Image: Reuters
അതിഥികള്‍ക്ക് ഹസ്തദാനം നല്‍കി സ്വീകരിക്കുമ്പോള്‍ വരെ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ കൈ ചതഞ്ഞതു പോലെ ചുവന്ന് വരുന്നുവെന്നും നീരുവയ്ക്കുന്നുവെന്നും വെളിപ്പെടുത്തിയത് ഡോക്ടര്‍ സീന്‍ ബാര്‍ബബെല്ലയാണ്. പ്രസിഡന്‍റ് സ്ഥാനത്തിരിക്കെ ഹസ്തദാനം ഒഴിവാക്കാന്‍ പറ്റില്ലെന്നതും ട്രംപിന് 'വേദന'യുണ്ടാക്കുന്നതാണ്. 78കാരനായ ട്രംപിന് കാല്‍മുട്ടിന് താഴേക്ക് നീര് വയ്ക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ട്രംപിനെ ചില പരിശോധനകള്‍ക്കും വിധേയനാക്കിയെന്ന് വൈറ്റ് ഹൗസും സ്ഥിരീകരിച്ചു. വിശദമായ പരിശോധനയില്‍ ട്രംപിന് ക്രോണിക് വെനസ് ഇന്‍സഫിഷ്യന്‍സി (CVI) എന്ന രോഗാവസ്ഥയാണെന്നും പ്രാരംഭദശയാണെന്നും കണ്ടെത്തി. ട്രംപിന്‍റെ ആരോഗ്യത്തില്‍ പക്ഷേ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും 70 വയസു കഴിഞ്ഞവരില്‍ ഇതൊക്കെ സാധാരണമാണെന്നും ഡോ. സീനിനെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്താണ് CVI?
കാലിലെ ഞരമ്പുകള്‍ക്ക് ആവശ്യമായത് പോലെ രക്തയോട്ടം നിയന്ത്രിക്കാന്‍ കഴിയാത്ത രോഗാവസ്ഥയാണിത്. ഇതോടെ ഞരമ്പുകളില്‍ രക്തം ശേഖരിക്കപ്പെടുകയും സിരകളുടെ ഭിത്തിയില്‍ സമ്മര്‍ദനം അനുഭവപ്പെടുകയും ചെയ്യും. ഈ അവസ്ഥ പിന്നീട് വെരിക്കോസ് സിരകള്‍ക്കും കാരണമായേക്കാം. സാധാരണ സ്ഥിതിയില്‍ രക്തധമനികളിലെ വാല്‍വുകള്‍ ഹൃദയത്തിലേക്കുള്ള രക്തയോട്ടം സുഗമമായി നടക്കാന്‍ സഹായിക്കും. എന്നാല്‍ ഇത് നടക്കാതെ വരുമ്പോള്‍ ഹൃദയത്തിലേക്ക് പോകേണ്ട രക്തം തിരികെ വരികയും കാലുകളിലെ ഞരമ്പുകളില്‍ കെട്ടിക്കിടക്കുകയും ചെയ്യും. ഇത് ഗുരുതരമായ അവസ്ഥയല്ലെങ്കിലും വേദന, നീര്, ചര്‍മത്തില്‍ നിറവ്യത്യാസം, വെരിക്കോസ് വെയിന്‍, ലെഗ് അള്‍സര്‍ തുടങ്ങിയവ ഉണ്ടായേക്കാം.
Image: Meta AI
അമിതമായി ശരീരഭാരമുള്ളവരിലും ഗര്‍ഭകാലത്തും പാരമ്പര്യമായും ഈ രോഗം ഉണ്ടാകാം. കാലിന് സാരമായ പരുക്കുകള്‍ ഏറ്റിട്ടുള്ളവരിലും, കാലിന് ശസ്ത്രക്രിയ നടത്തിയിട്ടുള്ളവരിലും ശരീരത്തില്‍ രക്തം കട്ടപിടിച്ച് കിടക്കുന്നതായി മുന്‍പ് ഉണ്ടായിട്ടുള്ളവര്‍ക്കും രോഗം വരാന്‍ സാധ്യതയുണ്ട്. മുതിര്‍ന്നവരില്‍ ഇരുപതില്‍ ഒരാള്‍ക്കെന്ന നിലയില്‍ സിവിഐ കണ്ടുവരുന്നുവെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രായമേറുന്നതനുസരിച്ച് രോഗസാധ്യതയും കൂടും.
ചികില്‍സ എന്ത്?
ജീവിതശൈലി മുതല്‍ ശസ്ത്രക്രിയവരെയുള്ള പരിഹാരങ്ങള്‍ സിവിഐക്കുണ്ട്. പതിവായ വ്യായാമം, കാലുകള്‍ ഉയര്‍ത്തി വച്ചുള്ള കിടപ്പും, ഭാര നിയന്ത്രണവുമാണ് ചികില്‍സയിലെ പ്രാഥമിക പടികള്‍. രക്തധമനികളിലൂടെ രക്തയോട്ടം സുഗമമാക്കാനുള്ള മരുന്നുകള്‍, കാലില്‍ ഇറുകിയുള്ള സ്റ്റോകിന്‍സും ബാന്‍ഡേജുകളും ധരിക്കുന്നതും വേദനകള്‍ ശമിപ്പിക്കുകയും നീര് കുറയ്ക്കുകയും ചെയ്യും.
Google Trending Topic: venous insufficiency