എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

കുട്ടികളിലെ കാൻസർ ചികിത്സ ലോകമെമ്പാടും കൂടുതൽ ലളിതവും എല്ലാവർക്കും ലഭ്യമാകുന്നതുമാക്കാൻ നിർണായക നീക്കവുമായി ലോകാരോഗ്യ സംഘടന. കുട്ടികളുടെ കാൻസർ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും, ഗുണനിലവാരമുള്ള മരുന്നുകൾ രാജ്യാന്തര തലത്തിൽ പരിശോധിച്ചു വിലയിരുത്തുന്നതിനുമായി പുതിയ പ്രീക്വാളിഫിക്കേഷൻ നടപടിക്രമത്തിന് ഡബ്ല്യുഎച്ച്ഒ തുടക്കം കുറിച്ചു.

ലോകമെമ്പാടുമുള്ള കുട്ടികൾക്ക് കാൻസർ ചികിത്സയ്ക്കുള്ള ജീവൻരക്ഷാ മരുന്നുകൾ തടസ്സമില്ലാതെയും ന്യായവിലയിലും ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ കാൻസർ ബാധിതരായ കുട്ടികളുടെ അതിജീവന നിരക്ക് വർദ്ധിപ്പിക്കാൻ ഇത് ഏറെ സഹായിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ കുട്ടികളിലെ കാൻസർ അതിജീവന നിരക്ക് 80 ശതമാനത്തിന് മുകളിലാണെങ്കിൽ, വിഭവങ്ങൾ പരിമിതമായ രാജ്യങ്ങളിൽ ഇത് വളരെ കുറവാണ്. ഈ അന്തരം കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കുട്ടികളിലെ കാൻസർ ചികിത്സയിലെ അതിപ്രധാനമായ 12 മരുന്നുകളാണ് പ്രാരംഭ ഘട്ടത്തിൽ ഈ പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കുട്ടികൾക്ക് അനുയോജ്യമായ ഫോർമുലേഷനുകളാണ് ഒന്ന്. ആറ് മരുന്നുകൾ ഇതിൽ ഉൾപ്പെടുന്നു. സൈക്ലോഫോസ്ഫാമൈഡ് (Cyclophosphamide), എറ്റോപോസൈഡ് (Etoposide), മെർകാപ്റ്റോപ്യൂറിൻ (Mercaptopurine), മെത്തോട്രെക്സേറ്റ് (Methotrexate), പ്രൊകാർബസൈൻ (Procarbazine), ടെമോസോളമൈഡ് (Temozolomide) എന്നിവയാണവ.

വിപണിയിൽ ലഭ്യതക്കുറവും വിതരണത്തില്‍ തടസ്സങ്ങളും നേരിടുന്ന ആറ് പ്രധാന മരുന്നുകളാണ് രണ്ടാമത്തെ വിഭാഗത്തിലുള്ളത്. പെഗാസ്പർഗേസ് (Pegaspargase), ആസ്പർഗേസ് (Asparaginase), ഹൈഡ്രോകോർട്ടിസോൺ (Hydrocortisone), ഡാക്റ്റിനോമൈസിൻ (Dactinomycin), വിന്‍ക്രിസ്റ്റിൻ (Vincristine), സൈറ്റാറാബിൻ (Cytarabine) എന്നിവയാണ് ഈ വിഭാഗത്തിലുള്ളത്.

മരുന്ന് നിർമ്മാതാക്കൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ ഗുണനിലവാര പരിശോധനയ്ക്കായി ലോകാരോഗ്യ സംഘടനയ്ക്ക് മുന്നിൽ സമർപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ തുറക്കപ്പെട്ടിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കുന്ന മരുന്നുകൾ ഡബ്ല്യു.എച്ച്.ഒയുടെ അംഗീകൃത ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇത് വഴി യു.എൻ സംഘടനകൾക്കും മറ്റും ഗുണനിലവാരമുള്ള മരുന്നുകൾ നേരിട്ട് വാങ്ങാന്‍ സാധിക്കുകയും ചെയ്യും.

ENGLISH SUMMARY:

The World Health Organization has launched a crucial prequalification process to make childhood cancer treatments simpler and more accessible worldwide. This initiative aims to ensure a seamless supply of life-saving cancer drugs at fair prices, particularly helping boost survival rates in economically disadvantaged nations. In the initial phase, 12 critical medicines have been prioritized, split between child-friendly formulations and drugs facing severe market supply shortages. Manufacturers can now submit their products for rigorous quality evaluation so that UN agencies and healthcare systems can procure them directly.