പുരുഷന്മാരോടാണ്, പബ്ലിക് ടോയ്‌ലറ്റിൽ പോകുമ്പോൾ, അടുത്ത് ആളുകളുണ്ടെങ്കിൽ മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. ഈ അവസ്ഥയ്ക്ക് പരുറെസിസ് (Paruresis) എന്നാണ് പറയുന്നത്, ഷൈ ബ്ലാഡർ സിൻഡ്രോം എന്നും പറയാറുണ്ട്. ഇത് ഒരുതരം ഉത്കണ്ഠയാണ്. വേണമെങ്കില്‍ ഒരു രോഗാവസ്ഥയെന്നും പറയാം. അതായത്, ചില സാമൂഹിക സാഹചര്യങ്ങളിൽ ഉണ്ടാകുന്ന ഒരുതരം ഭയം. ആളുകൾ ചുറ്റുമുള്ളപ്പോൾ പൊതുസ്ഥലത്തോ മറ്റുള്ളവരുടെ അടുത്ത് നിന്നോ മൂത്രമൊഴിക്കാൻ കഴിയാത്ത അവസ്ഥയാണിത്. ഇതിന്‍റെ ലക്ഷണങ്ങൾ ചിലപ്പോൾ വളരെ ചെറുതായിരിക്കാം. നിർഭാഗ്യവശാൽ, ഇത് കാലക്രമേണ വഷളാകാനും സാധ്യതയുണ്ട്.
ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്ക് മൂത്രമൊഴിക്കുമ്പോൾ സ്വകാര്യത ആവശ്യമായി വരും. മറ്റൊരാളുടെ മുന്നിൽ മൂത്രമൊഴിക്കുന്നത് തീർത്തും അസാധ്യമാണെന്ന് അവർ ഉറച്ചുവിശ്വസിക്കും. ഇത് അവരുടെ സാധാരണ ജീവിതത്തെ പലപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ട്. ഉദാഹരണത്തിന്, ഇവർ വീട്ടിൽ നിന്ന് മാത്രമേ മൂത്രമൊഴിക്കാൻ ഇഷ്ടപ്പെടുകയുള്ളൂ. പുറത്ത് പോകുന്നതിന് മുൻപ് വെള്ളം കുടിക്കുന്നത് ഒഴിവാക്കും, അല്ലെങ്കിൽ സുഹൃത്തുക്കളോടൊപ്പമുള്ള യാത്രകളും സാമൂഹിക പരിപാടികളും നിരസിക്കുകയും ചെയ്യും.
ഈ അവസ്ഥ ഒരു ശാരീരിക പ്രശ്നമല്ല, മറിച്ച് മാനസികാരോഗ്യവുമായി ബന്ധപ്പെട്ടതാണ്. ഇത് ഒരുതരം പേടിയാണ്, മൂത്രസഞ്ചിക്ക് ശാരീരികമായ തകരാറുകൾ ഒന്നുമില്ല. പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട ഒരുതരം ഉത്കണ്ഠയാണ് ഇതിന് കാരണം. പലപ്പോഴും ലജ്ജ, മുന്‍വിധികള്‍, അല്ലെങ്കിൽ നിയന്ത്രണം നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ഭയം എന്നിവയൊക്കെ കാരണം ഇത് സംഭവിക്കാം.
നിങ്ങൾക്ക് ഇങ്ങനെയൊരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഒരു ഡോക്ടറെയോ മാനസികാരോഗ്യ വിദഗ്ദ്ധനെയോ സമീപിക്കുന്നത് വളരെ പ്രധാനമാണ്. ശരിയായ തെറാപ്പികളിലൂടെയും കൗൺസിലിംഗിലൂടെയും ഈ അവസ്ഥയെ വിജയകരമായി അതിജീവിക്കാൻ സാധിക്കും. ഇത് നിങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സാമൂഹിക സാഹചര്യങ്ങളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാനും സഹായിക്കും.