്‍ത്തുന്നു. ബീറ്റ കരോട്ടിന്‍ അടങ്ങിയതിനാല്‍ കാഴ്ച്ചയ്ക്കും നല്ലതാണ്. പ്രായമാകുന്നത് സംബന്ധിച്ച പ്രശ്നങ്ങള്‍ക്കും മാമ്പഴം നല്ലൊരു പ്രതിവിധിയാണ്.
മറ്റൊരു പ്രധാനപ്പെട്ട തെറ്റിദ്ധാരണ മാമ്പഴം കഴിക്കുന്നത് ശരീരത്തില്‍ ഭാരം വര്‍ധിപ്പിക്കുമെന്നതാണ്. ശരീരഭാരം കൂടില്ല എന്ന പറയാന്‍ കാരണം മാമ്പഴത്തില്‍ കലോറി തീരെ കുറവാണ് എന്നതുകൊണ്ടാണ്. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ അത് ശരീരഭാരം നിയന്ത്രിക്കുമെന്നതാണ് സത്യം. എന്നാല്‍ മാമ്പഴം മധുരം ചേര്‍ത്ത് ജ്യൂസാക്കി കഴിച്ചാല്‍ അത് ശരീരഭാരം കൂട്ടിയേക്കാം.