TOPICS COVERED

ഗര്‍ഭധാരണങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം ലൈംഗിക രോഗങ്ങളില്‍ നിന്നു രക്ഷ നേടാന്‍ കൂടിയാണ് ഗര്‍ഭനിരോധന ഉറ അഥവാ കോണ്ടം ഉപയോഗിക്കുന്നത്. ലൈംഗിക ബന്ധത്തില്‍ പങ്കാളികള്‍ക്ക് ഇടയില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഇതിലും നല്ല മറ്റൊരു മാര്‍ഗമില്ലെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഉപയോഗിച്ച കോണ്ടം അശ്രദ്ധമായി ഉപേക്ഷിക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുമെന്നാണ് റിപ്പോര്‍ട്ട്.

സാനിറ്ററി പാഡുകളും ഡയപ്പറുകളും പോലെ, കോണ്ടവും നശിക്കാൻ വർഷങ്ങളെടുക്കും. അതിനാൽതന്നെ അവ ഉപേക്ഷിക്കുന്നതും ശ്രദ്ധയോടെയായിരിക്കണം, ഉപയോഗിച്ച കോണ്ടം കളയാനുള്ള ടിഷ്യു പേപ്പർ, പത്രം, പേപ്പർ ബാഗ്, ബയോഡീഗ്രേഡബിൾ വേസ്റ്റ് പേപ്പർ എന്നിവയിൽ സുരക്ഷിതമായി പൊതിഞ്ഞ് അടച്ച ചവറ്റുകുട്ടയിൽ ഉപേക്ഷിക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗമെന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖര്‍ പറയുന്നത്. കോണ്ടം മാറ്റുമ്പോൾ ശ്രദ്ധിക്കണമെന്നും ബീജം പുറത്തേക്ക് ഒഴുകാതിരിക്കാനായി തുറന്നിരിക്കുന്ന അറ്റം എപ്പോഴും കെട്ടണമെന്നും പറയുന്നു.

ആളുകൾ, പ്രത്യേകിച്ച് കുട്ടികൾ, അബദ്ധത്തിൽ സ്പർശിക്കാൻ സാധ്യതയുള്ള തുറസായ സ്ഥലങ്ങളിൽ കോണ്ടം ഒരിക്കലും ഉപേക്ഷിക്കരുതെന്നും മുന്നറിയിപ്പുണ്ട്. കോണ്ടം ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്യുന്നത് ഒരിക്കലും നല്ല ആശയമല്ല. കോണ്ടം വെള്ളത്തിൽ ലയിക്കുന്നില്ല, അവ മലിനജല സംവിധാനങ്ങളെ തടസ്സപ്പെടുത്തും. ഇത് പ്ലംബിങ് തകരാറുകൾക്ക് കാരണമാവുകയും ജലജന്യ രോഗങ്ങൾ പടരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

ENGLISH SUMMARY:

Condom disposal is essential for environmental and public health. Dispose of used condoms properly by wrapping them in paper and placing them in a closed trash receptacle to prevent pollution and health hazards.