Ai generated images
ഇന്ന് പ്രായഭേതമന്യേ നിരവധി ആളുകള്‍ നേരിടുന്ന പ്രശ്നമാണ് മുടികൊഴിച്ചില്‍. ജനിതക തകരാറുകള്‍, മാനസിക സമ്മര്‍ദം, തെറ്റായ ഭക്ഷണശീലം, മറ്റു രോഗങ്ങള്‍, തൈറോയിഡ്, കാലാവസ്ഥവ്യതിയാനം അടക്കം മുടികൊഴിച്ചിലിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടാകാം. മുടികൊഴിച്ചിലിന് പലവിധ ചികില്‍സാരീതികളും ഇന്ന് ലഭ്യമാണ്. പിആര്‍പി ചികില്‍സകള്‍ പോലുളളവ വളരെ ചെലവേറിയവയാണ്. അത് നൂറുശതമാനം ഫലം തരുമെന്ന് ഉറപ്പുപറയാനുമാവില്ല. അതുകൊണ്ടു തന്നെ മുടികൊഴിച്ചിലിന് ശരിയായ പരിചരണം നല്‍കുകയാണ് ആദ്യം വേണ്ടത്. ദിവസവും മുടിയില്‍ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ അകറ്റാന്‍ മികച്ച മാര്‍ഗമാണ്. വെറുതേ എണ്ണ തേച്ചുകുളിച്ചതുകൊണ്ടു മാത്രം കാര്യമില്ല. എണ്ണ തേയ്ക്കുന്നതിലും എണ്ണ എങ്ങനെ ഉപയോഗിക്കുന്നു എന്നതെല്ലാം പ്രധാനമാണ്.
തലയില്‍ അഥവാ സ്കാല്‍പ്പില്‍ വേണം എണ്ണ തേച്ച് മസാജ് ചെയ്യാന്‍. ഇത് ഹെയര്‍ ഫോളിക്കിളുകളെ കൂടുതല്‍ കരുത്തുറ്റതാക്കുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യും. മുടിയുടെ പരിപാലനത്തിന് വളരെ പ്രധാനമാണ് ഏറ്റവും നല്ല എണ്ണ തിരഞ്ഞെടുക്കുക എന്നത്. ആയുര്‍വേദ പ്രകാരം മുടികൊഴിച്ചില്‍ അകറ്റാനും മുടി വളരാന്‍ സഹായിക്കുന്നതുമായ നിരവധി എണ്ണകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ എണ്ണ ഉപയോഗിക്കും മുന്‍പ് നിങ്ങളുടെ തലയ്ക്കും മുടിക്കും അനുയോജ്യമായതും ഏറ്റവും ഉചിതമായതുമായ എണ്ണ തിരിച്ചറിയുക. വെളിച്ചെണ്ണ മുതല്‍ ആംല ഓയില്‍ വരെ മുടികൊഴിച്ചില്‍ അകറ്റാന്‍ ഉത്തമമാണ്. സ്വയം എണ്ണ തിരഞ്ഞെടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു ആയുര്‍വേദ ഡോക്ടറുടെ സഹായം തേടാം.
വെളിച്ചെണ്ണ : മുടി പൊട്ടിപ്പോകുന്നത് പോലുളള പ്രശ്നങ്ങള്‍ പരിഹരിക്കാനും മുടിക്ക് കരുത്ത് ലഭിക്കാനും ഏറ്റവും ഉത്തമമായ എണ്ണയാണ് വെളിച്ചെണ്ണ. മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഫാറ്റി ആസിഡുകള്‍ വെളിച്ചെണ്ണയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ആവണക്കെണ്ണ : റൈസിനോളിയേക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്ന ആവണക്കെണ്ണ അഥവാ കാസ്റ്റര്‍ ഓയില്‍ മുടികൊഴിച്ചിലിന് മികച്ച പരിഹാരമാണ്. ആവണക്കെണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് തലയിലെ രക്തയോട്ടം കൂട്ടാനും അതുവഴി മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കാനും ഉപകാരപ്രദമാണ്.
ആര്‍ഗണ്‍ ഓയില്‍ : ആന്‍റി ഓക്സിഡന്‍റുകളാണ് സമ്പുഷ്ടമാണ് ആര്‍ഗണ്‍ ഓയില്‍. വിറ്റമിന്‍ ഇയും മറ്റ് ഫാറ്റി ആസിഡുകളും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടിക്ക് തിളക്കം ലഭിക്കാനും, മുടിയുടെ തുമ്പ് പിളരുന്നത് തടയാനും, മുടിക്ക് കരുത്തും കട്ടിയും ലഭിക്കാനും ആര്‍ഗണ്‍ ഓയില്‍ സഹായകമാണ്.
ആല്‍മണ്ട് ഓയില്‍ : വിറ്റമിന്‍ ഡി, വിറ്റമിന്‍ ഇ എന്നിവയാല്‍ സമ്പന്നമാണ് ആല്‍മണ്ട് ഓയില്‍. മുടിക്കുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ആല്‍മണ്ട് ഉപയോഗിക്കാം.
ആംല ഓയില്‍ : വിറ്റമില്‍ സി, ആന്റിഓക്സിഡന്‍റുകള്‍ എന്നിവ ധാരാളം അടങ്ങിയ ആംല ഓയില്‍ മുടി വളരാന്‍ ഉത്തമമാണ്. മുടി കൊഴിച്ചില്‍ അകറ്റാനും ഈ എണ്ണ സഹായിക്കും.
എണ്ണ എങ്ങനെ ഉപയോഗിക്കാം?
എപ്പോഴും എണ്ണ നേരിട്ടെടുത്ത് തലയില്‍ പുരട്ടുന്നതിന് പകരം അല്‍പമൊന്ന് ചൂടാക്കി ഉപയോഗിക്കാം. ഇത് മുടിയുടെ റൂട്ടിലേക്ക് ആഴ്ന്നിറങ്ങി മുടിയുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ സഹായിക്കും. തല പൊളളുന്ന തരത്തില്‍ ഒരിക്കലും ചൂടാക്കി ഉപയോഗിക്കരുത്. എണ്ണ പുരട്ടുമ്പോള്‍ മുടിയില്‍ മാത്രം പുരട്ടാതെ തലയോട്ടിയിലും എണ്ണ നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം നന്നായി മസാജ് ചെയ്യുക. നല്ലപോലെ മുടികൊഴിച്ചിലുളള ഭാഗങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ച് അവിടെ നല്ലപോലെ മസാജ് ചെയ്ത് കൊടുക്കാം. 10–15 മിനിട്ട് വരെ ഇത്തരത്തില്‍ മസാജ് ചെയ്യാം. ശേഷം മുടിയുടെ തുമ്പ് വരെ എണ്ണ തേച്ചുപിടിപ്പിക്കുക. സാധാരണഗതിയില്‍ ഒന്ന് രണ്ട് മണിക്കൂര്‍ വരെ തലയില്‍ എണ്ണ വയ്ക്കാം. അലര്‍ജി പ്രശ്നങ്ങളോ തുമ്മലോ ഉളളവരാണെങ്കില്‍ മുക്കാല്‍ മണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഒരിക്കലും എണ്ണയിട്ട് രാത്രി കിടക്കാതിരിക്കുക. അത് മറ്റുപല ആരോഗ്യപ്രശ്നങ്ങളും വരുത്തിയേക്കാം.
എണ്ണ കഴുകിക്കളയുമ്പോള്‍ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കുന്നതാവും ഉത്തമം. നല്ലപോലെ എണ്ണ കഴുകിക്കളഞ്ഞ ശേഷം നല്ലൊരു കണ്ടീഷ്ണര്‍ കൂടി ഉപയോഗിക്കാം. നനഞ്ഞ മുടി കെട്ടിവയ്ക്കാതിരിക്കുക. ഇത്രയും കാര്യങ്ങള്‍ കൃത്യമായി പിന്തുടര്‍ന്നാല്‍ ഒരുവിധമുളള മുടിയുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടേക്കാം. ഇനി ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം ഭക്ഷണമാണ്. പോഷകസമ്പുഷ്ടമായ ഭക്ഷണശീലം പിന്തുടരുന്നതും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും.