എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
പ്രായമാകുമ്പോള്‍ പുരുഷന്മാരുടെ ബീജത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ജനിക്കുന്ന കുട്ടികളില്‍ ജനിതക വൈകല്യത്തിന് കാരണമായേക്കാമെന്ന് പഠനം. വ്യക്തികളുടെ ബീജ സാമ്പിളുകള്‍ തുടർച്ചയായി വിശകലനം ചെയ്തുകൊണ്ട് നടത്തിയ പഠനത്തിലാണ് കണ്ടെത്തലുകള്‍. പ്രായമായ പുരുഷന്‍മാരില്‍ ചില മ്യൂട്ടേഷനുകൾ ബീജകോശങ്ങളെ വേഗത്തിൽ പെരുകാൻ അനുവദിക്കുന്നുണ്ട്. ഇത് ജനിതക മാറ്റങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളില്‍ ഇവ ജനിത വൈകല്യങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് പഠനം. നേച്ചർ കമ്മ്യൂണിക്കേഷൻസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രായം വര്‍ധിക്കുന്തോറും ഡിഎന്‍എ തകരാറുകള്‍ സംഭവിക്കുകയും വൃഷണങ്ങളിലെ കോശവിഭജന സമയത്ത് ചില മ്യൂട്ടേഷനുകള്‍ ക്രമരഹിതമായി സംഭവിക്കുകയും ചെയ്യുന്നുണ്ട്. ഇത് പലപ്പോഴും നിരുപദ്രവകരമാണ്. എന്നാല്‍ കുഞ്ഞുങ്ങളില്‍ വളര്‍ച്ചാപരമായോ ജനിതകപരമായോ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഓട്ടിസം, ബുദ്ധിപരമായ വൈകല്യങ്ങൾ, മറ്റ് നാഡീ വികസന വൈകല്യങ്ങൾ തുടങ്ങിവയ്ക്ക് കാരണമായേക്കാം. മാത്രമല്ല ചില മ്യൂട്ടേഷനുകൾ കാൻസർ സാധ്യതയെ സ്വാധീനിക്കുന്ന ജീനുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില ദോഷകരമായ മ്യൂട്ടേഷനുകൾ ഭ്രൂണത്തെയും ബാധിച്ചേക്കാം. പങ്കാളിയില്‍ ഇത് ഗർഭധാരണകാലത്ത് ബുദ്ധിമുട്ടുകൾക്കോ ഗർഭം അലസലിനോ കാരണമാകും.
വാർദ്ധക്യം പുരുഷന്മാരുടെ ബീജത്തെ എങ്ങനെ ബാധിക്കുന്നു, കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകുന്ന അപകടസാധ്യതകൾ, ഇവ ലഘൂകരിക്കാനുള്ള വഴികൾ എന്നിവ മനസ്സിലാക്കുന്നതില്‍ ഏറെ നിര്‍ണായകമാണ് പുതിയ പഠനം. കുട്ടികള്‍ക്കായി തയ്യാറെടുക്കുന്നതിന് മുന്‍പ് പ്രത്യുൽപാദന ആരോഗ്യത്തിന്റെയും ജനിതക പരിശോധനയുടെയും ആവശ്യകത എത്രത്തോളമാണെന്ന് പഠനം എടുത്തുകാണിക്കുന്നു. ഇതുവഴി പുരുഷന്മാർക്ക് തങ്ങളുടെ പ്രത്യുത്പാദന ആരോഗ്യം സംരക്ഷിക്കുന്നതിനും ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളിലെ അപകടസാധ്യതകൾ കുറയ്ക്കുന്നതിനുമുള്ള വഴികള്‍ സ്വീകരിക്കാൻ കഴിയും.
പ്രായം മാത്രമല്ല ഭക്ഷണക്രമം, സമ്മർദ്ദം, പുകവലി, എന്നിവയും ഈ മ്യൂട്ടേഷനുകളെ പരോക്ഷമായി സ്വാധീനിച്ചേക്കാം. അതിനാല്‍ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താം. ഇത് സാധാരണ ബീജ വികാസത്തെ പിന്തുണയ്ക്കും. സമീകൃതാഹാരം പാലിക്കുക, കൃത്യമായ വ്യായാമം, പുകവലി– മദ്യം എന്നിവ ഒഴിവാക്കുക തുടങ്ങിയവ ബീജത്തിന്റെ ഗുണനിലവാരം നിലനിർത്താൻ സഹായിക്കും. ജീവിതശൈലി ക്രമീകരണങ്ങക്ക് പ്രായവുമായി ബന്ധപ്പെട്ട എല്ലാ മ്യൂട്ടേഷനുകളും തടയാൻ കഴിയില്ലെങ്കിലും, അപകടസാധ്യതകൾ കുറയ്ക്കും. അതേസമയം, ബീജങ്ങളുട് തിരഞ്ഞെടുപ്പ് അല്ലെങ്കിൽ പ്രീഇംപ്ലാന്റേഷൻ, ജനിതക പരിശോധന തുടങ്ങിയ സാങ്കേതിക വിദ്യകൾക്ക് ദോഷകരമായ മ്യൂട്ടേഷനുകൾ കുറവുള്ള ബീജത്തെയോ ഭ്രൂണങ്ങളെയോ തിരിച്ചറിയാൻ കഴിയും.