healthy-life

Ai Generated Images

വിവാഹം കഴിഞ്ഞ് നാലോ അഞ്ചോ വര്‍ഷം കഴിഞ്ഞുമതി കുട്ടികള്‍ എന്നു ചിന്തിക്കുന്നവരാണ് ഇക്കാലത്ത് ഭൂരിഭാഗം ആളുകളും. ജോലി, സാമ്പത്തിക ഭദ്രത, പരസ്പരം അടുത്തറിയാനുളള സമയം ഇങ്ങനെ പല ഘടകങ്ങള്‍ക്കും പ്രാധാന്യം നല്‍കിയ ശേഷമാണ് ഒരു കുട്ടിയെന്ന സ്വപ്നത്തിലേക്ക് ചുവടുവെയ്ക്കുന്നത്. എന്നാല്‍ മുപ്പതുകളിലേക്ക് കടക്കുമ്പോള്‍ ഗര്‍ഭം ധരിക്കാനുളള സാധ്യതകള്‍ കുറഞ്ഞുതുടങ്ങും. മാറിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളുമെല്ലാം മനുഷ്യന്‍റെ പ്രത്യുല്‍പാദനശേഷിയെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. ഇക്കാലത്ത് ദമ്പതിമാരെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്ന കാര്യമാണ് വർദ്ധിച്ചിവരുന്ന വന്ധ്യതാ പ്രശ്നം. പുരുഷൻമാരിലും സ്ത്രീകളിലും വന്ധ്യത വർദ്ധിച്ചിവരുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

വന്ധ്യതയിൽ 40 മുതൽ 50 ശതമാനവും പുരുഷൻമാരുടെ പ്രശ്നമാണ് കണ്ടുവരുന്നത്. ബീജത്തിന്റെ ഗുണനിലവാരം, ബീജത്തിന്‍റെ ചലനശേഷി, ബീജങ്ങളുടെ അളവ് എന്നിവയെല്ലാം ഗര്‍ഭധാരണത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇവയിലേതെങ്കിലും ഘടകത്തിന് പ്രശ്നം നേരിട്ടാല്‍ അത് വന്ധ്യതയിലേക്ക് നയിച്ചേക്കാം. ഇക്കാലത്ത് ഇത്തരം പ്രശ്നങ്ങള്‍ക്ക് മരുന്നിലൂടെ പരിഹാരം കാണാമെങ്കിലും ആരോഗ്യകരമായ ജീവിതം നയിക്കുന്നത് ഒരു പരിധിവരെ വന്ധ്യതയെ തടയും. വ്യായാമം ശീലമാക്കുന്നതിനൊപ്പം ഭക്ഷണകാര്യത്തില്‍ കൂടി ശ്രദ്ധചെലുത്തിയാല്‍ പുരുഷന്മാരില്‍ ആരോഗ്യകരമായ ബീജോല്‍പാദനവും സ്ത്രീകളില്‍ അണ്ഡോല്‍പാദനവും നടക്കും. ബീജത്തിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ബ്രസീല്‍ നട്സ്

ഇവയില്‍ സെലീനിയം ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു. ബീജത്തിന്‍റെ ചലനശേഷി കൂട്ടാന്‍ മികച്ചതാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ ബ്രസീല്‍ നട്സ് കഴിക്കാം

ഡാര്‍ക്ക് ചോക്ലേറ്റ്

70 ശതമാനത്തിലധികം വരുന്ന ഡാര്‍ക്ക് ചോക്ലേറ്റ് ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് കൂട്ടാന്‍ ഉത്തമമാണ്. ലൈംഗിക താല്‍പര്യം വര്‍ധിപ്പാക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കും. എന്നാല്‍ വലിയ അളവില്‍ കഴിക്കുന്നത് നല്ലതല്ല. ചെറിയ ഒരു കഷ്ണം വീതം ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം മാത്രം കഴിക്കാം.

മത്തങ്ങാക്കുരു

മത്തങ്ങാക്കുരുവില്‍ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് കൂട്ടാനും ബീജത്തിന്‍റെ അളവ് കൂട്ടാനും മികച്ചതാണ്. നിത്യേന ഒരു ടേബിള്‍സ്പൂണ്‍ വീതം മത്തങ്ങാക്കുരു കഴിക്കാം. 

മുട്ട

സെമന്‍ അഥവാ ശുക്ലത്തിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ മുട്ട മികച്ച മാര്‍ഗമാണ്. വിറ്റമിന്‍ ഡി, വിറ്റമിന്‍ ഇ, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് മുട്ട. നിത്യേന ഒരു മുട്ട കഴിക്കുന്നത് ഉത്തമം. പരമാവധി രണ്ടുമുട്ടവരെ കഴിക്കാം . 

വെളുത്തുളളി

പ്രത്യുല്‍പാദന അവയവങ്ങളിലേക്കുളള രക്തയോട്ടം കൂട്ടാന്‍ സഹായിക്കുന്ന പദാര്‍ത്ഥങ്ങള്‍ വെളുത്തുളളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തില്‍ ഒന്നോ രണ്ടോ വെളുത്തുളളി ചേര്‍ക്കുന്നത് ഉത്തമം.

തക്കാളി

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ എന്ന പദാര്‍ത്ഥം ബീജത്തില്‍ ഘടന (മോര്‍ഫോളജി) മെച്ചപ്പെടുത്തും. അതുവഴി ബീജത്തിന്‍റെ ചനലം കൂടുതല്‍ സുഗമമാവും. തക്കാളി വേവിച്ച് കറിയായോ മറ്റോ കഴിക്കുന്നതാണ് ഉത്തമം. 

പഴം

പഴത്തില്‍ അടങ്ങിയിരിക്കുന്ന ബ്രോമലൈൻ എന്ന എന്‍സൈം ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് കൂട്ടാനും ലൈംഗിക താല്‍പര്യം വര്‍ധിപ്പാക്കാനും ഉത്തമമാണ്. നിത്യേന ഒരു പഴം വീതം കഴിക്കാം.

(ഡോ. സീത തന്‍റെ യൂട്യൂബ് ചാനലില്‍  പങ്കുവച്ച വിവരങ്ങളില്‍ നിന്നും...)

ENGLISH SUMMARY:

The Best Foods To Increase Sperm Count and Motility