ഈ ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികളോട് ഫോണ്‍ നോക്കരുത് എന്ന് പറയാന്‍ മാതാപിതാക്കള്‍ക്ക് അത്രയ്ക്കങ്ങ് ധൈര്യം കാണില്ല...സ്മാര്‍ട്ട് ഫോണുകള്‍ മുതല്‍ ലാപ്ടോപ്പുകള്‍ വരെ കുട്ടികളുടെ ജീവിതത്തില്‍ എല്ലായിടത്തും സ്ക്രീന്‍ സാന്നിധ്യമുണ്ട്. കുട്ടികളും കൗമാരക്കാരും ഒരുദിവസം ശരാശരി നാല് മുതല്‍ ഒന്‍പത് മണിക്കൂര്‍വരെ സ്ക്രീന്‍ സമയം ചെലവഴിക്കുന്നതിനാല്‍ പല മാതാപിതാക്കളും ചോദിക്കുന്ന ചോദ്യമുണ്ട്. എന്റെ കുട്ടികള്‍ക്ക് സ്ക്രീന്‍ സമയം എങ്ങനെ കുറയ്ക്കാം? പുതിയ കാലത്ത് സ്ക്രീന്‍ സമയം ആവശ്യമല്ലേ....ഡിജിറ്റല്‍ വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കണം എന്ന് ഒരു വിഭാഗം ശക്തമായി വാദിക്കുമ്പോള്‍ ഇതുകൊണ്ടുണ്ടാകുന്ന ദൂഷ്യവശങ്ങളാണ് ഒരുവിഭാഗം എടുത്തുപറയുന്നത്.
ഒരു ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ സ്ക്രീന്‍ നോക്കരുതെന്ന് ലോകാരോഗ്യ സംഘടന പറയുമ്പോള്‍ മാതാപിതാക്കള്‍ക്കിടയില്‍ മൊത്തത്തില്‍ ഒരു കണ്‍ഫ്യൂഷനുണ്ട്. സ്ക്രീനുകള്‍ വിദ്യാഭ്യാസത്തിനുള്ള ഒരു ടൂളായി ആഗോളതലത്തില്‍ സ്കൂളുകളില്‍ ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ചും നഴ്സറി സ്കൂളുകളില്‍ കുട്ടികളുടെ ലാംഗ്വേജ് സ്കില്‍ മെച്ചപ്പെടുത്തുന്നതിനായി സ്ക്രീന്‍ ടൈം കൊടുക്കുന്നുണ്ട്. മിസ് റേച്ചലിന്റെ വിഡിയോയും പെപ്പാ പിഗിന്റെ എപ്പിസോഡുമൊക്കെ ഇന്‍ഫര്‍മേറ്റിവ് കണ്ടന്റായിട്ടാണ് പ്രീ സ്കൂളുകളില്‍ കുട്ടികള്‍ക്കായി നല്‍കുന്നത്. പക്ഷേ സ്ക്രീന്‍ ടൈം കൂടുതലാകുന്നതുകൊണ്ട് കുട്ടികളുടെ സംസാര ഭാഷാ വികാസം ക്രമേണ കുറയുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നു.'
മൂന്നും നാലും വയസുള്ള കുട്ടികളില്‍ 25 ശതമാനത്തിലധികം പേര്‍ക്ക് സ്വന്തമായി സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ടെന്നും 13 വയസിന് താഴെയുള്ള കുട്ടികളില്‍ പകുതിപേര്‍ക്കും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുണ്ടെന്നും ഓഫ്കോം റിപ്പോര്‍ട്ട് പറയുന്നു. പുതിയ വിദ്യാഭ്യാസകാലഘട്ടത്തില്‍ ഒന്നിലധികം സ്ക്രീനുകളുമായി ഇടപെഴകുന്നവരാണ് കുട്ടികള്‍. സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള്‍, വിഡിയോഗെയിമുകള്‍, എന്നിവ വീടുകളില്‍ മാത്രമല്ല സ്കൂളുകളിലും സജീവമായി കഴിഞ്ഞു.
ആരോഗ്യപ്രശ്നങ്ങള്‍
കുട്ടികളില്‍ അമിതമായ സ്ക്രീന്‍ ഉപയോഗം പൊണ്ണത്തടി, വിഷാദം, ഉത്കണ്ഠ, ഹൈപ്പര്‍ ആക്ടിവിറ്റി എന്നിവയ്ക്ക് കാരണമാകുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ സ്ക്രീനുകള്‍ എന്തുചെയ്യുന്നു എന്നതിലുപരി അവ റീപ്ലേസ് ചെയ്യുന്നത് എന്തിനെയാണെന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. കുട്ടികളിലെ സര്‍ഗാല്‍മകത, ആശയവിനിമയത്തിനുള്ള കഴിവ്, തുടങ്ങിയ വ്യക്തിത്വ വികാസത്തിനുതകുന്ന എല്ലാ കഴിവുകളും നഷ്ടപ്പെടുത്തുകയാണ് ഈ സ്ക്രീനുകള്‍...പക്ഷേ ഒരു ബാലന്‍സ് കൊണ്ടുവന്നാല്‍ മികച്ച ഒരു തലമുറയെ നമുക്ക് വാര്‍ത്തെടുക്കാം. അപകടസാധ്യതകളുണ്ടെങ്കിലും ചിന്താപൂര്‍വം ഉപയോഗിച്ചാല്‍ ഡിജിറ്റല്‍ രംഗത്ത് യഥാര്‍ഥ നേട്ടങ്ങള്‍ കൊയ്യാം.
സ്ക്രീനുകള്‍ ആസക്തിയുണ്ടാക്കുന്നതിന് കാരണം
നോട്ടിഫിക്കേഷനുകള്‍, അലേര്‍ട്ടുകള്‍, ലൈക്കുകള്‍, വര്‍ണാഭമായ ആനിമേഷനുകള്‍ എന്നിവയിലൂടെ തലച്ചോറിലെ ഫീല്‍ ഗുഡ് കെമിക്കല്‍ ആയ ഡോപമൈന്‍ ചെറിയ അളവില്‍ നമുക്ക് ലഭിക്കുന്നു. ഇത് പൂര്‍ണമായും വിലക്കാതെ സൃഷ്ടിപരമായ ഉള്ളടക്കമാണോ കുട്ടികള്‍ കാണുന്നത് എന്ന് ഉറപ്പാക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം.
മാതൃകയാക്കാം സിംഗപ്പൂര്‍ സ്റ്റൈല്‍
ലോകമെമ്പാടുമുള്ള മാതാപിതാക്കള്‍ക്ക് അമിതമായ സ്ക്രീന്‍ സമയം ഒരു തലവേദനയായി മാറുമ്പോള്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ ഒരു ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ്. ആരോഗ്യകരമായ ജീവിതശൈലി പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ 18 മാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് സ്ക്രീന്‍ ഉപയോഗം പൂര്‍ണമായി നിരോധിക്കാനും ആറുവയസുവരെയുള്ള കുട്ടികളില്‍ അധ്യാപന, പഠന ആവശ്യങ്ങള്‍ക്ക് മാത്രമായി സ്ക്രീന്‍ ടൈം പരിമിതപ്പെടുത്താനും നിയമങ്ങള്‍ സ്കൂളുകളില്‍ നടപ്പാക്കി. പുതിയ ദേശീയ ആരോഗ്യ പ്രോല്‍സാഹന തന്ത്രമായ ഗ്രോവെല്‍ എസ്.ജിയുടെ ഭാഗമാണ് ഈ നടപടികള്‍.
മാറുന്ന കാലത്തിനൊപ്പമുള്ള സഞ്ചാരത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് ശാരീരികവും വൈജ്ഞാനികവുമായ വികാസത്തിനുതകുന്ന ഒരു ജീവിതരീതിയാണ് നല്‍കേണ്ടത്. ഇലക്ട്രിസിറ്റിയേക്കാള്‍ വേഗത്തില്‍ ഇന്‍റര്‍നെറ്റ് ആക്സസബിള്‍ ആകുന്ന ഈ ഡിജിറ്റല്‍ യുഗത്തില്‍ വിദഗ്ധമായ തീരുമാനമെടുക്കാനുള്ള കഴിവാണ് ഉണ്ടാകേണ്ടത്. അതാകട്ടെ ഹെല്‍ത്തി പേരന്റിങ്. സാങ്കേതിക വിദ്യയെ പഴിക്കാതെ കൃത്യമായ അതിരുകള്‍ പാലിച്ചുള്ള ഉപയോഗമാണ് നടപ്പാക്കേണ്ടത്.