സ്തനാർബുദം എന്ന് കേള്‍ക്കുമ്പോള്‍ സ്ത്രികളെ ബാധിക്കുന്ന രോഗം എന്നാണ് മിക്കവരും ചിന്തിക്കുക. എന്നാല്‍ പുരുഷന്‍മാരിലും സ്തനാർബുദം വര്‍ധിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളെപ്പോലെ പുരുഷന്മാരുടെ സ്തനങ്ങൾ പൂർണ്ണമായി വികസിക്കുന്നില്ലെങ്കിലും എല്ലാ പുരുഷന്മാർക്കും ബ്രെസ്റ്റ് ടിഷ്യു ഉണ്ട്. പാൽ നാളങ്ങളിലാണ് പുരുഷ സ്തനാർബുദം ഉണ്ടാകാറ്. ഇതിനെ ഡക്റ്റൽ കാർസിനോമ എന്ന് വിളിക്കുന്നു.
ലക്ഷണങ്ങള്‍
സ്തനത്തിലെ മുഴ, തടിപ്പ്, മുലക്കണ്ണ് വേദന, മുലക്കണ്ണിൽ നിന്നുള്ള ഡിസ്ചാർജ്, ബ്ലീഡിങ് എന്നിവയാണ് പുരുഷ സ്തനാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങൾ. മുഴകൾ പ്രത്യക്ഷപ്പെട്ട് കുറച്ച് നാൾ കഴിയുമ്പോൾ സ്തനത്തിൽ പലവിധത്തിലുള്ള മാറ്റങ്ങളും വന്നുതുടങ്ങും. മുലക്കണ്ണിനു ചുറ്റും ചുവപ്പു നിറവും ചർമ്മം വരണ്ടിരിക്കുന്നതും മുലക്കണ്ണിന് ചുറ്റുമായി പാടുകള്‍ കാണുന്നതും ചിലപ്പോള്‍ രോഗ ലക്ഷണമാകാം. മുലക്കണ്ണിൽ എന്തെങ്കിലും മുറിവ് പ്രത്യക്ഷപ്പെടുന്നതും സ്തനാർബുദത്തിന്റെ ലക്ഷണമാകാം. മാമോഗ്രാം, ബ്രെസ്റ്റ് അൾട്രാസൗണ്ട് എന്നിവയാണ് സ്തനാർബുദ പരിശോധന,
കാരണങ്ങള്‍
പുരുഷ സ്തനാര്‍ബുദത്തിന്റെ മൂലകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. സ്തനകോശങ്ങളിലെ ഡിഎന്‍എയില്‍ വരുന്ന മാറ്റങ്ങളില്‍ നിന്നാണ് കാന്‍സര്‍ ആരംഭിക്കുന്നത്. ഒരു കോശം എന്തെല്ലാം ചെയ്യണം എന്ന നിര്‍ദേശങ്ങളാണ് അതിന്റെ ഡിഎന്‍എയില്‍ ഉള്ളത്. ആരോഗ്യമുള്ള കോശങ്ങളുടെ ഡിഎന്‍എ അതിന്റെ വളര്‍ച്ചയ്ക്കും നിശ്ചിത ക്രമത്തില്‍ ഇരട്ടിക്കാനും നിശ്ചിതസമയത്ത് നശിക്കാനും നിര്‍ദേശം നല്‍കും. എന്നാല്‍ കാന്‍സര്‍ കോശങ്ങളിലെ ഡിഎന്‍എ ക്രമാതീതമായ വേഗത്തില്‍ ഇരട്ടിക്കാനുള്ള നിര്‍ദേശമാകും നല്‍കുക. കാന്‍സര്‍ സെല്ലുകള്‍ കൂടുതല്‍ കാലം ജീവിക്കുകയും ചെയ്യും. ഇത്തരം കോശങ്ങള്‍ പെരുകുന്നതോടെ അവ ഒന്നിച്ച് ട്യൂമര്‍ രൂപപ്പെടും. പലപ്പോഴും ഈ ട്യൂമര്‍ വിഘടിച്ച് ശരീരത്തിന്റെ മറ്റുഭാഗങ്ങളിലെത്തി കാന്‍സറിന് കാരണമാകും. മെറ്റാസ്റ്റാറ്റിക് കാന്‍സര്‍ എന്നാണ് ഇതറിയപ്പെടുന്നത്.
പുരുഷസ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന മറ്റ് ഘടകങ്ങള്‍
1. പ്രായം
2. ഈസ്ട്രജന്‍ അടങ്ങിയ മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം
3. പ്രോസ്റ്റേറ്റ് കാന്‍സറിന് നല്‍കുന്ന ഹോര്‍മോണ്‍ തെറപ്പി
4. പാരമ്പര്യം
5. മാതാപിതാക്കളില്‍ നിന്ന് ലഭിക്കുന്ന ഡിഎന്‍എ തകരാറുകള്‍
6. ഒന്നിലേറെ എക്സ് ക്രോമസോമുകളുമായി ജനിക്കുന്നവരില്‍ ഉണ്ടാകുന്ന ലൈന്‍ഫെല്‍റ്റര്‍ സിന്‍ഡ‍്രോം
7. ചിലയിനം കരള്‍ രോഗങ്ങള്‍
8. പൊണ്ണത്തടി
9. വൃഷണത്തെ ബാധിക്കുന്ന രോഗങ്ങള്‍, ശസ്ത്രക്രിയ