AI Image
കുട്ടികളിലെ ഉറക്കക്കുറവ് ക്രമേണെ ശരിയായിക്കോളും എന്ന് കരുതുന്നവരാണ് ഏറെയും. എന്നാല്‍ കാലക്രമത്തില്‍ ഇത് ശരിയാവുകയല്ല, വഷളാവുകയാണ് ചെയ്യുന്നതെന്നും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്റ്റാന്‍ഫഡ് സൂയിസൈഡ് പ്രിവന്‍ഷന്‍ റിസര്‍ച്ച് ലബോറട്ടറി നടത്തിയ പഠനത്തിലാണ് ആശങ്കപ്പെടുത്തുന്ന കണ്ടെത്തല്‍.
AI Image
ഉറക്കക്കുറവുള്ള പത്തുവയസ് പ്രായമുള്ളവര്‍ക്ക് ഇതേപ്രായത്തിലെ മറ്റു കുട്ടികളെ അപേക്ഷിച്ച് 2.7 ഇരട്ടി ആത്മഹത്യാപ്രവണതയുള്ളവരായേക്കാമെന്നും രണ്ട് വര്‍ഷത്തിനുള്ളിലെങ്കിലും അത്തരം ശ്രമങ്ങള്‍ക്ക് തുനിയാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. കുട്ടിക്കാലത്ത് ഉറക്കക്കുറവുണ്ടായിരുന്ന മൂന്നിലൊരാള്‍ക്ക് വീതം പില്‍ക്കാലത്ത് ആത്മഹത്യ പ്രവണതയുണ്ടായെന്ന വെളിപ്പെടുത്തലും റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നു. യുവാക്കളിലെ ആത്മഹത്യ വര്‍ധിക്കുന്നതില്‍ ഒരു പ്രധാനകാരണം ഉറക്കക്കുറവാണെന്നും ഡോക്ടര്‍ റെബേക്ക ബെര്‍നറ്റ് പറയുന്നു. അതുകൊണ്ട് കുട്ടികളില്‍ ഉറക്കക്കുറവുള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികില്‍സ ലഭ്യമാക്കണമെന്നും പഠനം നിര്‍ദേശിക്കുന്നു.
10 വയസ് മുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികളിലെ മരണകാരണങ്ങളില്‍ പ്രധാനവും ആത്മഹത്യയാണെന്ന് പഠനങ്ങള്‍ പറയുന്നു. ഇതിന് മുഖ്യകാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നതും ഉറക്കക്കുറവിനെ തന്നെയാണ്. യുഎസിലെ 21 സ്ഥലങ്ങളിലെ 8800 കൗമാരക്കാരിലാണ് പഠനം നടത്തിയത്. അമിതമായ ഉറക്കം, ഉറക്കത്തില്‍ ഞെട്ടി എഴുന്നേല്‍ക്കല്‍, എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കെ ഉറങ്ങി വീഴല്‍, ഉറക്കത്തിലെ ശ്വാസ തടസങ്ങള്‍, ഉറക്കത്തില്‍ അമിതമായി വിയര്‍ത്തൊഴുകല്‍, പാതിയുറക്കത്തിലെ സ്വഭാവരീതികള്‍ തുടങ്ങിയവയാണ് പഠന–നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയത്.
AI Image
പഠനത്തില്‍ പങ്കെടുത്ത 91.3 ശതമാനം കുട്ടികളും ഉറക്കക്കുറവുള്ളവരായിരുന്നില്ല. എന്നാല്‍ ആത്മഹത്യാപ്രവണതയുള്ളതായി വെളിപ്പെടുത്തിയവരെല്ലാം ഏതെങ്കിലുമൊരു തരത്തില്‍ ഉറക്കമില്ലായ്മ അനുഭവിക്കുന്നവരായിരുന്നു. വിഷാദം, ഉത്കണ്ഠ, കുടുംബ പ്രശ്നങ്ങള്‍, കുടുംബത്തിലുള്ളവര്‍ക്കുണ്ടായ വിഷാദം തുടങ്ങിയവ കുട്ടികളിലെ ആത്മഹത്യാപ്രവണതയ്ക്ക് കാരണമാകുന്നതായി കണ്ടെത്തി. ഉറക്കത്തില്‍ പതിവായി ദുഃസ്വപ്നങ്ങള്‍ കാണുന്ന കുട്ടികളില്‍ സാധാരണ കുട്ടികളെ അപേക്ഷിച്ച് അഞ്ചിരട്ടിയാണ് ആത്മഹത്യാ പ്രവണതയെന്നും റിപ്പോര്‍ട്ട് പറയുന്നു.