testicular-cancer

പുരുഷന്‍മാരിലെ വൃഷണങ്ങളിലെ കാന്‍സര്‍ (ടെസ്റ്റിക്യുലാര്‍ കാന്‍സര്‍) നേരത്തെ കണ്ടെത്തിയാൽ എളുപ്പത്തിലും പൂര്‍ണമായും ചികിത്സിക്കാവുന്ന രോഗമാണ്. എന്നാല്‍ അതിനെക്കുറിച്ച് സംസാരിക്കാനുള്ള വിമുഖത പലപ്പോളും കണ്ടുവരാറുണ്ട്. മാത്രമല്ല ലക്ഷണങ്ങളും അവഗണിക്കപ്പെടുന്നു. വൃഷണ കാൻസർ താരതമ്യേന അപൂർവമാണെങ്കിലും അമേരിക്കയിലും മറ്റ് പല രാജ്യങ്ങളിലും ഏതാനും വര്‍ഷങ്ങളായി ഇവ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ‍ഏപ്രില്‍ ആകട്ടെ വൃഷണ കാന്‍സര്‍ അവബോധം വളര്‍ത്താനുള്ള മാസം കൂടിയാണ്. 

ചകില്‍സയിലെ ആദ്യപടി എന്നത് അവബോധവും സ്വയം പരിശോധനയുമാണ്. വൃഷണത്തിലെ വേദനയില്ലാത്ത മുഴയോ വീക്കമോ ആണ് വൃഷണ കാൻസറിന്റെ ഏറ്റവും സാധാരണമായ ലക്ഷണം. വേദനയോ മറ്റ് അസ്വസ്ഥതകളോ ഇല്ലാത്തതുകൊണ്ടു തന്നെ പലപ്പോളും ഇത് അവഗണിക്കപ്പെടുന്നു. വൃഷണസഞ്ചിയിൽ ഭാരം, നീര്‍ക്കെട്ട്, അടിവയറ്റിലോ ഞരമ്പുകളിലോ ചെറിയ വേദന, വൃഷണത്തിന്റെ വലുപ്പത്തില്‍ മാറ്റം എന്നിവയും ലക്ഷണങ്ങളായി കാണപ്പെടാം. വൃഷണത്തിലോ വൃഷണ സഞ്ചിയിലോ അടിവയറ്റിലോ ഉണ്ടാകുന്ന വേദന ദിവസങ്ങള്‍ നീണ്ടു നിന്നാല്‍ ഉടനെ ഡോക്ടറെ കാണേണ്ടതാണ്. ഈ ലക്ഷണങ്ങള്‍ എല്ലാം കാന്‍സര്‍ ആകണമെന്നുമില്ല. അതിനാല്‍ സംശയമുണ്ടായല്‍ ഉടന്‍ ഡോക്ടറെ കാണുന്നതാണ് നല്ലത്. 

മാസത്തിലൊരിക്കെങ്കിലും ശരീരം സ്വയം പരിശോധിക്കുന്നത് മാറ്റങ്ങൾ നേരത്തെ കണ്ടെത്താനുള്ള ലളിതവും ഫലപ്രദവുമായ ഒരു മാർഗമാണ്. ചൂടുവെള്ളത്തിലുള്ള കുളിക്കു ശേഷം ഒരു കണ്ണാടിക്ക് മുന്നിൽ നിന്ന് വൃഷണസഞ്ചിയിലെ ചർമ്മം പരിശോധിക്കുക. ഓരോ വൃഷണവും വെവ്വേറെ പരിശോധിക്കുക. വൃഷണസഞ്ചിയിലെ ചർമ്മത്തിൽ എന്തെങ്കിലും വീക്കം ഉണ്ടോ എന്ന് ശ്രദ്ധിക്കണം. കട്ടിയുള്ളതോ മിനുസമാർന്ന വൃത്താകൃതിയിലുള്ള മുഴകൾ, വൃഷണങ്ങളുടെ വലുപ്പത്തിലോ ആകൃതിയിലോ മാറ്റം എന്നിവയും പരിശോധിക്കുക. അതേസമയം, ഒരു വൃഷണം മറ്റേതിനേക്കാൾ അല്പം വലുതായിരിക്കുകയോ താഴേക്ക് തൂങ്ങിക്കിടക്കുകയോ ചെയ്യുന്നത് സാധാരണമാണ്.

സ്വയം പരിശോധനയാകാമെങ്കിലും സ്വയം സ്ഥിരീകരണമാകരുത്, സംശയകരമായ എന്തെങ്കിലും ശ്രദ്ധയ്യില്‍പ്പെട്ടാന്‍ ഉടന്‍ ഡോക്ടറെ കാണുക. കാന്‍സര്‍ സ്ഥിരീകരിച്ചാല്‍ യൂറോളജിസ്റ്റുകൾ, ഓങ്കോളജിസ്റ്റുകൾ, ഫെർട്ടിലിറ്റി സ്പെഷലിസ്റ്റുകള്‍ എന്നിവരുൾപ്പെടെയുള്ള സംഘമായിരിക്കും ചികിത്സാ പദ്ധതി തയ്യാറാക്കുക. 20 നും 39 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിലാണ് വൃഷണങ്ങളിലെ കാന്‍സര്‍ കൂടുതലാണ് കണ്ടുവരാറുള്ളത്. വൃഷണ കാൻസർ മൂലം മരിക്കാനുള്ള സാധ്യത വളരെ കുറവാണ്. 5,000 ൽ 1 എന്നതാണ് മരണനിരക്ക്. എന്നാല്‍ അതിജീവന നിരക്കാകട്ടെ 99 ശതമാനവും. അവിടെ നേരത്തേയുള്ള രോഗനിര്‍ണയവും ചികില്‍സയുമാണ് നിര്‍ണായകം.

ENGLISH SUMMARY:

April is recognized as Testicular Cancer Awareness Month to encourage early diagnosis and treatment. While relatively rare, cases of this cancer are rising globally among men aged twenty to thirty-nine. The most common symptom is a painless lump or swelling in the scrotum which is often ignored. Other warning signs include a feeling of heaviness, dull aches in the abdomen, or changes in testicular size. Early detection is critical as the survival rate for this condition is remarkably high at ninety-nine percent. Men are encouraged to perform monthly self-examinations to identify any unusual changes or persistent discomfort immediately.