ഓസംപിക് (Ozempic), വെഗോവി (Wegovy), സെപ്ബൗണ്ട് (Zepbound) തുടങ്ങി ഭാരം കുറയ്ക്കാനായി ഉപയോഗിക്കുന്ന  ജി.എൽ.പി-1 മരുന്നുകൾ പുരുഷന്മാരിൽ മുടി കൊഴിച്ചിലിനുള്ള സാധ്യത വർദ്ധിപ്പിച്ചേക്കാമെന്ന് പുതിയ പഠനം. ഇതിന് ജനിതകപരമായ കാരണങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വാർത്താ ഏജൻസിയായ എഎന്‍ഐ ആണ് പഠനവിവരങ്ങൾ പുറത്തുവിട്ടത്.

പുരുഷന്മാരിൽ സാധാരണയായി കണ്ടുവരുന്ന കട്ടികുറഞ്ഞ മുടി കൊഴിച്ചിൽ അഥവാ ആൻഡ്രോജെനെറ്റിക് അലോപെേഷ്യ എന്ന അവസ്ഥയ്ക്ക് ജനിതകമായി സാധ്യതയുള്ളവരിൽ, ഈ ഭാരക്കുറവിനുള്ള മരുന്നുകൾ മുടി കൊഴിച്ചിൽ വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. ജി.എൽ.പി-1 മരുന്നുകൾ ഉപയോഗിക്കുന്നവരും, ജനിതകപരമായി മുടി കൊഴിച്ചിലിന് സാധ്യതയുള്ളവരുമായ പുരുഷന്മാരിൽ സാധാരണക്കാരെ അപേക്ഷിച്ച് 7 ശതമാനം അധിക മുടി കൊഴിച്ചിൽ സാധ്യതയുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. ജി.എൽ.പി-1 മരുന്നുകളുടെ ഉപയോഗവും പുരുഷന്മാരിലെ മുടി കൊഴിച്ചിലും തമ്മിലുള്ള പ്രത്യക്ഷമായ ആദ്യത്തെ ജനിതക ബന്ധമാണ് ഈ പഠനത്തിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്.

ശരീരഭാരം പെട്ടെന്ന് കുറയുമ്പോൾ സ്വാഭാവികമായും മുടി കൊഴിയാറുണ്ടെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ പുതിയ പഠനം സൂചിപ്പിക്കുന്നത്, ഭാരക്കുറവിനുള്ള മരുന്നുകൾ ശരീരത്തിലെ ചില ജനിതക ഘടനകളുമായി (പ്രത്യേകിച്ച് GLP-1 റിസപ്റ്ററുകളുമായി) നേരിട്ട് ഇടപെടുന്നുണ്ടെന്നാണ്. ഇത് മുടിയുടെ വളർച്ചാ ചക്രത്തെ ബാധിക്കുകയും, ജനിതകമായി മുടി കൊഴിച്ചിലിന് സാധ്യതയുള്ളവരില്‍ പ്രശ്നം കൂടുതൽ തീവ്രമാകാന്‍ കാരണമാവുകയും ചെയ്യുന്നു.

ഭാരക്കുറവിനും പ്രമേഹ നിയന്ത്രണത്തിനും ഈ മരുന്നുകൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിച്ചുവരുന്ന സാഹചര്യത്തിൽ, ഈ പുതിയ കണ്ടെത്തൽ ചികിത്സാരംഗത്ത് ചര്‍ച്ചയാവുകയാണ്. മരുന്നുകൾ ഉപയോഗിക്കുന്നവർ പാർശ്വഫലങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.

ENGLISH SUMMARY:

Popular weight-loss and diabetes medications such as Ozempic, Wegovy, and Zepbound have been linked to an increased risk of hair loss in men. According to a recent study reported by ANI, these GLP-1 receptor drugs can trigger hair thinning in men who are genetically predisposed to androgenetic alopecia. Researchers found that users with this genetic vulnerability face a 7 percent higher likelihood of experiencing hair shedding compared to non-users. While rapid weight loss naturally affects hair health, this study marks the first direct genetic link established between GLP-1 drug usage and male hair loss.